Connect with us

Gulf

മൂന്ന് ദിവസത്തെ മഴ; ഡാമുകളില്‍ സംഭരിച്ചത് 22.2 കോടി ഗ്യാലന്‍ വെള്ളം

Published

|

Last Updated

ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസമായി പെയ്ത മഴയെത്തുടര്‍ന്ന് ഡാമുകളില്‍ 22.2 കോടി ഗ്യാലന്‍ വെള്ളം സംഭരിച്ചു. രാജ്യത്തെ ജലമേഖലയെ കൈകാര്യം ചെയ്യുന്നതിനായുള്ള 2016ലെ മന്ത്രിസഭാ ഉത്തരവ് നമ്പര്‍ ഏഴ് പ്രകാരം ജലവിഭവ വികസനത്തിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ യു എ ഇ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഊര്‍ജ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മതര്‍ ഹാമിദ് അല്‍ നെയാദി പറഞ്ഞു. മഴയെത്തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും വെള്ളപ്പൊക്കവും ഒഴിവാക്കുന്നതിനും സുസ്ഥിരമായ ജലസംഭരണത്തിനായുള്ള സാങ്കേതിക പദ്ധതികളും രാജ്യം നടപ്പിലാക്കിയിട്ടുണ്ട്. മഴക്കാലത്തിന് മുന്നോടിയായി മറ്റു വകുപ്പുകളെ കൂടി ഏകോപിപ്പിച്ച് ഡാമുകളുടെ പരിശോധന കഴിഞ്ഞ മാസംതൊട്ട് ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഡാമുകളിലും വാദികളിലും സന്ദര്‍ശനത്തിനെത്തുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അല്‍ നെയാദി കൂട്ടിച്ചേര്‍ത്തു.
അതേസമയം മഴ വകവെക്കാതെ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയും ശനിയും വടക്കന്‍ എമിറേറ്റുകളായ റാസല്‍ ഖൈമയിലേക്കും ഫുജൈറയിലേക്കും സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. കുടുംബങ്ങളടക്കം ആയിരക്കണക്കിന് സന്ദര്‍ശകരാണ് അല്‍ ഹജര്‍ പര്‍വത നിരയിലേക്കെത്തിയത്. ഡാമുകളും വാദികളും കൂടുതലുള്ള ഷാര്‍ജയുടെ ഭാഗങ്ങളായ കല്‍ബയിലേക്കും ദിബ്ബയിലക്കും കൂടുതലായി ജനങ്ങളെത്തി. മഴയെത്തുടര്‍ന്ന് വാദികള്‍ നിറഞ്ഞിരുന്നു. റോഡിലെ കനത്ത വെള്ളക്കെട്ടിനെ തുടര്‍ന്ന് വാദി അല്‍ ഹലോയിലേക്കുള്ള റോഡിന്റെ ഇരു ദിശകളിലേക്കുമുള്ള പ്രവേശന മാര്‍ഗങ്ങള്‍ ഷാര്‍ജ പോലീസ് അടച്ചിരുന്നു. റാസല്‍ ഖൈമയുടെ തെക്കന്‍ അതിര്‍ത്തിയായ ശൗക്ക, ബറക്, അല്‍ മനായി മേഖലകളിലാണ് കൂടുതലായി മഴ ലഭിച്ചത്. മസ്ഫൂത്ത്, ശൗക്ക, അല്‍ മനായി മേഖലകളില്‍ പെയ്ത മഴയെ തുടര്‍ന്ന് ഷാര്‍ജയിലേക്കുള്ള പ്രധാന റോഡില്‍ ചെറിയ നദി പോലെ വെള്ളമൊഴുകി. വാദി ശൗക്കയിലും വാദി അല്‍ ലയാത്തിലും ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പ്രധാന ഹൈവേയിലൂടെയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിയിരുന്നു. മൂന്ന് മണിക്കൂറോളം നൂറുകണക്കിന് വാഹനങ്ങളാണ് നിര്‍ത്തിയിടേണ്ടിവന്നത്.

Latest