Connect with us

Kerala

സ്വജനപക്ഷപാതം അഴിമതി തന്നെ; ബന്ധു നിയമനത്തിനെതിരെ ജനയുഗം മുഖപ്രസംഗം

Published

|

Last Updated

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധു നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ഉന്നത യോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുമ്പില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണെന്ന് എഡിറ്റോറിയല്‍ പറയുന്നു.

എതിരാളികളുടെ അഴിമതിക്കഥകളും അവര്‍ നേരിടുന്ന നടപടികളും നിരത്തിവെച്ച് സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ജനത്തിന്റെ മുന്നിലും നിയമത്തിന് മുന്നിലും വിലപ്പോവില്ല. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സങ്കീര്‍ണതകളില്‍ ഇടതുപക്ഷത്തെ വേറിട്ട് നിര്‍ത്തുന്നത് അതിന്റെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഉന്നവും സുതാര്യവുമായ ധാര്‍മികസ്ഥിരതയാണ്. അതിന് കളങ്കം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനോ വെച്ചുപൊറുപ്പിക്കാനോ പാടില്ല. അത് താങ്ങാനുള്ള സഹിഷ്ണുത ഇടതുപക്ഷ പാര്‍ട്ടികളും അതിന്റെ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കുമില്ലെന്ന് പത്രം ഓര്‍മ്മപ്പെടുത്തുന്നു.

സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണം. അത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്നണി മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. അത് എല്‍ഡിഎഫിന് മേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കുന്നതാവണമെന്നും എഡിറ്റോറിയല്‍ നിര്‍ദേശിക്കുന്നു.