Connect with us

Articles

അവര്‍ വരുന്നുണ്ട് കുഞ്ഞുങ്ങളെ റാഞ്ചാന്‍

Published

|

Last Updated

കറുത്ത കോട്ടിട്ട് ബൈക്കില്‍ ചീറിപ്പാഞ്ഞു വരുന്ന ഒരാള്‍. കൈയിലെ പൊതിക്കെട്ടില്‍ നിന്ന് വെളുത്ത പൊടിയെടുത്ത് ഉള്ളം കൈയിലിട്ട് തിരുകി മൂക്കില്‍ വലിച്ച്, തോക്കു ചുഴറ്റി നായകനു നേരെ വെടിയുതിര്‍ക്കുന്നു. പിന്നെ അട്ടഹസിക്കുന്നു, ഉറക്കെ കൂകി വിളിക്കുന്നു, അലറുന്നു..
ദുഃസ്വപ്‌നങ്ങളിലും ചില സിനിമകളിലും അപസര്‍പ്പക നോവലുകളിലും മാത്രം പണ്ടൊക്കെ കണ്ടുവരുന്ന വില്ലന്‍മാര്‍ ഇങ്ങനെയൊക്കെയായിരുന്നു. ലഹരി നുണഞ്ഞ് തലപെരുത്ത് ഇത്തരക്കാര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കഥകളില്‍പോലും പേടിപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ എപ്പോഴെങ്കിലും നമ്മുടെ സാമൂഹിക പരിസരത്ത് ഇത്തരം കഥാപാത്രങ്ങളെ ജീവനോടെ കണ്ടാല്‍ നാം വെറുതെ വിടാറുമില്ല. എന്നാല്‍ വീട്ടു പരിസരവും നാട്ടുപരിസരവുമൊക്കെ പണ്ടത്തേക്കാളേറെ വികസിച്ചെങ്കിലും ജനം കൂടുതല്‍ വിദ്യാസമ്പന്നരായെങ്കിലും പണ്ടത്തെ കറുത്ത കുപ്പായക്കാരെ കണ്ടെത്താനോ അവരെ പിടികൂടാനോ ആര്‍ക്കും സമയമില്ല ഇപ്പോള്‍. നമ്മുടെ കണ്‍മുന്നില്‍ നിന്നു തന്നെ ഇവര്‍ കൂകി വിളിച്ചാലും പൊട്ടിച്ചിരിച്ചാലും നാം കാണാറോ കേള്‍ക്കാറോയില്ല. അതു കൊണ്ട് തന്നെ ഇവര്‍ നമ്മളെയും നമ്മുടെ കുഞ്ഞുങ്ങളെയും വലവീശി കൈ നീട്ടി പിടികൂടിക്കഴിഞ്ഞു. പറഞ്ഞു വരുന്നത് കേരളത്തിലെ മയക്കുമരുന്ന്- ലഹരി മാഫിയകളുടെ ആകാശം മുട്ടെയുള്ള വളര്‍ച്ചെയെക്കുറിച്ചാണ്. ബാറും മദ്യവും രാഷ്ട്രീയവുമെല്ലാം കൂടിക്കുഴഞ്ഞ് കെട്ടുപിണഞ്ഞു കിടക്കുന്ന സമൂഹത്തില്‍ നാം വലിയ ഗൗരവത്തില്‍ കാണാതെ പോയ ഏറ്റവും വലിയ പ്രശ്‌നമാണ് മയക്കുമരുന്ന് മാഫിയകളുടെ വേരിറങ്ങിയുള്ള വളര്‍ച്ച. വേരോടെ പിഴുതെറിയാന്‍ സാധിക്കാത്ത വിധം വളര്‍ന്ന് മുറ്റിയ ഈ മാഫിയയുടെ കണ്ണികളെ എവിടെ നിന്ന് അറുത്തുമാറ്റിയാലും കൂടിച്ചേരുമെന്നത് പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മുതിര്‍ന്നവരെ ലക്ഷ്യമിട്ടാണ് പണ്ടൊക്കെ ഇത്തരം മാഫിയകളുടെ പ്രവര്‍ത്തനമെങ്കില്‍ ഇപ്പോള്‍ നമ്മുടെ കുട്ടികളെ മാത്രമാണ് കേരളത്തിലങ്ങോളമിങ്ങോളം വേരുകളുള്ള മാഫിയാ ശൃംഖല നോട്ടമിടുന്നത്.
