Connect with us

National

കാവേരി: സംസ്ഥാനത്ത് ജലക്ഷാമമെന്ന് വിദഗ്ധ സമിതിക്ക് മുന്നില്‍ കര്‍ണാടക

Published

|

Last Updated

ബെംഗളൂരു: തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ തുടങ്ങിയതോടെ കര്‍ണാടക രൂക്ഷമായ ജലക്ഷാമം നേരിടുകയാണെന്ന് കാവേരി ഉന്നതതല സാങ്കേതിക സമിതിയെ സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തി.
കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി എസ് ഝായുടെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ വിധാന്‍ സൗധയില്‍ ചേര്‍ന്ന യോഗത്തിലാണ് കര്‍ണാടക ജലവിഭവ മന്ത്രി എച്ച് ബി പാട്ടീലും ചീഫ് സെക്രട്ടറി സുഭാഷ് ഖുണ്ഡ്യയും സംസ്ഥാനം നേടിരുന്ന വരള്‍ച്ച സംബന്ധിച്ച് സമിതിയെ ബോധ്യപ്പെടുത്തിയത്. ജലവിതാനം അനുദിനം കുറഞ്ഞുവരുന്നത് കര്‍ണാടകയെ വീണ്ടും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ജലക്ഷാമം ഇത്രയേറെ രൂക്ഷമായ സ്ഥിതിവിശേഷം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം മാനിച്ചാണ് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടി വന്നതെന്നും ജലവിഭവ മന്ത്രി എച്ച് ബി പാട്ടീല്‍ വിധാനസൗധയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
യോഗത്തിന് ശേഷം ഹെലികോപ്ടറില്‍ മദ്ദൂറിലെത്തിയ സംഘം കാവേരി നദീതട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരില്‍ കണ്ട് വിലയിരുത്തി. കൃഷ്ണ രാജ് സാഗര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന മണ്ഡ്യയിലും സമിതി സന്ദര്‍ശനം നടത്തി. കേന്ദ്ര ജലവിഭവ കമ്മീഷന്‍ അംഗം എസ് മസൂദ് ഹുസൈന്‍, ചീഫ് എന്‍ജിനീയര്‍, കൃഷ്ണ, ഗോദാവരി നദീതട മേഖലയുടെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ ആര്‍ കെ ഗുപ്ത, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, കര്‍ണാടക, തമിഴ്‌നാട്, കേരള, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കാവേരി നദിക്ക് കുറുകെയുള്ള മണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടും കബനി നദിയും സംഘം സന്ദര്‍ശിച്ചു. ഇന്ന് ഹേമാവതി, ഹാരംഗി അണക്കെട്ടുകള്‍ സന്ദര്‍ശിക്കും.
തമിഴ്‌നാട്ടിലെ മേട്ടൂര്‍, ഭവാനി, അമരാവതി അണക്കെട്ടുകളും സമിതി പരിശോധനക്ക് വിധേയമാക്കും. കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി എസ് ഝാ ഈ മാസം പതിനേഴിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച ഹരജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക.
അതിനിടെ, തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ അണക്കെട്ടിന് മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. ഈ മാസം 11ന് ബെംഗളൂരു- മൈസൂരു ഹൈവേ ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.