Connect with us

Editorial

അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്തണം

Published

|

Last Updated

കണ്ണൂര്‍ കൊലക്കത്തി രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോവുകയാണോ? അല്‍പകാലത്തെ ശാന്തതക്ക് ശേഷം ജില്ലയില്‍ ഈയിടെയായി രാഷ്ട്രീയ സംഘട്ടനവും കൊലപാതകങ്ങളും തുടരുകയാണ്. തലശ്ശേരി ധര്‍മ്മടത്തിന് സമീപം ചൊവ്വാഴ്ച സി പി എം പ്രവര്‍ത്തകന്‍ മോഹനനും ഇതിന് തിരിച്ചടിയെന്നോണം തൊട്ടടുത്ത ദിവസം ബി ജെ പി പ്രവര്‍ത്തകന്‍ രമിത്തും കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ കണ്ണൂര്‍ സിറ്റിയില്‍ ഒരു എസ് ഡി പി ഐ പ്രവര്‍ത്തകനും കൊല്ലപ്പെടുകയുണ്ടായി. എസ് ഡി പി ഐ നീര്‍ച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി ഫാറൂഖാണ് ഇന്നലെ വധിക്കപ്പെട്ടത്. സിറ്റിയില്‍ ഹര്‍ത്താലിനോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ പോലീസ് പിക്കറ്റിന് മുമ്പില്‍ വെച്ച് ലീഗ് പ്രവര്‍ത്തകനായ റഊഫാണ് ഫാറൂഖിനെ വെട്ടിക്കൊന്നത്. മൂന്ന് മാസം മുമ്പ് പയ്യന്നൂരില്‍ നടന്ന രണ്ട് അക്രമസംഭവങ്ങളില്‍ സി പി എം പ്രവര്‍ത്തകനായ ധനരാജും ബി ജെ പി പ്രവര്‍ത്തകന്‍ രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ അക്രമവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ആറ് മാസത്തിനകം 350ലേറെ കേസുകളാണ് ജില്ലയില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
സമാധാനത്തിലേക്ക് തിരിച്ചുവരികയായിരുന്ന കണ്ണൂരില്‍; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ സി പി എം ആഹ്ലാദ പ്രകടനത്തിന് നേരെ നടന്ന ബോംബേറാണ് പുതിയ അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അന്നത്തെ ബോംബേറില്‍ സി പി എം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിലുള്ള നിരാശയില്‍ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതോടെ ജില്ലയിലെങ്ങും ബി ജെ പി, സി പി എം സംഘട്ടനം വ്യാപകമായി. ഈ അവസരം മുതലെടുത്ത് സംസ്ഥാനത്ത് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ലെന്ന് ദേശീയ വ്യാപകമായി പ്രചാരണം അഴിച്ചുവിടാനുള്ള ശ്രമവും ബി ജെ പി നടത്തിവന്നു. കേന്ദ്രഭരണത്തിലെ അനുകൂല സാഹചര്യവും ഇതിനായി ഉപയോഗപ്പെടുത്തി. ദേശീയ വനിതാ കമ്മീഷനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലെത്തിച്ചു ബി ജെ പി കുടുംബങ്ങളില്‍ നിന്ന് തെളവെടുപ്പ് നടത്തിച്ചത് കേന്ദ്ര സ്വാധീനമുപയോഗിച്ചായിരുന്നു. കേന്ദ്ര സേനയെ ഇടപെടീക്കാനുള്ള നീക്കവും ഇതിന്റെ തുടര്‍ച്ചയാണ്. പിണറായിയുടെ ഭരണത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് രക്ഷയില്ലെന്ന് വരുത്തിത്തീര്‍ത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെടാനാണ് ബി