Connect with us

Gulf

നാലുപതിറ്റാണ്ട് പ്രവാസം; ഗംഗാധരന്‍ നാടണയുന്നു

Published

|

Last Updated

ഷാര്‍ജ: നാലു പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം മതിയാക്കി റോളയിലെ കല്‍പ്പക സ്റ്റോര്‍ ഉടമ കാഞ്ഞങ്ങാട് മാണിക്കോത്തെ ഗംഗാധരന്‍ നാട്ടിലേക്ക് മടങ്ങുന്നു.
1977ലാണ് ഗംഗാധരന്‍ മുബൈയില്‍ നിന്ന് വിമാനമാര്‍ഗം ദുബൈയിലെത്തിയത്. തുടര്‍ന്ന് ഷാര്‍ജയില്‍ സഹോദരന്‍ അശോകനോടൊപ്പം താമസിച്ച അദ്ദേഹം രണ്ടുവര്‍ഷത്തോളം റോളയില്‍ വിവിധ കടകളില്‍ ജോലിചെയതു. 1979ല്‍ ഇപ്പോള്‍ ജ്യൂസ് വേള്‍ഡ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സ്റ്റോര്‍ തുടങ്ങി. മലയാളം ഉള്‍പെടെലോകത്തെ മിക്ക രാജ്യങ്ങളിലേയും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനമാണിത്.
ഇത്തരം ഒരു സ്ഥാപനം ഷാര്‍ജയില്‍ ആദ്യമായി തുടങ്ങിയത് ഗംഗാധരനായിരുന്നു. മലയാളം ഉള്‍പെടെ വിവധ ഭാഷാപത്രങ്ങളും ഇവിടെ ലഭിക്കുന്നുണ്ട്. റഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. എങ്കിലും കൂടുതലും ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളാണ്. അവയില്‍ ഏറെയും മലയാള പ്രസിദ്ധീകരണങ്ങളും. റോള നഗരത്തിലെത്തുന്ന ഏതു രാജ്യക്കര്‍ക്കും അവരുടെ പ്രസിദ്ധീകരണങ്ങള്‍ പ്രയാസമില്ലാതെ ലഭ്യമാക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അതു യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതിലുള്ള സംതൃപ്തിയോടെയാണ് സ്വദേശത്തേക്ക് മടങ്ങുന്നതെന്നും ഗംഗാധരന്‍ പറഞ്ഞു.
ഇന്നത്തെ റോള പാര്‍ക്ക് നില്‍ക്കുന്നിടത്ത് ഒരു വിദ്യാലയവും ഏതാനും കടകളും മാത്രമുണ്ടായിരുന്നതെന്ന് ഗംഗാധരന്‍ പറയുന്നു. വിദ്യാലയ പരിപാടികള്‍ക്ക് റോള വേദിയാകാറുണ്ടായിരുന്നു. ഐ വി ദാസ്, ടി വി കൊച്ചു ബാവ, മുന്‍ മന്ത്രിയായിരുന്ന പി എം അബൂബക്കര്‍, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയ കേരളത്തില്‍ നിന്നുള്ള പ്രമുഖരെല്ലാം വിദ്യാലയത്തില്‍ നടന്ന പൊതുപരിപാടികളില്‍ പങ്കെടുത്തത് തനിക്ക് ഓര്‍മയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ സന്തോഷത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ഗംഗാധരന്‍ പറഞ്ഞു. പ്രവാസജീവിതം കൊണ്ട് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ തനിക്കും കുടുംബത്തിനും സാധിച്ചു.
നാട്ടിലെത്തിയാലും വിശ്രമ ജീവിതം നയിക്കാന്‍ ആഗ്രഹമില്ലെന്നും കൃഷിയിലേര്‍പെടാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ആജീവനാന്ത അംഗമായിരുന്നു. ഇന്ദിരയാണ് ഭാര്യ. രേഷ്മ, രഞ്ജിനി, രതീഷ് (അജ്മാന്‍) എന്നിവര്‍ മക്കളാണ്. ഇന്ന് രാത്രി ഗംഗാധരന്‍ നാട്ടിലേക്ക് വിമാനം കയറും.