കഴിഞ്ഞ അധ്യാപക ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. അധ്യാപകരുടെ കടുത്ത ജാഗ്രത ഇക്കാര്യത്തില്‍ വേണമെന്ന ആവശ്യം മുഖ്യമന്ത്രി തന്നെ ഉയര്‍ത്തുമ്പോള്‍ എത്രത്തോളം ഭീകരവും വ്യാപ്തിയുമുള്ള പ്രവര്‍ത്തനമായിരിക്കും ഇത്തരം ലോബിയുടെതെന്ന് ഊഹിച്ചാല്‍ തന്നെ ബോധ്യമാകും. ആരാണ് ഇതിന്റെ പിന്നിലെന്നും എങ്ങനെയാണിത്തരം ലഹരിവില്‍പ്പന വ്യാപിക്കുന്നതെന്നും പൂര്‍ണമായി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനെങ്കിലും പൊതുജനം മുന്നോട്ടുവരണം.
കുട്ടികളെ മാത്രമാണ് ലഹരി മാഫിയക്കാര്‍ ഇപ്പോള്‍ നോട്ടമിടുന്നതെങ്കില്‍ അതിനു പിന്നിലെ വിപണിതന്ത്രം കൂടി കാണാതെ പോകരുത്. കുറച്ചു മുമ്പ്, എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിലെ കുട്ടികളെ ലഹരിമാഫിയ എങ്ങനെ വലയിലാക്കാന്‍ ശ്രമിച്ചുവെന്നത് നോക്കിയാല്‍ തന്നെ വളരെ വിപുലവും ആസൂത്രിതവുമായ ഇത്തരം മാഫിയകളുടെ പ്രവര്‍ത്തന രീതിയെപ്പറ്റി മനസ്സിലാകും. സ്‌കൂളിലെ കുട്ടികളെല്ലാം പെട്ടെന്ന് അച്ചാറിന്റെ ഇഷ്ടക്കാരായി മാറിയപ്പോള്‍ ആദ്യം അധ്യാപകര്‍ക്ക് അമ്പരപ്പായിരുന്നു. ഒരു രൂപക്ക് കിട്ടുന്ന ചെറിയ പാക്കറ്റ് അച്ചാര്‍ സമയം കിട്ടുമ്പോഴൊക്കെ കുട്ടികള്‍ അടുത്ത കടയില്‍ നിന്ന് വാങ്ങി നുണയുന്നു. കുട്ടികളുടെ പെരുമാറ്റത്തില്‍ ഒരു പന്തികേടുമില്ല. ഒരു രൂപയല്ലേ, അച്ചാറല്ലേ എന്തിന് സംശയിക്കണം. എന്നാല്‍ ഒരധ്യാപകന് തോന്നിയ സംശയം വലിയ വിപത്തിനെ തടയുന്നതിനു വഴിവച്ചു. അച്ചാര്‍ പരിശോധനക്കു വിധേയമാക്കിയപ്പോഴാണ് അതില്‍ ചെറിയ തോതില്‍ മയക്കുമരുന്ന് ചേര്‍ത്തതായി വ്യക്തമായത്. ഇത് നൂറുകണക്കിന് സംഭവങ്ങളില്‍ ഒന്നു മാത്രമായേ കരുതാനാകൂ.
കുട്ടികളെ ഏതെങ്കിലും ലഹരിക്കടിപ്പെടുത്താന്‍ ഇങ്ങനെ ചെറുതും വലുതുമായ വിപണന തന്ത്രങ്ങള്‍ ഏറെയാണ്. മുന്‍പ് നഗര പ്രദേശങ്ങളില്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ കണ്ടുതുടങ്ങിയതെങ്കില്‍ ഇന്ന് നാട്ടിന്‍ പുറങ്ങളിലെ സ്‌കൂള്‍ പരിസരങ്ങളില്‍പോലും ഇത്തരം കഴുകന്‍ കണ്ണുകള്‍ കുട്ടികളെ മറഞ്ഞിരുന്ന് വീക്ഷിക്കുന്നുണ്ട്്. ലഹരിമിഠായി മുതല്‍ പത്ത് രൂപക്ക് കിട്ടുന്ന ചൈനീസ് ലഹരി സ്‌പ്രേവരെ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ലഭ്യമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് നിന്നും പയ്യന്നൂരില്‍ നിന്നുമെല്ലാം വലിയ തോതില്‍ ലഹരിപകരുന്ന സ്‌പ്രേ പിടിച്ചെടുക്കപ്പെട്ടപ്പോള്‍ എത്രമാത്രം സുരക്ഷിതമാണ് നമ്മുടെ കുട്ടികളും സ്‌കൂള്‍ ചുറ്റുപാടുകളും എന്നോര്‍ത്ത് ആശങ്കപ്പെടേണ്ടിവരും.
