Connect with us

Articles

ചോദ്യാവലിയിലെ ചതി; വാദങ്ങളിലെ വൈരുധ്യം

Published

|

Last Updated

നിരവധി ചതിക്കുഴികള്‍ ഒളിപ്പിച്ചുവെച്ച, ഒരു തീപ്പൊരി വീണാല്‍ കത്താന്‍ പാകത്തിലുള്ള അരക്കില്ലമാണ് ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി. “അതേ” എന്നോ “അല്ല” എന്നോ ഉത്തരമെഴുതേണ്ട ചോദ്യങ്ങളാണ് അതില്‍ മിക്കവയും. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍, കോഡ് ഏകീകരണത്തിനും വ്യക്തി നിയമങ്ങള്‍ അവസാനിപ്പിക്കാനും ജനങ്ങളുടെ പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള മാരകായുധമായി ഈ ചോദ്യാവലി പരിണമിക്കും. ചോദ്യാവലിയോട് ആരാണ് പ്രതികരിക്കാന്‍ പോകുന്നത്, അവരുടെ പ്രത്യയശാസ്ത്ര സമീപനമെന്ത് എന്നൊന്നും പരിഗണനാ വിഷയമായിരിക്കില്ല. ഏകീകൃത സിവില്‍ കോഡ് (യു സി സി) നീക്കത്തെ പിന്തുണച്ചവരിത്ര, എതിര്‍ത്തവരിത്ര എന്ന അക്കക്കണക്ക് മാത്രമാണ് അവശേഷിക്കുക. “യെസി”നും “നോ”ക്കുമിടയില്‍ ഉത്തരങ്ങളുടെ മഹാസമുദ്രമുണ്ട് എന്ന് അറിയാത്തവരല്ല ഇത് തയ്യാറാക്കിയിട്ടുള്ളത്. ഇത്രക്കും വിശാലവും ഗഹനവുമായ വിഷയത്തില്‍ ഇത്തരമൊരു ചോദ്യാവലി തയ്യാറാക്കുകയെന്നത് സര്‍വേകളുടെ രീതിശാസ്ത്രമനുസരിച്ച് തന്നെ അബദ്ധമാണെന്നും അറിയാത്തവരല്ല നിയമ കമ്മീഷനിലിരിക്കുന്നവര്‍. ചോദ്യത്തില്‍ കുടുക്കുക തന്നെയാണ് ലക്ഷ്യം.
16 ചോദ്യങ്ങളുള്ള ചോദ്യാവലിയിലെ ആദ്യത്തെ ചോദ്യമെടുക്കാം: “രാജ്യമൊട്ടുക്കും ഏക സിവില്‍ നിയമം കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് ഭരണഘടനയിലെ 44ാം വകുപ്പില്‍ പറഞ്ഞിട്ടുള്ളത് അറിയാമോ? ഈ വിഷയത്തില്‍ എന്തെങ്കിലും കൂടുതല്‍ ചെയ്യണമെന്ന് കരുതുന്നുണ്ടോ?” അങ്ങനെ ലളിതമായി ഉത്തരം പറഞ്ഞ് പോകാവുന്ന ചോദ്യമല്ല അത്. നിര്‍ദേശക തത്വങ്ങളെ കുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും വിശദമായ വിശകലനത്തിന് ശേഷം മാത്രമേ മറുപടി നല്‍കേണ്ടതുള്ളൂ. ഇനി രണ്ടാമത്തെ ചോദ്യം നോക്കൂ: “ഇന്ത്യയില്‍ കുടുബ നിയമത്തിന്റെ കാര്യത്തില്‍ വിവിധ മത വിഭാഗങ്ങളെ ഭരിക്കുന്നത് വ്യക്തി നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ്. ഏകീകൃത സിവില്‍ നിയമത്തില്‍ ഈ വിഷയങ്ങള്‍ മുഴുവനോ ഭാഗികമായോ ഉള്‍പ്പെടേണ്ടതുണ്ടോ?” ഈ ചോദ്യത്തിന് എന്ത് ഉത്തരമെഴുതും. “ഉണ്ട”് എന്നെഴുതിയാലും “ഇല്ല” എന്നെഴുതിയാലും ഏകീകൃത സിവില്‍ കോഡിനെ നിങ്ങള്‍ പിന്തുണച്ചുവെന്ന് വരും. അതാണ് മുട്ടന്‍ ചതി.
