Connect with us

International

സമാധാന നൊബേല്‍: ആഘോഷിക്കാനേറെ; വിമര്‍ശിക്കാനും

Published

|

Last Updated

സമാധാന കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ഫാര്‍ക് മേധാവി റോഡ്രിഗോ ലോന്‍ഡോനോയെ ഹസ്തദാനം ചെയ്യുന്ന  പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ്(ഫയല്‍)

സമാധാന കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ഫാര്‍ക് മേധാവി റോഡ്രിഗോ ലോന്‍ഡോനോയെ ഹസ്തദാനം ചെയ്യുന്ന പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ്(ഫയല്‍)

ജനീവ: അഞ്ച് പതിറ്റാണ്ടായി കൊളംബിയന്‍ ജനതയുടെ ഉറക്കം കെടുത്തിയ ഫാര്‍ക് തീവ്രവാദികളുമായി സമാധാന കരാര്‍ ഉണ്ടാക്കിയ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിനെ തേടി നൊബേല്‍ സമ്മാനമെത്തുമ്പോള്‍ സമ്മിശ്ര വികാരമാണ് ആഗോള തലത്തില്‍ ഉയരുന്നത്. ചര്‍ച്ചയുടെയും ഉള്‍ക്കൊള്ളലിന്റെയും വഴിയിലൂടെ സഞ്ചരിച്ചാല്‍ ഏത് തീവ്രവാദ പ്രവണതക്കും പരിഹാരം കാണാമെന്ന വ്യക്തമായ സന്ദേശം ലോകത്തിന് നല്‍കിയ കരാറാണ് ഈ പുരസ്‌കാരത്തിലൂടെ ആദരിക്കപ്പെടുന്നത്.
ആത്മാര്‍ഥമായ മാധ്യസ്ഥ്യത്തിന് വലിയ ശക്തിയുണ്ടെന്നും ഈ കരാര്‍ വിളിച്ചു പറയുന്നു. സൈനികമായ പരിഹാരം ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നും ചര്‍ച്ചകളിലൂടെയാണ് തീവ്രവാദി ഗ്രൂപ്പുകളെപ്പോലും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതെന്നും റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫാര്‍ക്)യുമായുള്ള 297 പേജ് വരുന്ന കരാര്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് ലോബികളുടെ കുടിപ്പകയുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ ഗ്രാമീണ, കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി വെക്കുന്ന നിര്‍ദേശങ്ങളടങ്ങിയതാണ് കരാര്‍. ഇത്തരം കരാറുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികള്‍ നൊബേല്‍ പങ്കുവെക്കുകയെന്ന കീഴ്‌വഴക്കം നൊബേല്‍ സമിതി തെറ്റിക്കുന്നുണ്ട്. എങ്കിലും കരാറിലേക്ക് വഴി തുറക്കുകയും വിട്ടു വീഴ്ചക്ക് വഴങ്ങുകയും ചെയ്ത ഫാര്‍ക് മേധാവി റോഡ്രിഗോ ലോന്‍ഡോനോക്കും ഈ നിമിഷം അഭിമാനകരം തന്നെയാണ്. കരാറില്‍ പര്യവസാനിച്ച ചര്‍ച്ചകളുടെ വിവിധ ഘട്ടങ്ങളില്‍ ശക്തമായ മാധ്യസ്ഥ്യം വഹിച്ച ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോക്കും ചാരിതാര്‍ഥ്യജനകമാണ് പുരസ്‌കാരം.
എന്നാല്‍ ഹിതപരിശോധനയില്‍ കൊളംബിയന്‍ ജനത തള്ളിയ കരാറിന്റെ പേരിലാണ് പ്രസിഡന്റിന് പുരസ്‌കാരം നല്‍കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശം. 50.2 ശതമാനം വോട്ടര്‍മാരാണ് ഹിതപരിശോധനയില്‍ കരാറിന് എതിരെ വോട്ട് ചെയ്തത്. മുന്‍ പ്രസിഡന്റ് അല്‍വാരോ യുറൈബും സംഘവും കരാറിനെതിരെ നടത്തിയ പ്രചണ്ഡ പ്രചാരണം ജനങ്ങളെ സ്വാധീനിച്ചെങ്കിലും ഹിത പരിശോധനയിലെ വോട്ടിംഗ് ശതമാനം തീരെ കുറഞ്ഞത് “വേണ്ട” എന്ന പക്ഷത്തിന് തിരിച്ചടിയായിരുന്നു. പ്രസിഡന്റ് സാന്റോസ് ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തന്നെ വന്‍ പ്രചാരണം നടത്തിയിരുന്നു. ഘോര യുദ്ധം ജയിക്കുന്നതിന് തുല്യമാണ് കരാറെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. എന്നാല്‍ ജനവഞ്ചനയുടെ ഉദാഹരണമാണ് കരാറെന്ന് മുന്‍ പ്രസിഡന്റ് വാദിച്ചു. തന്റെ ഭരണകാലത്ത് നടത്തിയ അടിച്ചമര്‍ത്തലില്‍ പൊറുതി മുട്ടിയ ഫാര്‍ക് തീവ്രവാദികള്‍ ഗതിയില്ലാതെയിരിക്കുമ്പോള്‍ അവര്‍ക്ക് രക്ഷമാര്‍ഗമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഫാര്‍ക്കിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ഭൂപരിഷ്‌കരണവും ഗ്രാമീണ വികാസവും വരുന്ന കരാറിലെ ഭാഗങ്ങളില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. എന്നാല്‍ ഫാര്‍ക് തീവ്രവാദികളുടെ കീഴടങ്ങലും രാഷ്ട്രീയ പ്രവേശവും സംബന്ധിച്ച ഭാഗങ്ങളിലായിരുന്നു വിമര്‍ശം. 2018ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഫാര്‍ക് നേതാക്കളെ 106 അംഗ കൊളംബിയന്‍ സെനറ്റിലേക്ക് നേരിട്ട് നാമ നിര്‍ദേശം ചെയ്യും, നിശ്ചിത കാലം വരെ ഫാര്‍ക് ഗറില്ലകള്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കും, യോഗ്യതയുള്ളവര്‍ക്ക് സൈന്യത്തില്‍ പ്രവേശം നല്‍കും തുടങ്ങിയ വ്യവസ്ഥകള്‍ ജനങ്ങളില്‍ വലിയ പ്രതിഷേധമുണ്ടാക്കി. തീവ്രവാദികളുടെ വിചാരണക്ക് പ്രത്യേക കോടതിയുണ്ടാക്കുന്നതിനെയും ജനങ്ങള്‍ സംശയത്തോടെയാണ് കണ്ടത്. സാന്റോസിന്റെ ജനപ്രീതി ഇടിഞ്ഞ ഘട്ടത്തിലാണ് ഹിതപരിശോധന നടന്നത് എന്നതും വിനയായി.
സോവിയറ്റ് യൂനിയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫാര്‍ക്കിനെ ഭീകര സംഘടനയുടെ പട്ടിയിലാണ് അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു സംഘടനക്ക് മുഖ്യധാരയിലേക്ക് വരാന്‍ അവസരം നല്‍കുന്ന കരാര്‍ നൊബേല്‍ സമ്മാനത്തിന് ഹേതുവാകുന്നതില്‍ യു എസിനും സഖ്യശക്തികള്‍ക്കും പിടിക്കില്ലെന്നുറപ്പാണ്.

Latest