Connect with us

International

അലപ്പോ രണ്ട് മാസത്തിനകം സമ്പൂര്‍ണ നാശത്തിലേക്ക് നീങ്ങുമെന്ന് യു എന്‍

Published

|

Last Updated

സ്റ്റഫാന്‍ ഡി മിസ്തുര

അലപ്പോ: വടക്കന്‍ സിറിയയിലെ അലപ്പോ നഗരം രണ്ട് മാസത്തിനകം സമ്പൂര്‍ണ നാശത്തിലേക്ക് നീങ്ങുമെന്ന് യു എന്നിന്റെ സിറിയന്‍ പ്രതിനിധി. അല്‍ ഖാഇദയുമായി ബന്ധമുള്ള വിമത ഗ്രൂപ്പിനെ ഉന്‍മൂലനം ചെയ്യാന്‍ നഗരം വളഞ്ഞ സിറിയയുടെയും റഷ്യയുടെയും സൈനികരുടെ ലക്ഷ്യം എന്ത് തന്നെയാലും ആത്യന്തികമായി അത് നഗരത്തിന്റെ നാശത്തിലാണ് കലാശിക്കുകയെന്ന് യു എന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര പറഞ്ഞു.
അന്നുസ്‌റ ഫ്രണ്ടിന്റെ സായുധ സംഘം നഗരം വിടാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ യു എന്‍ ദൗത്യ സംഘം സന്നദ്ധമാണെന്നും മിസ്തുറ വ്യക്തമാക്കി. അവര്‍ ആയുധങ്ങളുമായി നഗരം വിടാന്‍ യയ്യാറണെങ്കില്‍ വ്യക്തിപരമായി അവരെ അനുഗമിക്കാന്‍ഒരുക്കമാണ്. ഇനിയും അലപ്പോക്ക് മേലുള്ള ആക്രമണം നീണ്ടാല്‍ സര്‍വനാശമാണ് സംഭവിക്കുക. മരിച്ച് വീഴുക തീവ്രവാദികള്‍ ആയിരിക്കില്ല, സിവിലിയന്‍മാരായിരിക്കുമെന്നും മിസ്തുര പറഞ്ഞു. നഗരത്തെ തകര്‍ക്കുന്ന നിലപാടില്‍ നിന്ന് സിറിയയും റഷ്യയും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനീവയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ നിലക്ക് പോയാല്‍ രണ്ട് മാസത്തിനപ്പുറത്തേക്ക് ഈ നഗരത്തില്‍ മനുഷ്യ ജീവിതം നീളില്ല. ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ആ വാര്‍ത്ത ലോകത്തിന് കേള്‍ക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യം തുടരാന്‍ അനവദിക്കരുത്. വളരെ ചുരുങ്ങിയ അംഗങ്ങളേ വിമതര്‍ക്ക് അവിടെയുള്ളൂ. അവര്‍ സ്ഥലം വിടാന്‍ തീരുമാനിച്ചാല്‍ 2,75,000 പേര്‍ രക്ഷപ്പെടും- സ്റ്റെഫാന്‍ ഡി മിസ്തുര പറഞ്ഞു.
അമേരിക്കയും റഷ്യയും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ച പൊളിഞ്ഞ ശേഷം ശക്തമായ വ്യോമാക്രമണമാണ് സിറിയ- റഷ്യ സംയുക്ത സൈന്യം കിഴക്കന്‍ അലപ്പോയില്‍ നടത്തുന്നത്. വന്‍ ശക്തികളുടെ ഇടപെടല്‍ എങ്ങനെയാണ് ഒരു പ്രദേശത്തെ നശിപ്പിക്കുന്നത് എന്നതിന്റെ തെളിവായി മാറുകയാണ് അലപ്പോ. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുഴുവന്‍ സ്തംഭിച്ച നിലയിലാണ്. സിറിയയുടെ കാര്യത്തില്‍ ഒരു സഹകരണത്തിനും തയ്യാറല്ലെന്ന നിലപാടില്‍ റഷ്യയും അമേരിക്കയും എത്തിയതോടെയാണ് ഇത്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള നയവൈരുധ്യം തന്നെയാണ് പ്രശ്‌ന പരിഹാരത്തിന് തടസ്സമായി നില്‍ക്കുന്നത്.
പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിഹാരമാണ് റഷ്യ മുന്നോട്ട് വെക്കുന്നത്. അമേരിക്കക്കാകട്ടേ ഏത് വിധേനയും അസദ് ഭരണം അവസാനിപ്പിക്കണം. ഇസില്‍വിരുദ്ധ ദൗത്യത്തിന് സിറിയയില്‍ പ്രവേശിച്ച റഷ്യന്‍ സൈന്യം വിമതരെയാണ് ലക്ഷ്യമിടുന്നതെന്ന് യു എസ് ആരോപിക്കുന്നു. എന്നാല്‍ വിമതരെ സഹായിക്കുകയാണ് അമേരിക്കയെന്ന് റഷ്യയും കുറ്റപ്പെടുത്തുന്നു.