Connect with us

Articles

വിദ്യാലയം ലഹരിയുടെ ഉത്സവപ്പറമ്പാകാതിരിക്കാന്‍

Published

|

Last Updated

കുട്ടികളെ ലഹരിയുടെ ലോകം പരിചയപ്പെടുത്താന്‍ ലഹരിമാഫിയ ഉപയോഗിക്കുന്ന വസ്തുവാണ് വൈറ്റ്‌നര്‍. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇതു നല്‍കരുതെന്ന് ഇവയുടെ പാക്കറ്റില്‍ എഴുതിയിട്ടുണ്ട്. സാധാരണ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ആവശ്യമില്ലെങ്കിലും സ്‌കൂളുകള്‍ക്കു സമീപമുള്ള കടകളില്‍ ഇവ സുലഭമാണ്. ലഹരിക്ക് തുളസി, പാന്‍പരാഗ്, ഹാന്‍സ്, ശംഭു എന്നിവയും വൈറ്റ്‌നറും പോരാതെ വന്നാല്‍ പതിയെ പുതിയ സാധനങ്ങള്‍ തേടി അവര്‍ പോകും. എന്തുവന്നാലും അതവര്‍ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്യും. പിന്നീട് ലഹരി ശീലമാക്കുന്ന കുട്ടികള്‍ക്ക് അടുത്തഘട്ടത്തില്‍ മയക്കുഗുളികകളും കുത്തിവെപ്പുകളും നല്‍കിത്തുടങ്ങും. വിവിധ മയക്കുമരുന്നുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കുട്ടികളുമായുള്ള കച്ചവടത്തിന് നിയോഗിക്കപ്പെടുക. ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാല്‍ അവര്‍ അത് ഉപയോഗിച്ചെന്ന് മനസ്സിലാകാതിരിക്കാനുള്ള ഉത്പന്നങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. മിഠായിയുടെ മണമുള്ള മൗത്ത് ഫ്രഷ്‌നറുകളുടെ വില്‍പന പല സ്‌കൂള്‍ പരിസരത്തെ കടകളിലും തകൃതിയാണ്. ഒരു ബോട്ടിലിന് പത്ത് മുതല്‍ 20 രൂപ വരെയാണ് വില. ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളോട് ചേര്‍ന്നുള്ള കടകളിലാണ് കൂടുതലും ഇത്തരം ഉത്പന്നങ്ങളുടെ വില്‍പനയുണ്ടാകുക. പല പേരിലും പല നിറങ്ങളിലുമാണ് ബോട്ടിലുകള്‍. അടുത്തിടെയാണ് ഇത്തരം മൗത്ത് ഫ്രഷ്‌നറുകള്‍ വ്യാപകമായി സ്‌കൂള്‍ പരിസരത്തെ കടകളില്‍ എത്തിത്തുടങ്ങിയത്. ചിലയിടങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ബോട്ടിലുകള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലഹരി ഉപയോഗം പിടിക്കപ്പെടാതിരിക്കാനുള്ള മറുമരുന്ന് എന്ന നിലയിലാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം.
ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാന്‍, വിഷാദം മാറ്റാന്‍, വീട്ടിലെ പ്രശ്‌നങ്ങള്‍ മറക്കാന്‍, ക്ഷീണം മാറ്റാന്‍, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി ചെലവഴിക്കാന്‍ എന്നിങ്ങനെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളുണ്ട്. സ്‌കൂളില്‍ പോകുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തില്‍ നിന്നോ, വസ്ത്രങ്ങള്‍, മുറി എന്നിവിടങ്ങളില്‍ നിന്നോ അസ്വാഭാവികമായ മണം വരിക, പെട്ടെന്ന് സ്വഭാവ വ്യതിയാനങ്ങളുണ്ടാകുക, ദേഷ്യം, അമര്‍ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക, സംസാരിക്കുമ്പോള്‍ തപ്പിത്തടയല്‍ ഉണ്ടാവുക, ആവശ്യങ്ങള്‍ ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില്‍ ചോദിക്കാതെ എടുക്കുക, ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകില്‍ വളരെ കുറഞ്ഞു പോവുക, അല്ലെങ്കില്‍ വളരെ കൂടുക, വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വരിക തുടങ്ങിയ കുട്ടികളുടെ മാറ്റങ്ങളൊന്നും പലപ്പോഴും നാം ശ്രദ്ധിക്കാറില്ല, അല്ലെങ്കില്‍ അതിന് സമയം കിട്ടാറില്ല. ആധുനിക കാലത്ത് ജീവിക്കുന്ന മക്കള്‍ മയക്കുമരുന്നിന് അടിപ്പെട്ടിട്ടുണ്ടെന്ന് അറിയാനുള്ള കഴിവ് മിക്ക മാതാപിതാക്കള്‍ക്കും ഉണ്ടാകില്ല. തങ്കപ്പെട്ട സ്വഭാവമുള്ള കുട്ടി വല്ലതുമൊക്കെ തല്ലിപ്പൊട്ടിക്കുമ്പോള്‍ വീട്ടുകാര്‍ ഞെട്ടും. ലഹരി കിട്ടാത്തതാണ് കാരണമെന്ന് അറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും. കുട്ടികളുടെ ഭാവിയും വിദ്യാലയങ്ങളുടെ സല്‍പ്പേരും നഷ്ടപ്പെടരുത് എന്ന ന്യായം പറഞ്ഞ് ഇതൊക്കെ ഒതുക്കുകയാണ് പതിവ്.
