Connect with us

Ongoing News

സൗമ്യ വധക്കേസ്: പ്രോസിക്യൂഷന് വന്‍ വീഴ്ച പറ്റിയെന്ന് സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വന്‍ വീഴ്ച പറ്റിയെന്ന് സുപ്രിം കോടതി. വധശിക്ഷ ഒഴിവാക്കിയത് പ്രോസിക്യൂഷന്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ മാതാവും സര്‍ക്കാറും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. കേസ് പഠിക്കാന്‍ സമയം ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.

ഒരു മണിക്കൂര്‍ നീണ്ട വാദത്തില്‍ മൂന്ന് കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഒന്ന് സൗമ്യ ട്രെയിനില്‍ നിന്ന് മുഖം ഇടിച്ചാണ് വീണത് എന്നാണ്. ആരെങ്കിലും തള്ളിയിട്ടെങ്കില്‍ മാത്രമേ ഒരാള്‍ മുഖം കുത്തി വീഴുകയുള്ളൂവെന്ന് കേരളം ബോധിപ്പിച്ചു. രണ്ടാമത്തേത് സൗമ്യയുടെ ഞരമ്പും തലച്ചോറും തമ്മിലുള്ള ബന്ധം മുറിഞ്ഞിട്ടുണ്ട്. ഇതും കൊലപാതകം നടന്നുവെന്നതിന് തെളിവാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മൂന്നാമതായി പേ്ാസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സൗമ്യ ക്രൂരമായ മാനഭംഗത്തിന് ഇരയായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

എന്നാല്‍ ഈ മൂന്ന് വാദങ്ങളും സാക്ഷിമൊഴിക്ക് എതിരാണെന്ന് കോടതി വ്യക്തമാക്കി. കേരളത്തില്‍ നടന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ അംഗീകരിച്ച സാക്ഷി മൊഴികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഇത് പ്രസക്തമാണ്. സാക്ഷി മൊഴി പ്രകാരം ട്രെയിന്‍ ബോഗിയില്‍ നിന്ന് ഒരു പെണ്‍കുട്ടി ചാടുന്നത് ഒരാള്‍ കണ്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ രേഖപ്പെടുത്തിയത് അഭിപ്രായപ്രകടനമായി മാത്രമെ കാണാനാൂകൂവെന്നും ബഞ്ച് വിലയിരുത്തി. ഇങ്ങനെയെങ്കില്‍ സൗമ്യ സ്വയം ചാടിയതാണ് എന്ന് വേണം വിലയിരുത്താനെന്ന് കോടതി പറഞ്ഞു. കേസില്‍ വധശിക്ഷ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എന്ന് ചൂണ്ടിക്കാട്ടിയ കോടതി, വധശിക്ഷ വിധിക്കണമെങ്കില്‍ 101 ശതമാനം ഉറപ്പ് വേണമെന്നും നിരീക്ഷിച്ചു.

സൗമ്യയുടെ മരണത്തിന് കാരണമായ മുറിവ് ഗോവിന്ദച്ചാമിയാണ് ഉണ്ടാക്കിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. കോടതിക്ക് എന്തെങ്കിലും ഒരു തെറ്റ് പറ്റിയോ എന്ന് പിന്നീട് തോന്നാതിരിക്കാനാണ് റിവ്യൂ ഹരജി പരിഗണിച്ചതെന്ന് കോടതി പറഞ്ഞു. എന്നാല്‍ റിവ്യൂ ഹരജി പരിഗണിക്കുമ്പോഴും കേസ് പഴയപടി തന്നെ നില്‍ക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കേസ് തന്നെ എല്‍പ്പിച്ചത് എന്നാണ് പ്രോസിക്യൂട്ടര്‍ കെ ടി എസ് തുളസി കോടതിയെ അറിയിച്ചത്. ഇതില്‍ സുപ്രിം കോടതി നിരാശ പ്രകടിപ്പിച്ചു. ഒരു റിവ്യൂ ഹരജി ഇത്തരത്തിലാണോ സമര്‍പ്പിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. എതായാലും പ്രോസിക്യൂഷന്റെ ആവശ്യം കണക്കിലെടുത്ത കോടതി ഒരു തവണ കൂടി അവസരം നല്‍കുകയായിരുന്നു.

Latest