സിഗററ്റിലും പാന്‍മസാലയിലും ലഹരി കണ്ടെത്തി തുടങ്ങുന്ന കൗമാരക്കാര്‍ തുടര്‍ന്ന് കഞ്ചാവില്‍ എത്തിപ്പെടുകയാണ് ചെയ്യുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കാന്‍ വന്‍ റാക്കറ്റുകള്‍ സജീവമാണ്. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ വലയിലാക്കാന്‍ മിഠായി രൂപത്തിലെത്തുന്ന ലഹരി വസ്തുക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് തന്നെ ഇതിനകം രംഗത്തെത്തിയിരുന്നു. സ്‌ട്രോബറി കിക് എന്ന പേരില്‍ വിപണയിലുള്ള മിഠായിയില്‍ കുട്ടികള്‍ ആകൃഷ്ടരാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ ലഹരിയുടെ അംശമുണ്ടെന്നാണ് സൂചനയെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതര സംസ്ഥാനക്കാര്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള മിഠായികളും പലഹാരങ്ങളും സ്‌കൂള്‍ പരിസരത്തെ കടകളില്‍ വില്‍പനക്കെത്തുന്നുണ്ട്. ഇതില്‍ ലഹരിയുടെ അംശമുള്ള മിഠായികളേതെന്ന് പലപ്പോഴും കച്ചവടക്കാര്‍ക്ക് തിരിച്ചറിയാനാകില്ല. ലഹരി മിഠായികള്‍ പിടിച്ചാല്‍ നടപടി കച്ചവടക്കാരില്‍ മാത്രം ഒതുങ്ങുന്നതോടെ ഉത്പാദകര്‍ രക്ഷപ്പെടുകയാണ്. വിവിധ ജില്ലകളിലെ സ്‌കൂളുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കഞ്ചാവ് ഉള്‍പ്പെടെ ഉപയോഗിക്കുന്നതായി നേരത്തെ ചില നിരീക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. 12നും 18നും ഇടയില്‍ പ്രായമുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ഇത്തരം ലഹരികള്‍ക്ക് അടിമകളാകുന്നതില്‍ ഏറെയും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ഏതാനും നാളുകള്‍ക്ക് മുമ്പ് കേഴിക്കോട് ജില്ലയിലെ ഒരു സ്‌കൂള്‍ അധ്യാപികയെ തൊട്ടടുത്ത സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതും കഞ്ചാവിന്റെ ലഹരിയിലായിരുന്നു. അധ്യാപികയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ പിന്നീട് ഇത് പോലീസിനോട് സമ്മതിച്ചെന്നാണ് പത്രവാര്‍ത്തകള്‍.
(തുടരും)

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest