Connect with us

Gulf

ജൈറ്റക്‌സ് സാങ്കേതിക വാരം 16 മുതല്‍; പുതുസംരംഭങ്ങള്‍ക്ക് കൂടുതല്‍ പരിഗണന

Published

|

Last Updated

ജൈറ്റക്‌സ് സാങ്കേതിവാരം സംബന്ധിച്ച് ദുബൈയില്‍  അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

ജൈറ്റക്‌സ് സാങ്കേതിവാരം സംബന്ധിച്ച് ദുബൈയില്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: നൂതനാശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും അവതരിപ്പിക്കുന്ന ജൈറ്റക്‌സ് സാങ്കേതികവാരത്തിന്റെ 36-ാമത് എഡിഷന്‍ ഈ മാസം 16ന് തുടങ്ങും. 20 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് പരിപാടി. 60 രാജ്യങ്ങളില്‍ നിന്നായി 400ലധികം പുതുസംരംഭങ്ങള്‍ സാങ്കേതിക വാരത്തില്‍ അവതരിപ്പിക്കും. അറബ് യുവ സംരംഭകരായിരിക്കും കൂടുതലായി എത്തുക. 2020ഓടെ യു എ ഇ, സഊദി അറേബ്യ, ഖത്വര്‍ എന്നീ രാജ്യങ്ങളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് 5,000 കോടി ഡോളറിലെത്തും. സാങ്കേതിക രംഗത്ത് നൂതനാശയങ്ങളുമായി എത്തുന്ന യുവ സംരംഭകര്‍ക്കാണ് ഇത്തവണത്തെ ജൈറ്റക്‌സ് സാങ്കേതികവാരം ഊന്നല്‍ നല്‍കുന്നത്.
ദുബൈ പ്ലാന്‍ 2021ന്റെ ഭാഗമായി ഡിജിറ്റല്‍ രംഗത്തെ ആഗോള കേന്ദ്രമായി ദുബൈയെ മാറ്റി സുസ്ഥിര സാമ്പത്തിക വളര്‍ച്ച നേടിയെടുക്കാനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി ഈ രംഗത്ത് പുതിയ നൂതനാശയക്കാരെ സൃഷ്ടിച്ചെടുക്കാനുള്ള മികച്ച പ്ലാറ്റ്‌ഫോമാണ് ജൈറ്റക്‌സ് സാങ്കേതിക വാരം.
മിനാ മേഖലയില്‍ സംരംഭകര്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യം യു എ ഇയാണ്. ആഗോളാടിസ്ഥാനത്തില്‍ 19-ാം സ്ഥാനമാണ് യു എ ഇക്ക്. ഗവണ്‍മെന്റുകളുടെ നേതൃത്വത്തില്‍ 14 പുതുസംരംഭക പ്രതിനിധികളും ജൈറ്റക്‌സില്‍ പങ്കെടുക്കും. നെതര്‍ലാന്‍ഡ്, പോളണ്ട്, റഷ്യ, അമേരിക്ക, ഈജിപ്ത്, ഹംഗറി, ജപ്പാന്‍, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതിനിധികള്‍. ജി സി സിയില്‍ നിന്ന് ഇതാദ്യമായി ഒമാനില്‍ നിന്നുള്ള പുതു സംരംഭക പ്രതിനിധികളും എത്തും.
ജൈറ്റക്‌സിലെ മികച്ച പുതു സംരംഭകര്‍, മികച്ച അറബ് സംരംഭകര്‍, മികച്ച വനിതാ സംരംഭക, മികച്ച യുവ സംരംഭകര്‍ എന്നിവര്‍ക്ക് 160,000 ഡോളറിന് മുകളിലുള്ള ക്യാഷ് പ്രൈസും നല്‍കും.
10 ലക്ഷം ചതുരശ്രയടിയിലാണ് പ്രദര്‍ശന നഗരി ഒരുക്കുക. 150 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷം സന്ദര്‍ശകരെത്തും. 4,000 പ്രദര്‍ശക കമ്പനികളും 230 പ്രഭാഷകരും ഉണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ട്രിക്‌സി ലോഹ് മിര്‍മാന്‍ഡ്, ആസ്‌ട്രോ ലാബ്‌സ് ഓപറേഷന്‍സ് മേധാവി സായിന്‍ ഹാമിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest