Connect with us

Articles

ഗാന്ധിജിയെ വീഴ്ത്താനും വാഴ്ത്താനും അവരുണ്ട്

Published

|

Last Updated

സ്വതന്ത്ര ഇന്ത്യ അതിന്റെ ഏറ്റവും അസഹിഷ്ണുത നിറഞ്ഞ കാലഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നത്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് മതത്തിന്റെ ഏറ്റവും വൈകാരികമായ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും അതുവഴി വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വലിയ “സാധ്യതകള്‍” കാണുകയുമാണ് ഭരണകൂട വ്യവസ്ഥിതി. പശുവും പള്ളിയും അമ്പലവും ആരാധനകളുമെല്ലാം അങ്ങനെയാണ് മെല്ലെ മെല്ലെ കത്തിത്തുടങ്ങുന്നതും പൊതുബോധത്തിന്റെ ചര്‍ച്ചകളിലേക്ക് അതിക്രമിച്ചുവരുന്നതും. ഗാന്ധിജിയും നെഹ്‌റുവും അംബേദ്കറും ചെത്തിമിനുക്കിയെടുത്ത് രൂപം നല്‍കണമെന്ന് കിനാവ് കണ്ടിരുന്ന ഭാരതത്തിന്റെ നിലവിലെ സാഹചര്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കോ ദളിതരുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കോ അനുയോജ്യമല്ലാതായി സാവധാനം മാറിത്തുടങ്ങിയിട്ടുണ്ട്. താന്‍ സ്വപ്‌നം കണ്ട ഇന്ത്യയുടെ രൂപവത്കരണത്തിന് വിത്തുപാകുമ്പോഴേക്കും മതാന്ധത ബാധിച്ചവര്‍ രാഷ്ട്രപിതാവെന്ന് ഇന്ത്യ വിളിക്കുന്ന മഹാത്മാ ഗാന്ധിയെ വെടിയുണ്ടകള്‍ കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. അതിന് ശേഷം പതിറ്റാണ്ടുകളിലൂടെ കടന്നുപോയ ഇന്ത്യയുടെ സ്ഥിതിവിശേഷങ്ങള്‍ ഒരിക്കലും ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കോ ദളിതുകള്‍ക്കോ പൊറുക്കാവുന്നതായിരുന്നില്ല. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും പാഴ്‌സിയും ജൈനനും ഒരു രാജ്യത്തിന്റെ വൈവിധ്യ സംസ്‌കാരങ്ങള്‍ പേറുന്നവരാണെന്ന് സ്വതന്ത്ര ഭാരതത്തോട് വിളിച്ചുപറഞ്ഞ ഗാന്ധിജിയെ തന്നെ ഇല്ലാതാക്കിക്കൊണ്ടാണ് ഇവിടുത്തെ അസഹിഷ്ണുത നിറഞ്ഞാടിയത്. 1948 ജനുവരി 30നാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. ലോകം ഞെട്ടിവിറച്ച ആ സംഭവത്തിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരിക്കുന്നു. ജനുവരി 30നും ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിനും മതേതരത്വത്തിലും ജനാധിപത്യത്തിലും പരസ്പര സൗഹാര്‍ദത്തിലും കഴിയണമെന്നാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാര്‍ രാഷ്ട്രപിതാവിന്റെ ഓര്‍മകള്‍ പുതുക്കുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം എന്ന പരിധിയില്‍ നിന്ന് പുറത്തുചാടുകയും ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളെ പ്രതിസ്ഥാനത്ത് നിറുത്തി നിരന്തരം കല്ലെറിയുകയും ചെയ്യുന്ന ചിലര്‍ ഗാന്ധിജിയെ പുറംകാലുകൊണ്ട് തട്ടുകയും പകരം ഗാന്ധിജിയുടെ കൊലയാളിയുടെ പേരില്‍ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നിടത്താണ് സമകാലിക ഇന്ത്യ എത്തിനില്‍ക്കുന്നത്. ~നേരത്തെ അത്തരം ചില പ്രകടനങ്ങള്‍ പരമാവധി രഹസ്യ സ്വഭാവത്തോടെ ചെയ്തിരുന്നത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പരസ്യമായി തന്നെ ചെയ്തു തുടങ്ങിയെന്നതും ജനാധിപത്യ വിശ്വാസികളുടെ ആലോചനാ വിഷയമായി മാറേണ്ടിയിരിക്കുന്നു.
