Connect with us

Gulf

ഖത്വറിലെ ഷോപ്പുകളില്‍ അറബി സംസാരിക്കുന്ന ജീവനക്കാരന്‍ നിര്‍ബന്ധം

Published

|

Last Updated

ദോഹ: രാജ്യത്തെ ഹോട്ടലുകള്‍, വ്യാപാര, വാണിജ്യ സമുച്ചയങ്ങള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, കാര്‍ ഷോറൂമുകള്‍, അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ തുടങ്ങി മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയും റിസപ്ഷന്‍ ഡെസ്‌കില്‍ അറബി ഭാഷ സംസാരിക്കുന്ന ഒരു ജീവനക്കാരനെങ്കിലും ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാക്കി. വാണിജ്യ, വ്യാപാര സ്ഥാപനങ്ങളുടെ ബില്ലുകളിലും ഇന്‍വോയ്‌സുകളിലും അറബി ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമ്പത്തിക വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. ഉത്തരവ് പാലിക്കുന്നതിനായി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം നല്‍കിയിട്ടുണ്ട്.
ഉത്പന്നങ്ങളിലും സേവനങ്ങളിലും വിദേശ ഭാഷകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008ലെ എട്ടാം നമ്പര്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ നിര്‍ദേശം. അറബി ഭാഷയുടെ പ്രചാരം പ്രോത്സാഹിപ്പിക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
ബ്യൂട്ടി സലൂണ്‍, ഹോട്ടല്‍, അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍, യാത്രാ- ടൂര്‍ ഏജന്‍സികള്‍, കാര്‍ ഷോറൂമുകള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, കാര്‍, ഇലക്ട്രോണിക്, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഉപഭോക്തൃ സാധനങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും വാണിജ്യ വിതരണക്കാര്‍, സേവന ദാതാക്കള്‍ എന്നിവക്കും ഉത്തരവ് ബാധകമാണ്.
ഉപഭോക്താക്കളുടെ പരാതികളും അന്വേഷണങ്ങളും കൈകാര്യം ചെയ്യല്‍, മാളുകളിലെ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, കാള്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് അറബി ഭാഷ സംസാരിക്കുന്ന ജീവനക്കാരന്‍ അനിവാര്യമാണ്.
വാണിജ്യ ബില്ലുകള്‍, സേവനങ്ങളുടെ പട്ടിക, ഉത്പന്നങ്ങളുടെ ലേബല്‍, ഉത്പന്നങ്ങളുടെ അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് നോട്ടീസ്, ഉപഭോക്തൃ സേവനം എന്നിവയില്ലെല്ലാം അറബി പ്രധാന ഭാഷയായിരിക്കണം.
2008ലെ എട്ടാം നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം ഉത്പന്നങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. ഉത്പന്നങ്ങളുടെ ലേബല്‍, പാക്കിംഗ് എന്നിവയില്‍ അറബി ഭാഷ ഉപയോഗിക്കണമെന്ന് നിയമത്തിലെ ഏഴ്, എട്ട്, പതിനൊന്ന് വകുപ്പുകള്‍ നിര്‍ദേശിക്കുന്നു. അറബി ഭാഷ ഉപയോഗിക്കുമ്പോള്‍ മറ്റേതെങ്കിലും ഭാഷയില്‍ കൂടി ഇവ നല്‍കാനുള്ള സാധ്യതയും നിയമം നിര്‍ദേശിക്കുന്നു.
അടുത്ത മാര്‍ച്ച് 31ന് ശേഷം വ്യാപാരികള്‍ ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനാ കാമ്പയിന്‍ ആരംഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും കാരണവശാല്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നുള്ള മുന്നറിയിപ്പും ഉത്തരവിലുണ്ട്. ലേബലുകളില്‍ ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ വിവരങ്ങള്‍ അറബി ഭാഷയില്‍ നല്‍കുമ്പോള്‍ ഇവയെല്ലാം മറ്റ് ഏതെങ്കിലും ഒരു ഭാഷയില്‍ കൂടി നല്‍കാനുള്ള സാധ്യതയും ഉറപ്പാക്കണം. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നയിടങ്ങളിലും കുറഞ്ഞത് ഒരു ജീവനക്കാരനെങ്കിലും അറബി ഭാഷ സംസാരിക്കുന്നയാളാകണം.
ഉപഭോക്താക്കള്‍ക്കുള്ള സേവന വിവരം അറബി ഭാഷയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അവയുടെ നേട്ടം, കോട്ടം, വില എന്നിവയെല്ലാം മറ്റൊരു ഭാഷയില്‍ കൂടി ലഭ്യമാക്കാനുള്ള സാധ്യതയുണ്ടായിരിക്കണം. അറബി പ്രധാന ഭാഷയായി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഉപഭോക്താക്കള്‍ക്ക് മറ്റൊരു ഭാഷ കൂടി ഉപയോഗിക്കാനുള്ള സാധ്യത ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.