Connect with us

International

ചൈനയില്‍ കുട്ടികളെ മതപരമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതിന് വിലക്ക്‌

Published

|

Last Updated

ബീജിംഗ്: ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങ് മേഖലയില്‍ മതപരമായ ചര്യകള്‍ക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന മാതാപിതാക്കള്‍ക്കെതിരെ നടപടിയെന്ന് സര്‍ക്കാര്‍. ഇത്തരം മാതാപിതാക്കളും രക്ഷിതാക്കളും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നിയമം വെളിപ്പെടുത്തുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്. ഉയ്ഗൂര്‍ മുസ്‌ലിങ്ങള്‍ ഏറെയുള്ള സിന്‍ജിയാങില്‍ സമീപ വര്‍ഷങ്ങളില്‍ നൂറ് കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. വിഘടന വാദികളും പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണിതെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ മര്‍ദക നയത്തോടുള്ള പ്രതികരണത്തിന്റെ ഭാഗമാണ് സംഘര്‍ഷമെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. സിന്‍ജിയാങില്‍ യാതൊരു വിധത്തിലുള്ള പീഡനവും നടക്കുന്നില്ലെന്ന് ശക്തമായി പറയുന്ന സര്‍ക്കാര്‍ ഇവിടെ നിയമപരവും സാംസ്‌കാരികവും മതപരവുമായ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അവകാശപ്പെടുന്നു.
മതപരമായ സ്വാതന്ത്രം ഔദ്യോഗികമായി ചൈന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും പ്രായപൂര്‍ത്തിയായവരെ മതപരമായ പ്രവര്‍ത്തികളില്‍നിന്നും മാറ്റി നിര്‍ത്തണമെന്നാണ് പറയുന്നത്.
കുറച്ച് വര്‍ഷങ്ങളായി സിന്‍ജിയാങിലെ മുസ്‌ലിം സ്‌കൂളുകളുടെ പേരില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ് സര്‍ക്കാര്‍. രാജ്യത്ത് പുതിയ വിദ്യാഭ്യാസ നിയമം നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.
കുട്ടികളെ മതപരമായ പ്രവര്‍ത്തികള്‍ക്കൊ പ്രത്യേക വസ്ത്രം ധരിപ്പിക്കുവാനൊ നിര്‍ബന്ധിക്കുവാന്‍ പാടില്ല . ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന മാതാപിതാക്കളും രക്ഷിതാക്കളും പൊതു സുരക്ഷാ അതോറിറ്റിയുടെ നിരീക്ഷണത്തിലാകുമെന്നും പുതിയ വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നു. സ്‌കൂളുകളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനും വിലക്കുണ്ട്.

Latest