Connect with us

Kerala

ഐഎസ്എല്‍: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം തോല്‍വി

Published

|

Last Updated

കൊച്ചി: ഇരമ്പിയാര്‍ക്കാന്‍ പതിനായിരങ്ങളെത്തിയിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട ഉണര്‍ന്നില്ല. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് മുന്നിലും തലകുനിച്ച് സ്റ്റീവ് കോപ്പലും താരങ്ങളും കളം വിട്ടു. ജാവി ലാറ നേടിയ ഏക ഗോളിന് ജയിച്ച് കൊല്‍ക്കത്ത ഐ എസ് എല്‍ മൂന്നാം സീസണിലെ ആദ്യ ജയം കൊച്ചിയില്‍ കുറിച്ചു. ആദ്യകളിയില്‍ നോര്‍ത്ത് ഈസ്റ്റിനോടും ഇതേ മാര്‍ജിനില്‍ തോറ്റ കേരളം കഴിഞ്ഞ സീസണിലേത് പോലെ തുടക്കത്തിലേ നിരാശയില്‍ മുങ്ങുകയാണ്. ആദ്യകളിയില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരെ സമനില പിടിച്ച കൊല്‍ക്കത്തക്ക് രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റായി.
ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജാവി ലാറയുടെ ഗോളില്‍ അത്‌ലറ്റിക്കോ മത്സരം പൂര്‍ണമായും വരുതിയിലാക്കി. ഇടത് വിംഗില്‍ പിടഞ്ഞു കളിച്ച ലാറ അര്‍ഹിക്കുന്നു ഈ ഗോള്‍. ഡി സര്‍ക്കിളിന് പുറത്ത് നിന്ന് ലാറ തൊടുത്ത ഷോട്ട് ജിങ്കാന്റെ ദേഹത്ത് തട്ടി തെന്നിമാറിയാണ് വലയില്‍ കയറിയത്. അതുവരെ മികച്ചു നിന്ന ഗോളി ഗ്രഹാം സ്റ്റാക്ക് നിസഹായനായി.
തിരിച്ചടിക്കാന്‍ ഇരമ്പിക്കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍ ഭാവനാശൂന്യമായിരുന്നു. കൊല്‍ക്കത്തയാകട്ടെ മികച്ച പ്രതിരോധവും മധ്യനിരയില്‍ നിന്നുള്ള ലോംഗ് ബോളുകളുമായി തങ്ങള്‍ക്ക് വ്യക്തമായ ഗെയിം പ്ലാനുണ്ടെന്നറിയിച്ചു കൊണ്ടിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് 4-4-2

കോച്ച് സ്റ്റീവ് കോപല്‍ രണ്ട് സ്‌ട്രൈക്കര്‍മാരെ നിരത്തി. ഹെയ്തിയുടെ ഡക്കന്‍സ് നാസനും ഇംഗ്ലണ്ടിന്റെ അന്റോണിയോ ജെര്‍മനും. മധ്യനിരയില്‍ ഇടത് വിംഗില്‍ മുഹമ്മദ് റഫീഖും വലത് വിംഗില്‍ ഫാറൂഖ് ചൗധരിയും. മധ്യനിര നിയന്ത്രിക്കാനുള്ള പൂര്‍ണ ചുമതല മെഹ്താബ് ഹൂസൈനും സെനഗലിന്റെ എല്‍ഹാദിക്കും. പ്രതിരോധത്തില്‍ സെന്റര്‍ ബാക്കില്‍ സന്ദേശ് ജിങ്കാനും ക്യാപ്റ്റന്‍ സെഡ്രിച് ഹെംഗ്ബര്‍ടും. ഇടത് വിംഗില്‍ സ്പാനിഷ് താരം ജോസു കുരിയാസും വലത് വിംഗില്‍ പ്രതീക് ചൗദരിയും. ഗോള്‍വല കാത്തത് പരിചയ സമ്പന്നനായ ഗ്രഹാം സ്റ്റാക്ക്.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത 4-5കോച്ച് ജോസ് ഫ്രാന്‍സിസ്‌കോ മൊളീന മധ്യനിരക്കാണ് പ്രാധാന്യം നല്‍കിയത്. അഞ്ച് പേരാണ് ഏക സ്‌ട്രൈക്കര്‍ പോര്‍ച്ചുഗലിന്റെ ഹെല്‍ഡര്‍ പോസ്റ്റിഗക്ക് പിറകില്‍ അണിനിരന്നത്. രണ്ടാം സ്‌ട്രൈക്കറുടെ റോളായിരുന്നു കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിന്. ഇടത് വിംഗില്‍ സ്പാനിഷ് താരം ജാവിയര്‍ ലാറയും വലത് വിംഗില്‍ ദക്ഷിണാഫ്രിക്കയുടെ സമീഹ് ദൗത്തിയും. മധ്യഭാഗത്ത് ജുവെല്‍ രാജ ഷെയ്കും ക്യാപ്റ്റന്‍ ബോറി ഫെര്‍നാണ്ടസും. പ്രതിരോധത്തില്‍ നാല് പേര്‍. ഇടത് വിംഗില്‍ പ്രബിര്‍ ദാസും വലത് വിംഗില്‍ പ്രിതം കോത്തലും. സെന്റര്‍ബാക്കില്‍ ജോസ് അരായോയും അര്‍നാബ് മൊണ്ടലും. ദേബ്ജിത് മജൂംദറാണ് വല കാത്തത്.

ജോസുവിനെ ഡിഫന്‍സിലിട്ട് കൊന്നു !

സ്പാനിഷ് അറ്റാക്കര്‍ ജോസു കുരിയാസിന്റെ പ്രത്യേകത തന്നെ വേഗതയാണ്. ആ വേഗമായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ വിംഗുകള്‍ക്ക് ഇല്ലാതിരുന്നത്. മാര്‍ക്വു താരം ഹ്യൂസ് നാട്ടിലേക്ക് മടങ്ങിയതോടെ പ്രതിരോധത്തില്‍ വന്ന ഒഴിവിലേക്കാണ് കോച്ച് സ്റ്റീവ് പരിഗണിച്ചത്. പന്ത് കാലില്‍ കിട്ടിയപ്പോഴെല്ലാം ജോസു കുതിച്ചു. വണ്‍ ടച് പാസ് കളിക്കുവാനുള്ള ജോസുവിന്റെ ശ്രമങ്ങള്‍ക്ക് മധ്യനിരയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചതുമില്ല. ജോസു തന്നിലെ അറ്റാക്കറെ പുറത്തെടുത്ത് ഹാഫ് പിന്നിടുമ്പോള്‍ ഗ്യാലറിയില്‍ ആരവും ഉയരും. എന്നാല്‍, ഡിഫന്‍സില്‍ ഹെംഗ്ബര്‍ട്ടിന്റെ ചങ്കിടിപ്പേറുന്നതും കാണാമായിരുന്നു. ഈ തക്കത്തില്‍ ഹ്യൂമും പോസ്റ്റിഗയും ഹാഫിന് മുകളിലേക്ക് കയറി വരും. ജോസുവിന്റെ കാലില്‍ നിന്ന് പന്ത് നഷ്ടമായ ഉടനെ അത്‌ലറ്റിക്കോ പ്രത്യാക്രമണം പ്ലാന്‍ ചെയ്യും. പലപ്പോഴും ഭാഗ്യം കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടത്.

പന്തുകളെല്ലാം
ദൗത്തിയിലേക്ക്….

നാലാം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ദൗര്‍ബല്യം കൊല്‍ക്കത്ത കോച്ച് മൊളീനയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇടത് വിംഗില്‍ ജോസു കയറിക്കളിച്ചപ്പോള്‍ മഞ്ഞപ്പടയുടെ പ്രതിരോധം മൂന്ന് പേരിലേക്ക് ചുരുങ്ങി. ജോസുവില്‍ നിന്ന് പന്ത് തട്ടിയെടുത്താല്‍ ആ വിംഗിലൂടെ പ്രത്യാക്രമണത്തിന് വലിയ സാധ്യത. വലത് വിംഗില്‍ സമീഹ് ദൗത്തിയിലേക്ക് പന്തെത്തിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പതറുമെന്നും കോച്ച് മൊളീനക്ക് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീട് മിഡ്ഫീല്‍ഡില്‍ ക്യാപ്റ്റന്‍ ബോയ ഫെര്‍നാണ്ടസ് ഗെയിം പ്ലാന്‍ ചെയ്തത്. തുടരെ ക്രോസ് ബോളുകള്‍ ദൗത്തിയുടെ കാലുകളിലേക്ക് പറന്നെത്തി. മിക്ക പന്തും തെന്നിപ്പോകാതെ കൃത്യമായി തന്റെ നിയന്ത്രണത്തിലാക്കുവാനും ദക്ഷിണാഫ്രിക്കന്‍ വിംഗര്‍ക്ക് സാധിച്ചു. ഇരുപത്തിരണ്ടാം മിനുട്ടില്‍ കൊല്‍ക്കത്തയുടെ പദ്ധതിപ്രകാരം ദൗത്തിയുടെ കുതിപ്പില്‍ ഗോളിന് സുവര്‍ണാവസരം. ഹെംഗ്ബര്‍ടില്‍ നിന്ന് പന്ത് തട്ടിയെടുത്ത ദൗത്തി ബോക്‌സിനുള്ളിലേക്ക് കയറി നല്‍കിയ ക്രോസ് ബോള്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സ്റ്റാക്കിനും ജിങ്കാനും ക്ലിയര്‍ ചെയ്യാന്‍ സാധിച്ചില്ല. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടാന്‍ സ്‌ട്രൈക്കര്‍ പോസ്റ്റിഗക്ക് ഓടിയെത്താന്‍ സാധിക്കാഞ്ഞത് മഞ്ഞപ്പടക്ക് സൂപ്പര്‍ ലോട്ടറിയായി.

ഗോള്‍ തേടി “പകര”പ്പരീക്ഷണം
ഗോള്‍ മടക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങള്‍ ഫലിക്കാതെ വന്നതോടെ സ്റ്റീവ് കോപ്പല്‍ നിര്‍ണായക സബ്സ്റ്റിറ്റിയൂഷന്‍ നടത്തി. തീര്‍ത്തും നിറം മങ്ങിയ ഫാറൂഖ് ചൗധരിയെ പിന്‍വലിച്ച് ഹെയ്തി സ്‌ട്രൈക്കര്‍ കെല്‍വന്‍സ് ബെല്‍ഫര്‍ട്ടിനെ കളത്തിലിറക്കാന്‍ തീരുമാനിച്ചു. ആറ് വിദേശതാരങ്ങള്‍ കളത്തിലുണ്ടെന്ന സാങ്കേതികത മറികടക്കാന്‍ ഗോളി ഗ്രഹാം സ്റ്റാക്കിനെ അറുപത്തഞ്ചാം മിനുട്ടില്‍ പിന്‍വലിച്ചു. പകരം സന്ദീപ് നന്ദിയെ കളത്തിലിറക്കി. മൂന്ന് മിനുട്ടിനുള്ളില്‍ കോപ്പല്‍ ആഗ്രഹിച്ചത് പോലെ ചൗദരിയെ പിന്‍വലിച്ച് ബെല്‍ഫര്‍ട് രംഗത്തെത്തി. മുന്നേറ്റനിരയെ ഉണര്‍ത്താന്‍ ഡക്കന്‍സിനെ പിന്‍വലിച്ച് സന്നാഹ മത്സരത്തില്‍ സ്‌കോര്‍ ചെയ്ത് മികവറിയിച്ച മൈക്കല്‍ ചോപ്രയെയും കളത്തിലിറക്കി.

 

Atletico de Kolkata players celebrates a goal during match 5 of the Indian Super League (ISL) season 3 between Kerala Blasters FC and Atletico de Kolkata held at the Jawaharlal Nehru Stadium in Kochi, India on the 5th October 2016. Photo by Vipin Pawar / ISL/ SPORTZPICS

ഇങ്ങനെ മതിയോ ബ്ലാസ്റ്റേഴ്‌സ്….

ഈ ടീം, ഈ കളിയുമായി മുന്നോട്ട് പോയാല്‍ ഇഷ്ടപ്രേമികള്‍ കൈവിടും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രതിരോധമാണ് വലിയ പ്രശ്‌നം. സന്ദേശ് ജിങ്കനും ഹെംഗ്ബര്‍ടും സെന്റര്‍ബാക്കില്‍ നില്‍ക്കുമ്പോള്‍ ഒരു ഗ്യാരണ്ടിയുമില്ല. അതിവേഗ നീക്കത്തില്‍ കാലിടറിപ്പോകുമെന്ന് ഉറപ്പ്. വലത് വിംഗില്‍ പ്രതീക് ചൗദരിയും ശരാശരിപ്രകടനം. ഇടത് വിംഗില്‍ ജോസു കുരിയാസ് തന്റെ പൊസിഷനോട് നീതി പുലര്‍ത്തിയില്ലെങ്കിലും കളം നിറഞ്ഞു കളിക്കാന്‍ പരിശ്രമിച്ചിരുന്നു. മധ്യനിരയില്‍ മെഹ്താബ് ഹുസൈന്‍ സൂപ്പര്‍ ഫ്‌ളോപ്. പിറകിലേക്കിറങ്ങി പന്തെടുക്കാനും അത് കണക്ട് ചെയ്ത് കളിക്കാനും മെഹ്താബ് പഠിക്കേണ്ടിയിരിക്കുന്നു. ഫാറൂഖ് ചൗദരിയും ഇടത് വിംഗില്‍ മുഹമ്മദ് റഫീഖും അത്ര ഇഫക്ടീവായില്ല. റഫീഖ് അല്‍പ്പം വേഗക്കുതിപ്പ് പുറത്തെടുക്കുമ്പോള്‍ പന്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഓടി വീഴും. അന്റോണിയോ ജര്‍മനും ഡക്കന്‍സും ലഭിച്ച അവസരങ്ങളില്‍ ഗ്യാലറിയെ കൈയ്യിലെടുത്തു. ഫിനിഷിംഗില്‍ തിളങ്ങിയിരുന്നെങ്കില്‍ കഥ മാറിയേനെ. ഇവര്‍ക്ക് വേണ്ട പിന്തുണ നല്‍കാന്‍ പോന്ന മധ്യനിര ബ്ലാസ്റ്റേഴ്‌സിന്റെ വലിയ പോരായ്മയാണ്.

Latest