Connect with us

Qatar

സിറിയക്കെതിരെ ഖത്വറിന് ജയം

Published

|

Last Updated

ദോഹ: റഷ്യന്‍ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ മൂന്നാം റൗണ്ടില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ഖത്വര്‍. തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്കൊടുവില്‍ സിറിയക്കെതിരെ ഖത്വര്‍ ജയിച്ചതോടെയാണിത്. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഇന്നലെ രാത്രി ഏഴിന് നടന്ന ആവേശകരമായ മത്സരത്തില്‍ സിറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഖത്വര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്. മൂന്നാം റൗണ്ടില്‍ നിന്നും നേരിട്ട് യോഗ്യത നേടണമെങ്കില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തണം. നിലവില്‍ ഖത്വറിന് അത്തരമൊരു സാധ്യത വിരളമാണ്. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയാല്‍ പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാം.
സിറിയക്കെതിരായ വിജയം ഖത്വറിനെ സംബന്ധിച്ചിടത്തോളം വലിയ പിടിവള്ളിയായി. ആദ്യപകുതിയിലെ 37ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹെയ്‌ദോസ് പെനാലിറ്റിയിലൂടെ നേടിയ ഗോളിലാണ് ഖത്വര്‍ സിറിയയെ മറികടന്നത്. ഈ വിജയത്തോടെ മൂന്ന് പോയിന്റുമായി ഖത്തര്‍ പോയിന്റ്പട്ടികയിലും ഇടംനേടി. ആറു രാജ്യങ്ങളുള്ള ഗ്രൂപ്പ് എയില്‍ ടീമുകള്‍ നാലു മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ചൈനയെ മറികടന്ന് അഞ്ചാമതെത്താനും ഖത്വറിനായി. ഒരു സമനിലയും മൂന്നു തോല്‍വിയുമായി കേവലം ഒരു പോയിന്റാണ് ചൈനക്കുള്ളത്.

Latest