ഭരണഘടനയുടെ നാലാം ഭാഗത്ത് പ്രതിപാദിക്കുന്ന, രാഷ്ട്രത്തിനായുള്ള നിര്‍ദേശക തത്വങ്ങളില്‍ ഏക സിവില്‍ കോഡിനെക്കുറിച്ച് പരാമര്‍ശമുണ്ട് എന്നതാണ് കോഡ് ഏകീകരണത്തിനായി വാദിക്കുന്ന ന്യായാധിപന്‍മാരും രാഷ്ട്രീയ നേതാക്കളും പൗര സമൂഹക്കാരുമെല്ലാം ഉയര്‍ത്തിക്കാണിക്കുന്നത്. ഇവിടെ, നിര്‍ദേശക തത്വങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നുണ്ട്. ഭരണഘടനയിലെ 36 മുതല്‍ 51 വരെ വകുപ്പുകളിലായാണ് നിര്‍ദേശകതത്വങ്ങള്‍ പ്രതിപാദിക്കുന്നത്. “രാജ്യത്താകമാനം ബാധകമായ ഒരു സിവില്‍ നിയമസംഹിത നിര്‍മിക്കണ”മെന്ന് 44ാം വകുപ്പ് നിര്‍ദേശിക്കുന്നു. രാഷ്ട്രം അഥവാ ഭരണകൂടം അതിന്റെ പ്രയാണത്തിനിടെ കൈവരിക്കേണ്ട ലക്ഷ്യങ്ങളെന്നാണ് നിര്‍ദേശക തത്വങ്ങളെ (ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ്) നിര്‍വചിച്ചിട്ടുള്ളത്. ഐറിഷ് റിപ്പബ്ലിക്കിന്റെ ഭരണഘടനയില്‍ നിന്നാണ് ഇതിന്റെ പ്രചോദനം. വിപ്ലവ ഫ്രാന്‍സിന്റെ മനുഷ്യാവകാശ പ്രഖ്യാപനവും അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഇത്തരമൊരു ഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ ഭരണഘടനകള്‍ക്കൊന്നിനും ഇന്ത്യയിലുള്ളത് പോലെ വ്യവസ്ഥാപിതവും വിശദവുമായ മൗലികാവകാശങ്ങളില്ലെന്ന് മനസ്സിലാക്കണം. അത്‌കൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടനയില്‍ ഇങ്ങനെയൊന്ന് വേണമോയെന്ന് ഭരണഘടനാ നിര്‍മാണ സമിതിയില്‍ കാര്യമായി ചര്‍ച്ചയായതാണ്. പാശ്ചാത്യ രാജ്യങ്ങളെ അപ്പടി പകര്‍ത്തുന്നതായിപ്പോയി നിര്‍ദേശക തത്വങ്ങളെന്ന വിമര്‍ശം പോലും ഉയര്‍ന്നു വന്നു. മൗലികാവകാശങ്ങളുമായി ഇവ ഏറ്റുമുട്ടുമോയെന്ന ഭയം ഭരണഘടനാ ശില്‍പ്പികള്‍ക്ക് തന്നെയുണ്ടായിരുന്നു.
ഈ പ്രശ്‌നം ഒഴിവാക്കാന്‍ അത്യന്തം പ്രാധാന്യമേറിയ വ്യവസ്ഥ എഴുതിച്ചേര്‍ത്തു. 37ാം വകുപ്പ് പ്രകാരം നിര്‍ദേശക തത്വങ്ങള്‍ “ന്യായാവാദാനര്‍ഹമാ”യിരിക്കുമെന്നതാണ് ആ വ്യവസ്ഥ. എന്നുവെച്ചാല്‍ അവ നടപ്പാക്കാന്‍ സുപ്രീം കോടതിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് തന്നെ. മൗലികാവകാശങ്ങളുടെ കാര്യം ഇതിന് നേരെ വിപരീതമാണ്. അത് നടപ്പായിക്കിട്ടാന്‍ പൗരന്‍മാര്‍ക്ക് കോടതികളെ സമീപിക്കാം. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഘട്ടത്തില്‍ ഇടപെടാനും എക്‌സിക്യൂട്ടീവിനെയും ലജിസ്ലേച്ചറിനെയും ഇക്കാര്യത്തില്‍ തിരുത്താനും കോടതികള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ നിര്‍ദേശക തത്വങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നേയുള്ളൂ. ഇതുസംബന്ധിച്ച് ഡോ. ബി ആര്‍ അംബേദ്കര്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്. നിര്‍ദേശക തത്വങ്ങളില്‍ ഏതെങ്കിലുമൊന്നിനെ ലംഘിക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ബില്ല് വന്നാല്‍ രാഷ്ട്രപതിയോ ഗവര്‍ണറോ എന്ത് നിലപാടെടുക്കണം എന്ന ചോദ്യമുയര്‍ന്നു. ഭരണഘടന ശരിവെക്കുകയും പരിരക്ഷിക്കുകയും ചെയ്ത് കൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്തതിനാല്‍ നിര്‍ദേശക തത്വത്തെ ലംഘിക്കുന്ന ബില്ലിന് അനുമതി നിഷേധിക്കണമെന്ന അഭിപ്രായം ചില അംഗങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ അംബേദ്കര്‍ ഈ അഭിപ്രായത്തെ നിരാകരിക്കുകയും “അപകടകരമായ ഒരു സിദ്ധാന്ത”മായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. ഭരണഘടന അത് ആവശ്യപ്പെടുന്നില്ല എന്ന് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. മറ്റൊരു ഘട്ടത്തില്‍, പൊതു സിവില്‍ കോഡടക്കമുള്ള നിര്‍ദേശക തത്വങ്ങള്‍ വിശാലമായ പൊതുജനാഭിപ്രായത്തിലൂടെ മാത്രമേ നടപ്പാക്കേണ്ടതുള്ളൂ എന്നും അംബേദ്കര്‍ വ്യക്തമാക്കി.
ഇതില്‍ നിന്ന് തെളിയുന്നതെന്താണ്? മൗലികാവകാശങ്ങളും നിര്‍ദേശക തത്വവും തമ്മില്‍ താരതമ്യത്തിന് മുതിര്‍ന്നാല്‍ മൗലികാവകാശങ്ങള്‍ക്ക് തന്നെയാണ് പ്രാമുഖ്യമുള്ളത്. 19 മുതല്‍ 32 വരെയുള്ള വകുപ്പുകള്‍ ഭരണഘടന പൗരന്‍മാര്‍ക്ക് വകവെച്ച് കൊടുക്കുന്ന അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇതില്‍ 25ാം വകുപ്പില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു: പൊതുക്രമം, സദാചാരം, ആരോഗ്യം എന്നിവക്ക് വിധേയമായി ഒരു പൗരന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് ആചരിക്കാനും പ്രചരിപ്പിക്കാനും തുല്യ സ്വാതന്ത്യമുണ്ടായിരിക്കും. ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് ഒരാള്‍ക്ക് മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടായിരിക്കെ അതനുസരിച്ചുള്ള വ്യക്തി നിയമത്തിനും അദ്ദേഹത്തിന് അവകാശമുണ്ടായിരിക്കുമല്ലോ. തന്റെ മതാനുഷ്ഠാനം പൂര്‍ണമാകണമെങ്കില്‍ അതനുസരിച്ചുള്ള വ്യക്തി നിയമം അനിവാര്യമാകുമ്പോള്‍ ഏക സിവില്‍ കോഡ് മൗലികാവകാശത്തിന്റെ ലംഘനവുമാകുമല്ലോ. 29ാം അനുച്ഛേദവും ഈ വസ്തുത ഊട്ടിയുറപ്പിക്കുന്നു. രാജ്യത്തെ മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷയും സംസ്‌കാരവും നിലനിര്‍ത്താനും അതിന്‍മേലുള്ള അധിനിവേശം ചെറുക്കാനും ഈ വകുപ്പ് സ്വാതന്ത്ര്യം നല്‍കുന്നു. ഇനി ആര്‍ട്ടിക്കിള്‍ 26 നോക്കൂ. മതകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സ്വാതന്ത്ര്യം അത് ഉറപ്പ് നല്‍കുന്നു. ഇതനുസരിച്ച് എല്ലാ മതവിഭാഗങ്ങള്‍ക്കും നാല് കാര്യങ്ങള്‍ക്ക് കൃത്യമായ സ്വാതന്ത്ര്യമുണ്ടായിരിക്കും. 