Connect with us

Sports

ഷൈ്വന്‍സ്റ്റിഗറുടെ റോള്‍ ഏറ്റെടുക്കാന്‍ ഗുന്‍ഡോഗന്‍

Published

|

Last Updated

ബെര്‍ലിന്‍: ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതോടെ ജര്‍മനി മിഡ്ഫീല്‍ഡില്‍ ഒരു ജനറലിനെ കാത്തിരിക്കുകയാണ്. തലയെടുപ്പോടെ കളി നിയന്ത്രിക്കുന്ന ഷൈ്വന്‍സ്റ്റിഗര്‍ക്ക് അനുയോജ്യനായ പകരക്കാരനാകുവാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇകെയ് ഗുന്‍ഡോഗാന്‍ റെഡിയാണ്.
പരുക്ക് ഭേദമായി ഗുന്‍ഡോഗന്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ജര്‍മന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍, മധ്യനിരയില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോള്‍ ലഭിക്കണമെങ്കില്‍ ഗുന്‍ഡോഗന് മുന്നില്‍ വെല്ലുവിളിയുണ്ട്. യുവെന്റസിന്റെ സമി ഖെദീറയും റയല്‍മാഡ്രിഡിന്റെ ടോണി ക്രൂസും ഈ പൊസിഷനില്‍ തിളങ്ങുന്നവരാണ്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഈ സീസണില്‍ അധികം മത്സരം കളിച്ചിട്ടുമില്ല. ഭാവിയില്‍ ബാസ്റ്റി കൈകാര്യം ചെയ്ത റോളിലേക്ക് വരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗുന്‍ഡോഗന്‍ പറഞ്ഞു. ബാസ്റ്റിയുടെ ഒഴിവ് നികത്തുക എളുപ്പമല്ല, ദേശീയ ടീമിനായി 121 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഇതിഹാസതാരമാണ്. ഇടക്കിടെ കാല്‍മുട്ടിനേല്‍ക്കുന്ന പരുക്ക് കാരണം ഗുന്‍ഡോഗന് ആകെ പതിനാറ് രാജ്യാന്തര മത്സരങ്ങളേ കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. 2014 ലോകകപ്പും 2016 യൂറോ കപ്പും പരുക്ക് കാരണം ഇരുപത്തഞ്ചുകാരന് നഷ്ടമായിരുന്നു.
ജര്‍മനിക്കായി അവസാനം കളിച്ചത് കഴിഞ്ഞ നവംബറിലാണ്. പാരിസില്‍ ഫ്രാന്‍സിനെതിരെ. അന്നായിരുന്നു സ്റ്റേഡിയത്തിന് പുറത്ത് തീവ്രവാദി ആക്രമണമുണ്ടായത്.
നാളെ ജര്‍മനി ലോകകപ്പ് യോഗ്യതാ റൗണ്ടിനിറങ്ങുകയാണ്. ഹാംബര്‍ഗിലെ മത്സരത്തില്‍ ചെക് റിപബ്ലിക്കാണ് എതിരാളി. ചൊവ്വാഴ്ച ഹാനോവറില്‍ വടക്കന്‍ അയര്‍ലന്‍ഡിനെതിരെയാണ് രണ്ടാം മത്സരം.യോഗ്യതാ റൗണ്ടില്‍ 3-0ന് നോര്‍വെയെ തോല്‍പ്പിച്ചു കൊണ്ടാണ് ജര്‍മനി തുടങ്ങിയത്.

Latest