ജെ പിയുടെ പദ്ധതി. അതേസമയം, പ്രത്യാക്രമണത്തിനായാലും അല്ലെങ്കിലും അക്രമ രാഷ്ട്രീയത്തിന്റെ വഴിയില്‍ സി പി എമ്മിന്റെ പങ്കും നിഷേധിക്കാനാകില്ല. ഇതര പാര്‍ട്ടികളിലേക്കുള്ള കൂറൂമാറ്റം തടയാനും പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്താനുമൊക്കെ സി പി എമ്മും അക്രമ രാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നുണ്ട്.
രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും നടത്തി പാവപ്പെട്ടവന്റെ രക്തം കൊണ്ട് പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമം ജുഗുപ്‌സാവഹമാണ്. എത്രയെത്ര കുടുംബങ്ങളാണ് ഇതുമൂലം നാഥന്മാര്‍ നഷ്ടപ്പെട്ട് നിരാശ്രയമാകുന്നത്. എത്ര കഞ്ഞുങ്ങളാണ് അനാഥത്വത്തിലേക്ക് എടുത്തെറിയപ്പെടുന്നത്. ഈ കുടുംബങ്ങളെ പാര്‍ട്ടികള്‍ ഏറ്റെടുത്തെന്ന് വരാം. എങ്കിലും അവര്‍ക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ജീവന് പകരമാകില്ല ഇതെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പാര്‍ട്ടിയിലെ സാധാരണക്കാരാണ് എവിടെയും അക്രമത്തിന് ഇരയാകുന്നതും കെടുതികള്‍ ഏറ്റു വാങ്ങുന്നതും. നേതാക്കള്‍ എവിടെയും സുരക്ഷിതരാണ്. അവര്‍ക്ക് പാര്‍ട്ടി തലത്തിലും ഔദ്യോഗിക തലത്തിലും സംരക്ഷണമുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഒരു സംരക്ഷണവുമില്ല. അവര്‍ ഏത് നേരത്തും അക്രമിക്കപ്പെടാം. കൊല്ലപ്പെടാം. കണ്ണൂരില്‍ ഭീതിയോടെയാണ് സി പി എം, ബി ജെ പി പ്രവര്‍ത്തകര്‍ ഓരോ നിമിഷവും തള്ളിനീക്കുന്നത്.
ജനാധിപത്യ വ്യവസ്ഥിതിയില്‍ സംവാദങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് മേല്‍ക്കൈ നേടേണ്ടതും പാര്‍ട്ടി വളര്‍ത്തേണ്ടതും. കാല്‍നൂറ്റാണ്ടിലേറെ നാടിനെ വിറപ്പിക്കുകയും സംസ്ഥാനത്തിന് ദുഷ്‌പേരുണ്ടാക്കുകയും ചെയ്ത പഴയ നാളുകളിലേക്ക് കണ്ണൂര്‍ ഇനിയും വഴുതിമാറിപ്പോകാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂടിയിരുന്ന് പരിഹാരം കാണണം. മുഖം രക്ഷിക്കാന്‍ സമാധാന യോഗങ്ങള്‍ ചേര്‍ന്ന് ഏറെ കഴിയുന്നതിന് മുമ്പേ അക്രമങ്ങളും കൊലവിളികളും ആവര്‍ത്തിക്കുന്ന രാഷ്ട്രീയ കസര്‍ത്തല്ല, അക്രമരാഷ്ട്രീയം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശ്വാശ്വത പരിഹാര മാര്‍ഗങ്ങളാണ് ഇനിയാവശ്യം. മുന്‍ കാലങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനുള്ള സന്മനസ്സ് പാര്‍ട്ടി നേതൃത്വങ്ങള്‍ പ്രകടിപ്പിക്കുകയും ഇനി ഒരു രാഷ്ട്രീയ കൊലപാതകവും അനുവദിക്കില്ലെന്ന തീരുമാനമെടുക്കുകയും ചെയ്താല്‍ ഇത് സാധിക്കാവുന്നതേയുള്ളൂ.

---- facebook comment plugin here -----

Latest