Connect with us

Ongoing News

ചെന്നൈയിനെതിരെ ഡല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ ജയം

Published

|

Last Updated

ചെന്നൈ: ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയെ അവരുടെ മടയില്‍ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി ഡൈനമോസിന്റെ കരുത്തറിയിക്കല്‍ (3-1). ഐ എസ് എല്‍ മൂന്നാം സീസണില്‍ ഇറ്റാലിയന്‍ കോച്ച് ജിലാന്‍ ലൂക സംബ്രോട്ടയുടെ പിന്‍ബലത്തില്‍ ഡല്‍ഹി മികച്ച ഫുട്‌ബോളാണ് ചെന്നൈയുടെ തട്ടകത്തില്‍ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ 2-1ന് മുന്നിട്ടു നിന്ന ഡല്‍ഹിയുടെ മൂന്നാം ഗോള്‍ ഫൈനല്‍ വിസിലിന് ആറ് മിനുട്ട് ശേഷിക്കെയായിരുന്നു.
മാര്‍സെലിഞ്ഞോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സൂപ്പര്‍ സബ് ബദാര ബാദ്ജി ഗോവയുടെ മൂന്നാം ഗോള്‍ നേടി.ചെന്നൈയുടെ ഏക ഗോള്‍ ഡുഡുവാണ് നേടിയത്.
ആദ്യ കളി ജയിച്ച് മൂന്ന് പോയിന്റുമായി ഡല്‍ഹി ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ സമനിലയുടെ ബലത്തില്‍ ഒരു പോയിന്റുള്ള ചെന്നൈയിന്‍ എഫ് സി അഞ്ചാം സ്ഥാനത്ത്. ആദ്യ രണ്ട് കളിയും ജയിച്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയാണ് ഒന്നാം സ്ഥാനത്ത്. നാല് പോയിന്റോടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് രണ്ടാമത്. കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും പിറകില്‍.
ഇറ്റലിയുടെ മുന്‍ താരങ്ങളായ മാര്‍കോ മറ്റെരാസിയും സാംബ്രോട്ടയും പരിശീലക റോളില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരമായിരുന്നു ഇത്. അതില്‍ സംബ്രോട്ടയുടെ ഡല്‍ഹി ഡൈനമോസ് അര്‍ഹിക്കുന്ന ജയം തന്നെ കരസ്ഥമാക്കി. അരഡസന്‍ ഗോളിനെങ്കിലും ഡല്‍ഹിക്ക് ജയിക്കാമായിരുന്നു. നിരവധി സുവര്‍ണാവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ ഡല്‍ഹി മുന്നിട്ട് നിന്നു. ഡല്‍ഹി ബാക്‌ലൈനിലെ മലയാളി സാന്നിധ്യം അനസ്എടത്തൊടിക്ക ആദ്യപകുതിയില്‍ തന്നെ പരുക്കേറ്റ് പുറത്തായി.

ഡല്‍ഹി 4-1-4-1
സംബ്രോട്ട മധ്യനിരയില്‍ ആധിപത്യമുറപ്പിക്കാന്‍ നാല് ഡിഫന്‍ഡര്‍മാരെയും നാല് മിഡ്ഫീല്‍ഡര്‍മാരെയും അണിനിരത്തി. ഇവര്‍ക്കിടയില്‍ ഡിഫന്‍സീവ്-അറ്റാക്കിംഗ് മീഡിയോ ആയി സ്‌പെയിനിന്റെ മാര്‍കോസ് ടെബാറിനെ ഉപയോഗിച്ചു. ഘാനയുടെ റിചാര്‍ഡ് ഗാസെയെ ഏക സ്‌ട്രൈക്കറാക്കി. സ്‌പെയ്‌നിന്റെ ടോണി ഡൊബ്ലാസാണ് വല കാത്തത്. ഇടത് വിംഗില്‍ ചിംഗ്ലെന്‍സാന സിംഗും വലത് വിംഗില്‍ സൗവിക്കും.
സെന്റര്‍ബാക്കില്‍ സ്പാനിഷ് താരം റുബെനും മലയാളിയായ അനസ് എടത്തൊടിക്കയും. ഇടത് വിംഗില്‍ ബ്രസീലിന്റെ മാര്‍സെലിഞ്ഞോ, വലത് വിംഗില്‍ ഇന്ത്യയുടെ കീന്‍ ലെവിസ്, സ്‌ട്രൈക്കര്‍ക്ക് പിറകിലായി മിലന്‍ സിംഗും മെമോയും.
ചെന്നൈയിന്‍ എഫ് സി 4-4-2
നാല് ഡിഫന്‍ഡര്‍മാരും നാല് മിഡ്ഫീല്‍ഡര്‍മാരും രണ്ട് സ്‌ട്രൈക്കര്‍മാരും ഉള്‍പ്പെടുന്ന ലൈനപ്പാണ് കോച്ച് മാര്‍കോ മറ്റെരാസി തിരഞ്ഞെടുത്തത്. ജമൈക്കയുടെ ഡുവെയിന്‍ കെര്‍ ഗോള്‍ വല കാത്തപ്പോള്‍ റിസെയും മെന്‍ഡിയും സെന്റര്‍ ബാക്കില്‍. ഇടത് വിംഗില്‍ മോഹനും വലത് വിംഗില്‍ ശ്രീനഗര്‍ സ്വദേശി മെഹ്‌റാജൂദിന്‍ വദുവും.
ഹാന്‍സ് മുള്‍ഡറും റാഫേല്‍ അഗസ്റ്റോയും മധ്യഭാഗത്ത്. ഇടത് വിംഗ് അറ്റാക്കറായി ജയേഷും വലത് വിംഗ് അറ്റാക്കറായി ബല്‍വന്ദ് സാഹ്നിയും. ജെജെയും ഡുഡുവും സ്‌ട്രൈക്കിംഗ് പാര്‍ട്ണര്‍മാര്‍.