Connect with us

Editorial

ബിസിസിഐ അല്ല സുപ്രീം

Published

|

Last Updated

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണകേന്ദ്രമായ ബി സി സി ഐ (ദി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ)ക്കെതിരെ സുപ്രീം കോടതി സ്വരം കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ശുദ്ധികലശം നടത്താന്‍ ജസ്റ്റിസ് ആര്‍ എം ലോധ സമിതി മുന്നോട്ടുവെച്ച ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ബി സി സി ഐ വിമുഖത കാണിച്ചതാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ രൂക്ഷമായ വിമര്‍ശത്തിന് ആധാരം. മാത്രമല്ല, ജസ്റ്റിസ് ലോധ സമിതിയിലൂടെ സുപ്രീം കോടതി ബി സി സി ഐക്ക് മേല്‍ അടിച്ചേല്‍പ്പിച്ച പരിഷ്‌കരണ നടപടികള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തുന്നതിന് സമാനമല്ലേയെന്ന് വിശദീകരിച്ച് കത്തയക്കണമെന്ന് അനുരാഗ് ഠാക്കൂര്‍ ഐ സി സി യോട് വാക്കാല്‍ ആവശ്യപ്പെട്ടത്രേ. രാജ്യത്തെ സര്‍ക്കാര്‍, ദേശീയ കായിക സംഘടനയുടെ പ്രവര്‍ത്തനത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയാല്‍ മാതൃസംഘടനക്ക് അംഗരാജ്യത്തിന്റെ അംഗീകാരം റദ്ദാക്കാം. ഇതിലൂടെ രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ വികാരം സുപ്രീം കോടതിക്ക് എതിരാക്കുക എന്ന ഗൂഢതന്ത്രമാണ് ബി സി സി ഐ പയറ്റിയതെന്ന് കരുതേണ്ടി വരും. ഐ സി സിയില്‍ അനുരാഗ് ഠാക്കൂര്‍ ഇത്തരമൊരു നീക്കം നടത്തിയോ എന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. രാജ്യത്തെ പരമോന്നത നീതിപീഠത്തെ ബി സി സി ഐ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ താറടിച്ച് കാണിക്കാന്‍ നടത്തിയ ശ്രമം അത്യന്തം അപലപനീയമാണ്. ലോധ സമിതി ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ആവശ്യമെങ്കില്‍ നിലവിലെ ഭരണ സമിതി പിരിച്ചുവിട്ട് മറ്റൊരു ഭരണ സമിതിയെ നിയോഗിക്കാന്‍ മടിക്കില്ലെന്ന അന്ത്യശാസനം കോടതി മയപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് അനുരാഗ് ഠാക്കൂര്‍ ഒരു ദേശീയ കായിക സംഘടനയുടെ അധ്യക്ഷന് യോജിക്കാത്ത വിധം പെരുമാറിയത്.
2013ലാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ കോളിളക്കം സൃഷ്ടിച്ച സ്‌പോട്ട് ഫിക്‌സിംഗ് (തത്‌സമയ വാതുവെപ്പ്) വിവാദം ഉടലെടുക്കുന്നത്. ഡല്‍ഹി പോലീസും മുംബൈ പോലീസും മത്സരിച്ച് അന്വേഷിച്ച തത്സമയ വാതുവെപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് രംഗം അപകടകരമാം വിധം കുത്തഴിഞ്ഞു കിടക്കുകയാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. ഐ പി എല്ലിലെ നിശാപാര്‍ട്ടികള്‍ മറയാക്കി നടക്കുന്ന കോര്‍പറേറ്റ് മേഖലയിലെ രഹസ്യധാരണകളും ക്രിക്കറ്റ് താരങ്ങളുടെ വഴിവിട്ട ബന്ധങ്ങളും വാതുവെപ്പ് കേസന്വേഷണത്തില്‍ സുവ്യക്തമായിരുന്നു. രാജ്യത്ത് ഏറ്റവുമധികം പേരെ ആകര്‍ഷിക്കുന്ന ക്രിക്കറ്റ് രംഗവും ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് ആശാസ്യമല്ലെന്ന് സുപ്രീം കോടതി അന്ന് തന്നെ അഭിപ്രായപ്പെട്ടിരുന്നു.
ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി തന്നെ മുന്‍കൈയെടുത്ത് ബി സി സി ഐ ശുദ്ധീകരണത്തിനായി ജസ്റ്റിസ് ആര്‍ എം ലോധ സമിതിയെ നിയോഗിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) ക്രിക്കറ്റിലെ ഒത്തുകളി സംബന്ധിച്ച് അതിവേഗത്തില്‍ സുപ്രീം കോടതിക്ക് മുമ്പാകെ റിപ്പോര്‍ട്ട് വെച്ച ലോധ സമിതി രാജ്യത്തെ കായിക പ്രേമികളുടെ മനസ്സറിഞ്ഞാണ് പ്രവര്‍ത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും വാതുവെപ്പ് കച്ചവടം ലോധ സമിതിക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. 2015 ജൂലൈയില്‍ ഈ ഫ്രാഞ്ചൈസികള്‍ക്ക് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഐ പി എല്ലില്‍ നിന്ന് പുറത്താക്കി ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഫ്രാഞ്ചൈസി ഉടമസ്ഥാവകാശം അന്ന് ബി സി സി ഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസനായിരുന്നുവെന്നത് ഓര്‍ക്കണം. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനിലൂടെ രാജ്യത്തെ മുഴുവന്‍ ക്രിക്കറ്റ് ഭരണത്തിന്റെയും അധിപനായി മാറിയ ശ്രീനിവാസന് ബി സി സി ഐയില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായത് ജസ്റ്റിസ് ലോധ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണിത്.
ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയക്കാര്‍ പാടില്ലെന്നും തുടരെ ആറ് വര്‍ഷം ഭാരവാഹിത്വം വഹിച്ചവര്‍ തുടരാന്‍ പാടില്ലെന്നും എഴുപത് പിന്നിട്ടവര്‍ മത്സരിക്കരുതെന്നും ഒരു സംസ്ഥാനത്ത് നിന്ന് ഒന്നില്‍ കൂടുതല്‍ അസോസിയേഷനുകള്‍ പാടില്ലെന്നും വാര്‍ഷിക വരവ് ചെലവുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യണമെന്നുമൊക്കെയായിരുന്നു ലോധ സമിതി നിര്‍ദേശങ്ങള്‍. ശ്രീനിവാസന്‍ പുറത്താവുകയും ശശാങ്ക് മനോഹര്‍ ബി സി സി ഐ പ്രസിഡന്റായി തിരിച്ചുവരുകയും ചെയ്ത വേളയില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള ശ്രമം നടന്നുവെന്നത് വിസ്മരിച്ചു കൂടാ. എന്നാല്‍, ശശാങ്ക് മനോഹര്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനായി പോയതോടെ ബി സി സി ഐ പ്രസിഡന്റ് പദവിയിലേക്ക് അനുരാഗ് ഠാക്കൂര്‍ എത്തിയത് സ്ഥിതി വീണ്ടും പഴയ പടിയാക്കി. ലോധ സമിതിയെ നിയമപരമായും സുപ്രീം കോടതിയെ വളഞ്ഞ വഴിക്കും നേരിടാനുള്ള കുതന്ത്രമാണ് അനുരാഗ് പയറ്റുന്നത്. രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെ പുച്ഛിക്കുന്നതാണ് ബി സി സി ഐ മേധാവിയുടെ പെരുമാറ്റം.
ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ വാക്ക് കടമെടുത്താല്‍, ആദരം വാക്കുകളിലല്ല പ്രവൃത്തിയിലാണ് വേണ്ടതെന്ന് ബി സി സി ഐ നേതൃത്വത്തെ ഓര്‍മപ്പെടുത്താതെ വയ്യ. തെറ്റുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ക്രിക്കറ്റ് എന്ന വികാരം മാറ്റിനിര്‍ത്തി പൊതുജനം ബി സി സി ഐക്ക് നേരെ തിരിയുന്ന സന്ദര്‍ഭം വരും.

Latest