Connect with us

Kannur

കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ ഫലം കാണുന്നില്ല

Published

|

Last Updated

കണ്ണൂര്‍: ജില്ലയില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ വേരറുക്കാനാകില്ലെന്ന് വ്യക്തമാക്കി വീണ്ടും രാഷ്ട്രീയ കൊലപാതകം നടന്നത് ജില്ലയിലെ സമാധാനാന്തരീക്ഷത്തിന് വിള്ളല്‍ വീഴ്ത്തുന്നു. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും സമാധാന ശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നേതാക്കളെല്ലാം മുന്നോട്ടു വരാറുണ്ടെങ്കിലും ഇതെല്ലാം വെറും വഴിപാടായി മാറുന്നുവെന്നതിന്റെ തെളിവാണ് അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍.
നാല് മാസത്തിനിടെ നാല് കൊലപാതകങ്ങളാണ് ജില്ലയിലുണ്ടായത്. കഴിഞ്ഞ ജൂലൈയില്‍ പയ്യന്നൂരിലുണ്ടായ രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നാലെ തില്ലങ്കേരിയിലും ഇപ്പോള്‍ വീണ്ടും കൂത്തുപറമ്പിലും കൊലപാതകങ്ങള്‍ നടന്നതോടെ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കടുത്ത ഭീതിയിലാണ്. എവിടെ എപ്പോള്‍ ആര് കൊല്ലപ്പെടുമെന്ന് ആര്‍ക്കും പറയാന്‍ പറയാത്ത വിധത്തിലാണ് അക്രമങ്ങള്‍ നടക്കുന്നത്. ഓരോ കൊലപാതകങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന അക്രമങ്ങള്‍ക്കും കൈയും കണക്കുമില്ല. വീടുകള്‍, കടകള്‍, വായനശാലകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് തകര്‍ക്കപ്പെടുന്നത്.അക്രമങ്ങളില്‍ സ്ത്രീകളും പിഞ്ചു കുട്ടികളുമുള്‍പ്പടെ പരുക്കേറ്റ് ആശുപത്രിയിലെത്തുന്നവരുടെയെണ്ണവും ഏറെയാണ്. 2005 മുതല്‍ 2016 വരെ സംസ്ഥാനത്തൊട്ടാകെ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ 104 പേര്‍ കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ, നേരത്തെ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പത്ത് വര്‍ഷത്തിനിടെ കൊല്ലപ്പെട്ട 51 പേര്‍ സി പി എമ്മുകാരോ പാര്‍ട്ടിയുടെ പോഷക സംഘടനകളില്‍ പെട്ടവരോ ആണ്. 34 പേര്‍ ആര്‍ എസ് എസ് ബി ജെ പി അനുബന്ധ സംഘടനകളില്‍ പെട്ടവരാണ്. ഇതില്‍ 42 കൊലപാതകങ്ങളും നടന്നതു കണ്ണൂര്‍ ജില്ലയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 5,504 രാഷ്ട്രീയ സംഘട്ടനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 6,021 പേര്‍ക്ക് പരുക്കേറ്റതായും പറയുന്നു.
കണ്ണൂരിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ മാസം തോറും സര്‍വകക്ഷി സമാധാനയോഗം നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ഒരു ഗുണവും ചെയ്യുന്നില്ലെന്നാണ് വിലയിരുത്തല്‍. എല്ലാ പോലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പ്രാദേശികമായി സമാധാന യോഗങ്ങള്‍ നടത്തുമെന്നും പ്രാദേശിക നേതാക്കളെ പങ്കെടുപ്പിക്കുമെന്നും കഴിഞ്ഞ നാളുകളിലെ സര്‍വ കക്ഷിയോഗത്തില്‍ ധാരണയായെങ്കിലും അതും നടപ്പാകുന്നില്ല. നേതാക്കള്‍ ഒരുമിച്ചാലും, താഴത്തേട്ടില്‍ ഭയവും ഭീതിയും നിലനില്‍ക്കുന്നുണ്ട്.
ഇത് തണുപ്പിക്കുന്നതിനുള്ള ഊര്‍ജിതമായ ശ്രമങ്ങളുണ്ടാവുന്നില്ല. ഇതൊക്കെയാണ്് അക്രമങ്ങള്‍ തുടരുന്നതിനു കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Latest