ഇവര്‍ക്ക് ഒരേസമയം, ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ഘാതകനെയും മുഖവിലക്കെടുക്കേണ്ടി വരുന്നുവെന്നതാണ് ഏറ്റവും വിരോധാഭാസം. അതുകൊണ്ടാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ചില നേതാക്കള്‍ ഒക്‌ടോബര്‍ രണ്ടിന് ഗാന്ധി സമാധിയിലെത്തി പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ അതേ ചേരിയിലെ മറ്റൊരു വിഭാഗം ഗോഡ്‌സെക്ക് വേണ്ടി ഉറക്കെ ഉറക്കെ ജയ്‌വിളികള്‍ നടത്തുന്നത്. ഏക ആശയത്തിന് കീഴില്‍ ഒരുമിച്ചുനില്‍ക്കുന്നവര്‍, അധികാരത്തെ ഉപയോഗപ്പെടുത്തി ഒരേ സമയം വ്യത്യസ്തവും വൈരുധ്യങ്ങളുമായ രണ്ട് ആസൂത്രിത ഇടപെടലുകള്‍ നടത്തുകയാണ് ഇവിടെ. ജനാധിപത്യ സംവിധാനങ്ങള്‍ അതിന്റെ ഊര്‍ദ്ധശ്വാസം വലിക്കാറായിട്ടില്ലെന്നും ഇനിയും അതിനെ ഉപാസിക്കുന്നവര്‍ സ്വതന്ത്ര ഇന്ത്യയില്‍ വേരുറപ്പിച്ച് നില്‍ക്കുന്നുണ്ടെന്നുമുള്ള “അസ്വസ്ഥത” നിറഞ്ഞ നഗ്ന യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഭരണകൂടത്തിലെ ചിലരെങ്കിലും നിര്‍ബന്ധിതരായതു കൊണ്ടായിരിക്കണം ഗാന്ധി ജയന്തി ദിവസം അദ്ദേഹത്തെ കുറച്ച് പൂക്കള്‍ കൊണ്ടെങ്കിലും അംഗീകരിക്കാന്‍ അവര്‍ മുന്നോട്ടുവരുന്നത്.
ഗാന്ധി വധത്തില്‍ ആര്‍ എസ് എസിന് ഒരു പങ്കുമില്ലെന്നാണ് ഇപ്പോഴും അവര്‍ വാദിക്കുന്നത്. ഗോഡ്‌സെയുമായുള്ള മുഴുവന്‍ ബന്ധങ്ങളും അവര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. അതായത്, ഗോഡ്‌സെക്ക് ആര്‍ എസ് എസിന്റെ ഔദ്യോഗിക അംഗത്വമില്ലായിരുന്നു. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍ സാങ്കേതികമായി അവര്‍ക്ക് ഗാന്ധിവധത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പഴുതുകള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് ചുരുക്കം. അതേസമയം ആന്തരികമായി ഗാന്ധിവധത്തില്‍ ഏറെ ആഹ്ലാദം പ്രകടിപ്പിക്കാനും അവര്‍ തയ്യാറായി. സര്‍ദാര്‍ പട്ടേല്‍ എസ് പി മുഖര്‍ജിക്കും എം എസ് ഗോള്‍വാര്‍ക്കര്‍ക്കും അയച്ച കത്തില്‍ ഇതിനെ സംബന്ധിച്ച് എഴുതുന്നു: “വര്‍ഗീയ വിഷമാണ് അവരുടെ(ആര്‍ എസ് എസ്) നേതാക്കളെല്ലാവരും പ്രസംഗിച്ചിരുന്നത്. അതിന്റെ അവസാനമെന്നോണം വിഷമയമായ അന്തരീക്ഷം സൃഷ്ടിക്കപെട്ടു, അതാണ് ദാരുണമായ വധം സാധ്യമാക്കിത്തീര്‍ത്തത്. ആര്‍ എസ് എസുകാര്‍ മധുരം വിതരണം ചെയ്ത് ഗാന്ധിവധത്തിന് ശേഷം തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു”. അതായത് സ്വതന്ത്ര ഇന്ത്യയില്‍ വര്‍ഗീയവാദികള്‍ ലക്ഷ്യംകണ്ട ഏറ്റവും വലിയ പദ്ധതികളിലൊന്നായിരുന്നു രാഷ്ട്രപിതാവിന്റെ വധം. അടുത്തിടെ രാഹുല്‍ ഗാന്ധി, രാഷ്ട്രപിതാവിന്റെ വധവുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമര്‍ശങ്ങള്‍ സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്. ഗാന്ധിജിയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ആര്‍ എസ് എസിനെ പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമവ്യവസ്ഥകളുടെ പിന്തുണയോടെ ഈ വിഷയത്തില്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയുമുണ്ടായി.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ചില സംഭവവികാസങ്ങള്‍ക്ക് ഇക്കഴിഞ്ഞ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യക്കാര്‍ സാക്ഷ്യം വഹിക്കേണ്ടിവന്നു. നേരത്തെ നിരവധി തവണ വിവാദപരവും കടുത്ത അസഹിഷ്ണുത നിറഞ്ഞതുമായ പ്രസ്താവനകളുമായി രംഗത്തെത്തിയ ലോക് സഭാംഗം സ്വാധി പ്രാചി നടത്തിയ പ്രഖ്യാപനം നിലവില്‍ കേന്ദ്രം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഗാന്ധിയോടുള്ള സമീപനങ്ങള്‍ വ്യക്തമാക്കുന്നതാണെന്ന് വിമര്‍ശകര്‍ ഉന്നയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. രാഷ്ട്രപിതാവായി രാജ്യം ആദരിക്കുന്ന മഹാത്മാ ഗാന്ധിയെ താനൊരിക്കലും മാതൃകയാക്കിയിട്ടില്ലെന്നും, ഗാന്ധിജിക്ക് പകരം താന്‍ വണങ്ങുന്നത് നാഥുറാം ഗോഡ്‌സെയെ ആണെന്നും അവര്‍ പരസ്യമായി വിളിച്ചുപറഞ്ഞു. ഇതേ അവസരത്തില്‍ തന്നെയാണ് സ്വാധി പ്രാചി പ്രതിനിധാനം ചെയ്യുന്ന ഭരണകൂട വിഭാഗത്തിലെ മറ്റൊരു പ്രതിനിധി ഗാന്ധിജയന്തി ദിവസം അദ്ദേഹത്തിന് വേണ്ടി പുഷ്പങ്ങള്‍ വിതറുന്നതും. ഒരു ഭാഗത്തുനിന്ന് ഗാന്ധി വധത്തിന്റെ പാപഭാരം മറ്റാരുടെയോ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുന്നതിന് വഴിയാലോചിക്കുമ്പോള്‍ തന്നെ മറ്റൊരു വശത്ത് ഗാന്ധി ഘാതകനെ മാതൃകയായി പ്രഖ്യാപിക്കേണ്ടിവരികയും ചെയ്യുക. എന്തായാലും ഫാസിസത്തെയും വര്‍ഗീയവാദത്തെയും മതവിദ്വേഷത്തെയും എതിര്‍ക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിന്റെ സാന്നിധ്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നതിനാല്‍ അത്തരം ചില പാപങ്ങളുടെ കുറ്റമൊഴിയാന്‍ എളുപ്പത്തില്‍ ആര്‍ക്കുമാകില്ലെന്നുറപ്പാണ്.
ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍ എസ് എസിന്റെ ശാഖകളുടെ നേതൃത്വത്തില്‍ മധുര പലഹാര വിതരണം നടന്നിരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ചില ആര്‍ എസ് എസുകാര്‍ തന്നെ മധുരം വിതരണം ചെയ്തതിനെപ്പറ്റി ഇ കെ നായനാര്‍ മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. അതായത് മധുര വിതരണം നടത്തേണ്ട സന്തോഷകരമായ ഒന്നായിരുന്നു ആര്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം ഗാന്ധിയുടെ വധമെന്നല്ലേ ഇതില്‍ നിന്ന് വ്യക്തമാകുക? അതുകൊണ്ടുതന്നെയാണ് ഗാന്ധിഘാതകനായ ഗോഡ്‌സെയെ ദേശനായകനായി പ്രഖ്യാപിച്ച്, അദ്ദേഹത്തെ കുറിച്ച് ഇന്ത്യയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള അമേരിക്കയിലെ ഗ്‌ളോബല്‍ ഹിന്ദു ഫൗണ്ടേഷന്‍ ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്കും ഇതു സംബന്ധിച്ച് ഇവര്‍ നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഗാന്ധി വധത്തിന്റെ മുഖ്യ സൂത്രധാരകനും കേസിലെ എട്ടാം പ്രതിയുമായിരുന്ന വി ഡി സവര്‍ക്കറുടെ ചിത്രം ഇപ്പോള്‍ ഇന്ത്യന്‍ പാര്‍ലിമെന്റിനുള്ളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപിതാവിന്റെ ചിത്രത്തിന് അഭിമുഖമായി സവര്‍ക്കറുടെ ചിത്രം തൂക്കിയിട്ടത് 2000ല്‍ അധികാരത്തില്‍ വന്ന വാജ്പയി സര്‍ക്കാരാണെന്നതും ഓര്‍ത്തിരിക്കേണ്ട വസ്തുതയാണ്.
ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങള്‍ ഭാവിയില്‍ ഭാരതത്തിലെ തീവ്രഹിന്ദുത്വ വളര്‍ച്ചക്ക് വിഘാതമാകുമെന്ന് കുരുട്ടു ദീര്‍ഘവീക്ഷണമുള്ള ചിലര്‍ തിരിച്ചറിയുകയായിരുന്നു. ആ തിരിച്ചറിവില്‍ നിന്നാണ് ഗാന്ധിവധത്തിലേക്കുള്ള വഴികള്‍ വെട്ടിത്തുറന്നത്. അതെന്തായാലും ആ വഴികള്‍ ഇന്നെത്തി നില്‍ക്കുന്ന അപകടകരമായ സാഹചര്യങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്‍മാരാകണം. പരസ്യമായി മതേതരത്വത്തെ വെല്ലുവിളിക്കുന്നവര്‍, രാജ്യം സൂക്ഷ്മതയോടെ പരിപാലിച്ചുവരുന്ന ചില മൂല്യങ്ങളുടെ കടക്കല്‍ കത്തിവെക്കാനും ധൈര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്. അധികാരത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ ഇത്തരം കടന്നാക്രമണങ്ങളെയെല്ലാം നീതീകരിക്കപ്പെടുന്നുമുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സംഭവിക്കുന്ന ഗുരുതരമായ പിഴവുകളായാണ് പൊതുസമൂഹം അത്തരം കടന്നാക്രമണങ്ങളെ കാണുന്നത്. മൗനം ഉപേക്ഷിച്ച് രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് മേല്‍ ഭീഷണി ഉയര്‍ത്തുന്നവരെ നിലക്കു നിര്‍ത്താന്‍ ഭരണകൂടത്തിന് ആര്‍ജവമുണ്ടോയെന്ന് ഓരോ ജനാധിപത്യ വിശ്വാസിയും ചോദ്യമുയര്‍ത്തുകയും ചെയ്യുന്നു.