സംസ്ഥാനത്ത് പിടിയിലായ നൂറോളം മയക്കുമരുന്ന് കച്ചവടക്കാരില്‍ തൊണ്ണൂറ് പേരും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിറ്റിരുന്നതെന്ന വെളിപ്പെടുത്തല്‍ അറിയുമ്പോഴാണ് നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ പതിയിരിക്കുന്ന അപകടത്തിന്റെ ഭീകരത മനസ്സിലാകുന്നത്. മയക്കുമരുന്ന് ഉപയോഗത്തില്‍ നിലവില്‍ കേരളത്തിന്റെ പൊതുസ്ഥിതിവെച്ച് നോക്കുകയാണെങ്കില്‍ കേരളം രാജ്യത്തിന്റെ ആത്മഹത്യാ തലസ്ഥാനമായി മാറുമെന്നാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് മയക്കുമരുന്ന് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഒന്ന് കേരളമാണ്. കൊച്ചിയാണ് ഇതില്‍ രണ്ടാം സ്ഥാനത്തെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടേതാണ് കണക്കുകള്‍. നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ്(എന്‍ ഡി പി എസ്) ആക്ട് അനുസരിച്ച് 654 കേസുകളാണ് 2015 ല്‍ കൊച്ചി നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. മുംബൈ ആണ് ഒന്നാം സ്ഥാനത്ത്. 18,628 കേസുകളാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്. അഞ്ചാം സ്ഥാനത്ത് തിരുവനന്തപുരമാണ്. 442 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവസേന മയക്കുമരുന്ന് കേസുകള്‍ കൊച്ചിയില്‍ രേഖപ്പെടുത്തുന്നു. 2011ല്‍ 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം ജൂലൈ വരെ മാത്രം 678 കേസുകള്‍ രേഖപ്പെടുത്തിയെന്ന് പോലീസ് ഭാഷ്യം. നഗരങ്ങളില്‍ ലഹരി ഉപയോഗം വന്‍ തോതില്‍ കൂടി വരുന്നതായാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടുംബത്തില്‍ ഗൃഹനാഥനും സുഹൃത്തുക്കളും മദ്യപിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ മദ്യപാന ശീലത്തിലേക്കും ലഹരി ഉപയോഗത്തിലേക്കും വീഴുന്നത് സ്വാഭാവികമാണ്. അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ സാധാരണ രീതി മാത്രമാണത്. ചില കുടുംബങ്ങളിലെങ്കിലും ഭാര്യയും ഭര്‍ത്താവും കുട്ടികളുമെല്ലാം ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്ന സ്വഭാവം ഉണ്ട്. ഇതൊക്കെയും കുട്ടികളിലെ ലഹരി ഉപയോഗത്തെ കാര്യമായിത്തന്നെ സ്വാധീനിക്കുമെന്ന കാര്യം നിശ്ചയമാണ്.
സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനും ഉള്ളുതുറക്കുന്നതിനുമെല്ലാം ഒരു മാര്‍ഗമായാണ് ചിലരെങ്കിലും മദ്യപാനം ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തെ കാണുന്നത്. അത്തരമുള്ള കമ്പനി ചേരല്‍ അന്തസ്സായ ഒരു പ്രവൃത്തിയായി പലരും കരുതുന്നു. ഒട്ടുമിക്കയിടങ്ങളിലും വ്യക്തിഗത ആഘോഷങ്ങള്‍ നടത്തുന്നത് മദ്യസല്‍ക്കാരത്തിലൂടെയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ വരെ ഇതിലുള്‍പ്പെടും. ഇത്തരം മദ്യസല്‍ക്കാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ അപരിഷ്‌കൃതരായി മുദ്രകുത്തപ്പെടുകയും ഒറ്റപ്പെടുത്തലിന് ഇരയാവുകയും ചെയ്യും.
കൃത്യവും സമഗ്രവും ആലോചനാപൂര്‍വവുമുള്ള സത്വര നടപടികള്‍ കുട്ടികളുടെ മയക്കുമരുന്ന്, മദ്യ ഉപയോഗത്തിനെതിരെ ആവിഷ്‌കരിക്കേണ്ടതുണ്ട്. കുടുംബത്തില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും സുരക്ഷാ സംവിധാനങ്ങളില്‍ നിന്നും ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടാകുന്നതോടൊപ്പം മയക്കുമരുന്ന് വിതരണ ശൃംഖലകളെ കണ്ടെത്തി ഉചിതമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാറും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ അധികം വൈകാതെ തന്നെ നമ്മുടെ വിദ്യാലയങ്ങള്‍ മയക്കുമരുന്ന് വിപണികളുടെ ഉത്സവപ്പറമ്പാകും. നമ്മുടെ മക്കള്‍ നമ്മുടേതുമല്ലാതെ ആയിത്തീരും.
(അവസാനിച്ചു)

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest