Connect with us

Gulf

അഞ്ചാംപനി രോഗികള്‍ രാജ്യത്ത് കുറഞ്ഞു

Published

|

Last Updated

ദോഹ: രാജ്യത്ത് അഞ്ചാംപനി (മീസല്‍സ്) രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. 2012ല്‍ 160 കേസുകളുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പതിനെട്ട് കേസുകളായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 21 മുണ്ടിനീര് (മംമ്പ്‌സ്) കേസുകളും ഏഴ് റുബെല്ല കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദേശീയ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് ഒക്‌ടോബര്‍ 17ന് തുടക്കമാകും. രോഗമുക്തരാജ്യം ലക്ഷ്യമിട്ടാണ് സൗജന്യ പ്രതിരോധ കുത്തിവെയ്പ് കാമ്പയിന്‍. ഒന്നു മുതല്‍ 13 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും മരുന്നു നല്‍കും. അഞ്ചാംപനി, മുണ്ടിനീര് ഉള്‍പ്പടെയുള്ള രോഗങ്ങളില്‍ നിന്നും പൂര്‍ണമുക്തി നേടുകയാണ് ലക്ഷ്യം. ഒക്ടോബര്‍ പതിനേഴ് മുതല്‍ നവംബര്‍ പതിനാല് വരെയാണ് ക്യാമ്പയിന്‍. രാജ്യത്തെ 2,94,000 കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. 90 ശതമാനം വിദ്യാര്‍ഥികള്‍ക്കും കുത്തിവെപ്പ് നല്‍കും. 2020 ഓടുകൂടി ലോകത്തുനിന്നും അഞ്ചാംപനി എന്ന മാരകവൈറസിനെ പൂര്‍ണമായും തുടച്ചുനീക്കുകയെന്ന ആഗോളലക്ഷ്യത്തിന്റെ ഭാഗമായാണ് ഖത്വറിലും ശ്രമങ്ങള്‍ നടക്കുന്നത്.
പൊതുജനാരോഗ്യമന്ത്രാലയത്തിലെ പൊതു ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വാക്‌സിനേഷന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ശില്‍പ്പശാലയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 255പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

Latest