Connect with us

Kerala

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുന്‍ഗണന നല്‍കണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷമായെങ്കിലും ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന മുദ്രാവാക്യം പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആയിരം വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന സാന്ത്വനം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യവും കഷ്ടപ്പാടുമനുഭവിക്കുന്നവരെ സഹായിക്കലാണ് ഏറ്റവും പുണ്യം നിറഞ്ഞ കര്‍മമെന്നാണ് ഇസ്‌ലാം പറയുന്നത്. പാര്‍പ്പിടവും ഭക്ഷണവും സ്വപ്‌നം കാണാന്‍ പോലും കഴിയാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നും രാജ്യത്ത് കഴിയുന്നുണ്ട്. ഇവരുടെ കണ്ണീരൊപ്പാനാണ് ഭരണാധികാരികളും സാമൂഹിക സംഘടനകളും മുന്‍ഗണന നല്‍കേണ്ടത്.
അനാവശ്യ വിവാദങ്ങളുണ്ടാക്കി രാജ്യത്തെ മതന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ എഴുപത് വര്‍ഷം ഇന്ത്യയിലെ വ്യത്യസ്ത മത വിഭാഗങ്ങള്‍ അവരുടെ മത വിശ്വാസമനുസരിച്ച് ജീവിച്ച് പോരുകയാണ്. “നാനാത്വത്തില്‍ ഏകത്വ”മെന്ന സന്ദേശമാണ് രാജ്യം ഏക്കാലവും ഉയര്‍ത്തിപ്പിടിച്ചത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ബഹുഭാര്യത്വവും മുത്വലാഖും നിയമവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടതും ഏകസിവില്‍ കോഡ് നടപ്പില്‍ വരുത്താന്‍ നിയമ കമ്മീഷനിലുടെ നീക്കം നടത്തുന്നതും ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ അവരുടെ മതവിശ്വാസ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ തയ്യാറാവണമെന്നും കാന്തപുരം പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളിലെയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെയും ഏറ്റവും പാവപ്പെട്ടവരാണ് “ദാറുല്‍ ഖൈര്‍” എന്ന് പേരിട്ട ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വീട് നിര്‍മാണത്തിന്റെ ഒന്നാംഘട്ട സാമ്പത്തിക സഹായം ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്തു. കെ പി കേശവമോനോന്‍ ഹാളില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലില്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എ പ്രദീപ് കുമാര്‍ എം എല്‍ എ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, വി പി എം ഫൈസി വില്ല്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി മൂസ ഹാജി അപ്പോളോ, സയ്യിദ് ത്വാഹ സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, എ മുഹമ്മദ് പറവൂര്‍, മുഹമ്മദ് സാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക, എം വി സിദ്ദീഖ് സഖാഫി, സി എച്ച് റഹ്മത്തുല്ലാ സഖാഫി എളമരം പ്രസംഗിച്ചു.