Connect with us

Gulf

യുനെസ്‌കോക്ക് ഖത്വറിന്റെ സംഭാവന അഞ്ച് ലക്ഷം ഡോളറായി ഉയര്‍ത്തി

Published

|

Last Updated

ദോഹ: ഖത്വര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റും (ക്യു എഫ് ഡി) ദോഹയിലെ യുനെസ്‌കോ മേഖലാ ഓഫീസും സഹകരണ കരാറില്‍ ഒപ്പുവെച്ചു. ക്യു എഫ് ഡി ജനറല്‍ മാനേജര്‍ ഖലീഫ ജാസിം അല്‍ കുവാരിയും യുനെസ്‌കോ ദോഹ മേഖല ഓഫീസ് ഡയറക്ടര്‍ ഡോ. അന്ന പൗളിനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. യുനെസ്‌കോ ദോഹ ഓഫീസിന്റെ ബജറ്റിലേക്ക് ഖത്വറിന്റെ സംഭാവന അഞ്ച് ലക്ഷം ഡോളറാക്കി ഉയര്‍ത്തുന്നതാണ് കരാര്‍.
ആഗോളതലത്തില്‍ വിദ്യാഭ്യാസം, സംസ്‌കാരം, ശാസ്ത്രം മേഖലകളില്‍ യുനെസ്‌കോയുടെ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും വികസ്വര രാഷ്ട്രങ്ങളില്‍ സുസ്ഥിരവും സമഗ്രവുമായ വികസനം നേടാനുള്ള ദര്‍ശനങ്ങളെയും വലിയ പ്രധാന്യത്തോടെയാണ് ഖത്വര്‍ നോക്കിക്കാണുന്നതെന്ന് ക്യു എഫ് ഡി ജനറല്‍ മാനേജര്‍ ഖലീഫ ജാസിം അല്‍ കുവാരി പറഞ്ഞു. മേഖലയില്‍ യുനെസ്‌കോയുടെ പരിശ്രമങ്ങളെ ഖത്വര്‍ വിലമതിക്കുന്നു. പൈതൃകവും സംസ്‌കാരവും സംരക്ഷിക്കാനും അറിവും വിജ്ഞാനവും നേടാനുമുള്ള വികസ്വര രാഷ്ട്രങ്ങളിലെ ജനങ്ങളുടെ അവകാശത്തെ ഉയര്‍ത്തിക്കാട്ടുന്നതുമായ യുനെസ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യു എഫ് ഡിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാനും ശാസ്ത്രം, സാംസ്‌കാരിക പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളിലുമുള്ള സര്‍ക്കാര്‍ നിലപാടുകളോട് ക്യു എഫ് ഡി പ്രഖ്യാപിച്ച സഹകരണത്തെ പ്രാധാന്യത്തോടെയാണ് യുനെസ്‌കോ നോക്കിക്കാണുന്നതെന്ന് ഡോ. അന്ന പറഞ്ഞു. മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള സാമൂഹിക, പരിസ്ഥിതി, സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാനും സുസ്ഥിര വികസനത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഖത്വറും യുനെസ്‌കോയുടെ ദോഹയിലെ ഓഫീസും വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം കെട്ടിപ്പടുക്കാനും ഐക്യം ശക്തമാക്കാനുമുള്ള കൂടുതല്‍ ശ്രമങ്ങളെ പിന്തുണക്കുന്നതില്‍ ഖത്വറിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ക്യു എഫ് ഡിയുടെ സംഭാവനകളെന്നും അവര്‍ പറഞ്ഞു.

Latest