Connect with us

Malappuram

മഅ്ദിന്‍ മുഹര്‍റം സമ്മേളനം സമാപിച്ചു

Published

|

Last Updated

മലപ്പുറം: മുഹര്‍റം പത്തിന്റെ വിശുദ്ധിയില്‍ സ്വലാത്ത് നഗര്‍ മഅദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച ആശൂറാഅ് ആത്മീയ സമ്മേളനം സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരങ്ങള്‍ ഒരു പകല്‍ മുഴുവന്‍ ദിക്‌റുകളും തഹ്‌ലീലുകളും തസ്ബീഹുകളും പ്രാര്‍ഥനയും കൊണ്ട് ധന്യമാക്കി.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രവാചക പൗത്രന്‍ സയ്യിദ് ഹുസൈന്‍ (റ), കവരത്തി സയ്യിദ് മുഹമ്മദ് കാസിം വലിയുല്ലാഹി എന്നിവരുടെ ആണ്ട് നേര്‍ച്ചയും നടന്നു. പ്രവാചക കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ ആരംഭിച്ച സാദാത്ത് അക്കാദമിയുടെ വിപുലീകരണ പദ്ധതിയുടെ പ്രഖ്യാപനവും വേദിയില്‍ നടന്നു. രാവിലെ ഒന്‍പതിന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആരംഭിച്ച സംഗമം നോമ്പുതുറയോടെയാണ് സമാപിച്ചത്. കാല്‍ ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹുസൈന്‍ അസ്സഖാഫ് കുറ്റിയാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കുമരം പുത്തൂര്‍ എന്‍ അലി മുസ്‌ലിയാര്‍, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര സംബന്ധിച്ചു.

Latest