Connect with us

National

കേന്ദ്രസര്‍ക്കാര്‍ ആരോഗ്യപദ്ധതി: സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആരോഗ്യപദ്ധതി (സി ജി എച്ച് എസ്) യുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് എ സമ്പത്ത് എം പി പാര്‍ലിമെന്റിന്റെ നീതിന്യായകാര്യ പൊതുപരാതികളുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ അരക്കോടിയിലധികം വരുന്ന കേന്ദ്രസര്‍വീസ് പെന്‍ഷന്‍കാരും വിവിധ കേന്ദ്രസര്‍വീസ് ജീവനക്കാരും അവരുടെ ആശ്രിതരും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. എന്നാല്‍ ആവശ്യത്തിന് സി ജി എച്ച് എസ് ഡിസ്‌പെന്‍സറികളില്ലാത്തതിനാല്‍ അവര്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. മാത്രമല്ല സി ജി എച്ച് എസില്‍ എം-പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ സി ജി എച്ച് എസ് കാര്‍ഡുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ട്.
നേരത്തെ ചികിത്സിച്ച തുക സര്‍ക്കാര്‍ ഇതുവരെ നല്‍കാത്തതാണ് ഇതിന് കാരണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സമ്പത്ത് ചൂണ്ടിക്കാട്ടി. രാജ്യത്ത് കൂടുതല്‍ സി ജി എച്ച് എസ് ആശുപത്രികള്‍ സ്ഥാപിക്കുക, ഉള്ള ആശുപത്രികളുടെ സൗകര്യം വര്‍ധിപ്പിക്കുക, എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ അവര്‍ക്ക് ചികിത്സ ലഭ്യമാകുംവിധം ആശുപത്രികളുടെ കുടിശ്ശിക തീര്‍ക്കുക. അടിയന്തിര സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുന്ന സി.ജി.എച്ച്.എസ് കാര്‍ഡ് ഉടമകള്‍ക്ക് സി ജി എച്ച് എസ് അംഗീകരിച്ച നിരക്കിന്റെ അടിസ്ഥാനത്തിലുള്ള തുകയെങ്കിലും നല്‍കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായും സമ്പത്ത് അറിയിച്ചു. എം പാനല്‍ ചെയ്ത ആശുപത്രികള്‍ പണരഹിത ചികിത്സ നല്‍കാനാവില്ലെന്ന ബോര്‍ഡ് വെച്ചിരിക്കുകയാണ്. കേരളത്തില്‍ മൂന്ന് സി ജി എച്ച് എസ് ആശുപത്രികളാണുള്ളത്. മൂന്നും തിരുവനന്തപുരത്താണ്. സി ജി എച്ച് എസ് ആയുര്‍വേദ ആശുപത്രിയും അവിടെയാണുള്ളത്. ഇവിടെയൊന്നും മതിയായ ചികിത്സാസൗകര്യങ്ങളില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തു നല്‍കി.