Connect with us

Gulf

ജൂണിന് ശേഷം എണ്ണ വില ആദ്യമായി 50 ഡോളറിന് മുകളില്‍

Published

|

Last Updated

ദോഹ: എണ്ണയുത്പാദനം വെട്ടിക്കുറക്കാന്‍ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും എണ്ണ വില 50 ഡോളറിന് മുകളിലെത്തി. ജൂണിന് ശേഷം ആദ്യമായാണ് എണ്ണ വില 50 ഡോളര്‍ മറികടക്കുന്നത്. യു എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ഒരു ബാരലിന് 50.20 ഡോളറിനാണ് വ്യാപാരം നടത്തിയത്. ലണ്ടനില്‍ 52.38 ഡോളറായി ഉയര്‍ന്നെന്ന് ബുധനാഴ്ചത്തെ യു എസ് പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭരണം 30 ലക്ഷം ബാരലായി താഴ്ന്നുവെന്ന് ഡബ്ല്യു ടി ആര്‍ ജി ഇക്കണോമിക്‌സിന്റെ ജെയിംസ് വില്യംസ് പറയുന്നു. ഖനന ചെലവുമായി യോജിച്ചുപോകണമെങ്കില്‍ മിക്ക കമ്പനികള്‍ക്കും വില ബാരലിന് 50 ഡോളറെങ്കിലും ലഭിക്കണം. ഓയില്‍ സര്‍വീസ് കമ്പനിയായ ഹല്ലിബര്‍ടന്റെ ഓഹരികള്‍ 1.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ലണ്ടനില്‍ ബി പിയുടെ ഓഹരികള്‍ 0.8ഉം ഷെല്ലിന്റെ 0.7ഉം ശതമാനം ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ വമ്പന്മാരായ എക്‌സോണ്‍ മൊബീലിന്റെത് 0.4ഉം ഷെവ്‌റോണിന്റെത് 0.3ഉം ശതമാനം വര്‍ധിച്ചു.
ഒപെകിന്റെ തീരുമാനത്തില്‍ വിപണി വിദഗ്ധര്‍ നേരത്തെ ചില സംശയങ്ങള്‍ ഉയര്‍ത്തിയെങ്കിലും എണ്ണ വില ശക്തമാകുന്നതിന്റെ സൂചനകളാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.
നിലവിലുള്ള പ്രതിദിനം 33.24 ദശലക്ഷം ബാരലില്‍ നിന്ന് പ്രതിദിനം 32.5 ദശലക്ഷം ബാരലിലേക്ക് ഉത്പാദനം കുറക്കാനാണ് ഒപെക് തീരുമാനിച്ചത്. പ്രതിദിനം ഏഴ് ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുന്നത്. അല്‍ജീരിയ തലസ്ഥാനമായ അല്‍ജിയേഴ്‌സില്‍ നടന്ന പതിനഞ്ചാം അന്താരാഷ്ട്ര ഊര്‍ജ ഫോറത്തിന്റെ അനുബന്ധമായി നടത്തിയ ഒപെക് മന്ത്രിമാരുടെ അനൗപചാരിക ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.
നവംബറില്‍ നടക്കുന്ന ഒപെക് യോഗം ഔപചാരികമായി ധാരണയില്‍ ഒപ്പുവെക്കും. ഇതിനുമുമ്പ് 2008ലാണ് എണ്ണ ഉത്പാദനം കുറക്കാന്‍ ഒപെക് തീരുമാനിച്ചത്.