Connect with us

International

മാത്യു കൊടുങ്കാറ്റ്: മരണം 850 കടന്നു

Published

|

Last Updated

പോര്‍ട്ട് ഒ പ്രിന്‍സ്: ഹെയ്തിയിലും ഡൊമിനിക് റിപ്പബ്ലിക്കിലും ആഞ്ഞടിച്ച മാത്യു കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 850 കടന്നു. ദുരിതാശ്വാസ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും കൊടുങ്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹെയ്തിയില്‍ ആഞ്ഞടിച്ചത്. കാറ്റിനൊപ്പം കനത്ത മഴയുമായതോടെ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. 3200 വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും കന്നുകാലികള്‍ ഒലിച്ചു പോകുകയും ചെയ്തു.
കാറ്റ് ശക്തിയായി വീശിയടിച്ച് നാശം വിതച്ച സ്ഥലങ്ങളില്‍ വിനിമയ സംവിധാനങ്ങള്‍ ഇപ്പോഴും നിലച്ചിരിക്കുകയാണ്.
ഹെയ്തിയില്‍ നാശം വിതച്ചതിന് ശേഷം മറ്റൊരു കരീബിയന്‍ രാജ്യമായ ബഹ്മാസിനും ക്യൂബയിലും കാറ്റ് നാശം വിതച്ചു. തുടര്‍ന്ന് അമേരിക്കയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളെ ലക്ഷ്യമായി നീങ്ങിയ കാറ്റ് ഇന്നലെ രാവിലെ അമേരിക്കന്‍ നഗരമായ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്യു കൊടുങ്കാറ്റ് നേരിട്ട് വീശിയടിക്കുന്ന അമേരിക്കന്‍ നഗരമാണ് ഫ്‌ളോറിഡ. മണിക്കൂറില്‍ 130 കിലോമീറ്റര്‍, 120 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റഗറി നാല്, മൂന്ന് വിഭാഗത്തില്‍ പെട്ട കാറ്റാണ് ഫ്‌ളോറിഡയില്‍ വീശിയടിച്ചത്. കാറ്റ് വീശിയടിച്ചതോടെ സെന്റ് ലൂയിസില്‍ 52കാരി ഹൃദയാഘാതം മൂലം മരിച്ചു. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 11 അടി ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്ന ഇവിടെ 15 ഇഞ്ച് മഴ ലഭിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ബന്ധം നിലച്ചതിനാല്‍ ആറ് ലക്ഷം പേര്‍ ദുരിതം അനുഭവിക്കുന്നതായി ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു. 22000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാറ്റ് ഇപ്പോഴും പാതിവഴിയിലാണെന്നും യഥാര്‍ഥ നാശം വരാനിരിക്കുന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കാറ്റ് നാശംവിതക്കുമെന്ന് കരുതുന്ന സംസ്ഥാനങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സുരക്ഷാ ഗാര്‍ഡുകളും പട്ടാളക്കാരും കര്‍മനിരതരായി രംഗത്തുണ്ട്.

Latest