Connect with us

Qatar

അനധികൃത താമസക്കാര്‍: 60 ശതമാനവും കമ്പനികളുടെ വീഴ്ച കാരണം

Published

|

Last Updated

ദോഹ: രാജ്യത്ത് പ്രവാസികള്‍ നിയമവിരുദ്ധരായി ജീവിക്കേണ്ടി വരുന്നതിന്റെ കാരണങ്ങളില്‍ 60 ശതമാനവും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റ് കാരണമാണെന്ന് നിയമവിദഗ്ധര്‍. തൊഴിലാളികളുടെ വീഴ്ചകള്‍ 40 ശതമാനമാണെന്നും ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയമ, മാനവവിഭവ വിദഗ്ധ അംബിക ഖത്രി പറഞ്ഞതായി ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
തൊഴില്‍ നിയമത്തെ സംബന്ധിച്ച അജ്ഞത വലിയൊരു കാരണമാണ്. സ്വന്തം രാജ്യത്തെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ഇരകളായി മാറുന്ന വലിയൊരു വിഭാഗമുണ്ട്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കാശ് തട്ടിയെടുക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം, തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി റിക്രൂട്ട്‌മെന്റ് നടത്തി തൊഴിലാളിയെ കുഴപ്പത്തില്‍ ചാടിക്കുന്ന തൊഴിലുടമകളുമുണ്ട്. ഇത്തരം കമ്പനികളെ കണ്ടെത്തി നിയമനടപടിക്ക് ഖത്വര്‍ സര്‍ക്കാര്‍ വിധേയമാക്കുന്നുണ്ട്. മൂന്ന് മാസത്തിനികം ഐ ഡി കാര്‍ഡ് നടപടിക്രമങ്ങള്‍ തൊഴിലുടമകള്‍ പൂര്‍ത്തിയാക്കാത്തതാണ് നിയമവിരുദ്ധ തൊഴിലാളികള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം. 90 ദിവസത്തിനകം വിസ, ഐ ഡി നടപടിക്രമങ്ങള്‍ തൊഴിലുടമകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കാലാവധിക്ക് ശേഷമുള്ള ഓരോ ദിവസത്തിനും പിഴ അടക്കേണ്ടിവരും.
രാജ്യത്തെത്തിയ ശേഷം വാഗ്ദാനം ചെയ്ത ജോലിയല്ലെന്ന് തിരിച്ചറിയുകയും ഓടിപ്പോകുന്നവരുമുണ്ട്. ചിലപ്പോള്‍ തൊഴിലുടമയെ അറിയിക്കാതെ മറ്റ് ജോലികളില്‍ ചേരുന്നവരുമുണ്ട്. ഇവരെയും ഓടിപ്പോയവരായാണ് കണക്കാക്കുന്നത്. ഇത്തരം നിയമവിരുദ്ധ തൊഴിലാളികളെ വെച്ച് മുന്നോട്ടുപോകുന്ന കമ്പനികളുമുണ്ട്. ഇവരാണ് ചൂഷണത്തിന് വിധേയരാകുന്നവരില്‍ അധികവും. ഭീഷണിയില്‍ നിര്‍ത്തി കുറഞ്ഞവേതനത്തിന് കൂടുതല്‍ ജോലി ചെയ്യിക്കാനും ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനും കമ്പനികള്‍ ശ്രമിക്കുന്നു. വലിയ പിഴ അടക്കേണ്ടിവരുമെന്ന ഭയം കാരണം കാലങ്ങളോളം നിയമവിരുദ്ധരായി കഴിയാന്‍ നിര്‍ബന്ധിതരാകുന്നവരാണ് അധികവും. പിഴയടക്കാനോ രാജ്യം വിടാനോ അധികൃതര്‍ക്ക് കീഴടങ്ങാനോ ഇവര്‍ക്ക് സാധിക്കാതെ വരുന്നു.
ഇതിനെല്ലാം പരിഹാരമാണ് പൊതുമാപ്പ് ആനുകൂല്യമെന്നും തൊഴില്‍ വിപണിയെ ശുദ്ധീകരിക്കുകയാണ് ഇതിലൂടെയുണ്ടാകുന്നതെന്നും അംബിക കൂട്ടിച്ചേര്‍ത്തു.

Latest