Connect with us

Gulf

സഊദിയില്‍ വിസിറ്റിംഗ് വിസ നിരക്ക് വര്‍ധിച്ചു

Published

|

Last Updated

ജിദ്ദ: സഊദി അറേബ്യയിലേക്കുള്ള വിസിറ്റിംഗ് വിസ നിരക്ക് വര്‍ധിച്ചു. ഓരോ പാസ്‌പോര്‍ട്ടിനും 2,000 റിയാല്‍ വീതം നല്‍കണമെന്നാണ് പുതിയ നിയമം. ഇപ്രകാരം ഒരാള്‍ക്ക് സഊദിയിലെത്തണമെങ്കില്‍ 40,000 രൂപയോളം സ്റ്റാമ്പിംഗ് ചാര്‍ജും ട്രാവല്‍സ് ഏജന്‍സി ചാര്‍ജുമായി നല്‍കേണ്ടി വരും. ഇത് പ്രവാസി കുടുംബങ്ങള്‍ക്ക് കനത്ത ആഘാതമായിട്ടുണ്ട്. നേരത്തെ സ്റ്റാമ്പിംഗ് ചാര്‍ജ് 200 റിയാല്‍ ആയിരുന്നതിനാല്‍ താഴ്ന്ന വരുമാനക്കാര്‍ക്കും കുടുംബാംഗങ്ങളെ കൊണ്ട് വരാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ സ്റ്റാമ്പിംഗ് ചാര്‍ജ് 10 മടങ്ങാണ് വര്‍ധിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഇന്ത്യയിലെ സഊദി കോണ്‍സുലേറ്റില്‍ നിന്ന് സ്റ്റാമ്പ് ചെയ്ത വിസിറ്റിംഗ് വിസക്ക് ഓരോ പാസ്‌പോര്‍ട്ടിനും 2,000 റിയാലാണു ചാര്‍ജ് ഈടാക്കിയിരിക്കുന്നത്. സ്റ്റാമ്പിംഗ് ചാര്‍ജിനു പുറമേ ടിക്കറ്റ് ചാര്‍ജ് കൂടിയാകുമ്പോള്‍ വലിയ തുകയാണ് സഊദിയിലേക്കെത്താന്‍ മുടക്കേണ്ടിവരിക.
എന്നാല്‍ എത്ര അംഗങ്ങളുണ്ടെങ്കിലും ഫാമിലി സ്ഥിരതാമസ വിസക്ക് ആകെ ചിലവ് 2,000 റിയാലായതിനാല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ വിസിറ്റിംഗ് വിസക്ക് പകരം ഫാമിലി വിസയെ ആശ്രയിക്കാനാണ് സാധ്യത കൂടുതല്‍.
നേരത്തെ സൗജന്യമായി നല്‍കിയിരുന്ന ഹജ്ജ് , ഉംറ വിസകള്‍ രണ്ടാം തവണ വരുന്നവര്‍ക്ക് 2,000 റിയാല്‍ ഫീസ് നിശ്ചയിച്ചത് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് നിലവിലുള്ളതിനേക്കാള്‍ 35,000 രൂപയിലധികം അമിത ചെലവ് വരുത്തും.ആദ്യതവണ ഹജ്ജിനോ ഉംറക്കോ വരുന്നവര്‍ക്ക് വിസ സൗജന്യമായിരിക്കും.