1- മതധര്‍മ ലക്ഷ്യങ്ങള്‍ക്കായി സ്ഥാപനങ്ങളുണ്ടാക്കി നിലനിര്‍ത്താന്‍ 2- മതകാര്യങ്ങളെ സംബന്ധിച്ച് സ്വയം വേണ്ടതെല്ലാം നിര്‍വഹിക്കാന്‍ 3- സ്ഥാവര ജംഗമ വസ്തുക്കള്‍ നേടാനും അവയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്താനും 4- നിയമങ്ങളനുസരിച്ച് അത്തരം സ്വത്തുക്കളുടെ ഭരണം നടത്താന്‍. മതസ്വാതന്ത്ര്യത്തിനും വൈവിധ്യ സംരക്ഷണത്തിനും നമ്മുടെ ഭരണഘടന എത്രമാത്രം പ്രാധാന്യം നല്‍കിയിരിക്കുന്നുവെന്നാണ് ഈ അനുച്ഛേദങ്ങളെല്ലാം വ്യക്തമാക്കുന്നത്. എന്നിട്ടും നിര്‍ദേശകതത്വത്തിലെ പരാമര്‍ശം എടുത്തുയര്‍ത്തി ഏക സിവില്‍ കോഡിനായി വാദിക്കുമ്പോള്‍ രാജ്യത്തിന്റെ ബഹുസ്വരതയാണ് വെല്ലുവിളിക്കപ്പെടുന്നത്. മൗലികാവകാശത്തെ തന്നെയാണ് അത് നിരാകരിക്കുന്നത്.
നിര്‍ദേശക തത്വത്തില്‍ പറയുന്ന മറ്റു കാര്യങ്ങള്‍ എന്തൊക്കെയെന്നു കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. “പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും ലഹരി പാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും ഉപയോഗം തടയുകയും ചെയ്യുക” (47ാം വകുപ്പ്) എന്ന് നിര്‍ദേശകതത്വങ്ങള്‍ വ്യക്തമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ജനങ്ങളില്‍ അവശ വിഭാഗങ്ങളുടെ പ്രത്യേകിച്ച് പട്ടിക ജാതികളുടെയും പട്ടിക വര്‍ഗക്കാരുടെയും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ സവിശേഷ ശ്രദ്ധയോടു കൂടി പ്രാവര്‍ത്തികമാക്കുക (46ാം വകുപ്പ്) എന്നും ഈ ഭാഗത്ത് പറയുന്നു. 39ാം വകുപ്പ്, പൊതു നന്‍മക്ക് വേണ്ടി ജനസഞ്ചയത്തിന്റെ ഭൗതിക വിഭവങ്ങള്‍ ഉചിതമായി വിതരണം നടത്തണമെന്നും പൊതു ദ്രോഹത്തിനിടയാകുന്ന വിധം സ്വത്ത് കുമിഞ്ഞു കൂടുന്നത് തടയണമെന്നും നിഷ്‌കര്‍ഷിക്കുന്നു. പൗരന്‍മാരുടെ ജീവിതം മെച്ചപ്പെട്ട നിലയിലേക്ക് മാറ്റിത്തീര്‍ക്കുന്നതിനായി മുഴക്കമുള്ള ഇത്തരം നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശക തത്വങ്ങളില്‍ നിന്ന് വിവാദപരമായ ഏക സിവില്‍ കോഡും ഗോവധ നിരോധവും മാത്രം അടര്‍ത്തിയെടുക്കുന്നതിന്റെ താത്പര്യം വ്യക്തമല്ലേ. എന്ത്‌കൊണ്ടാണ് ഇവര്‍ സമ്പൂര്‍ണ മദ്യ നിരോധത്തിനായി വാദിക്കാത്തത്? സാമ്പത്തിക സമത്വത്തിനായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാത്തത്? (തുടരും)

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest