Connect with us

Articles

ന്യായാസനങ്ങളുടെ എടുത്തുചാട്ടങ്ങള്‍: ശാബാനു കേസ് മുതല്‍ മുത്തലാഖ് വരെ

Published

|

Last Updated

ഏകീകൃത സിവില്‍ കോഡിന് ആഹ്വാനം ചെയ്യുന്ന 44-ാം വകുപ്പ് നടപ്പാക്കുന്നതില്‍ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമായി ഭരണഘടന നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും വിവിധ ഘട്ടങ്ങളില്‍ ജുഡീഷ്യല്‍ സംവിധാനം നേരിട്ടും അല്ലാതെയും ചില എടുത്തു ചാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. കോടതികള്‍ അവയുടെ പരിഗണനാ പരിധി ലംഘിക്കുകയാണ് ഈ ഘട്ടങ്ങളിലെല്ലാം ചെയ്തത്. അതില്‍ ഏറ്റവും മാരകമായ വിധി വന്നത് 1984ല്‍ ഷാബാനു ബീഗം കേസിലാണ്. ഭോപ്പാലില്‍ നിന്നുള്ള അറുപതുകാരി ഷാബാനു തന്റെ മുന്‍ ഭര്‍ത്താവ് മുഹമ്മദ് ഖാനില്‍ നിന്ന് താന്‍ പുനര്‍ വിവാഹിതയാകുന്നത് വരെ ജീവനാംശം തേടിയാണ് കോടതിയിലെത്തിയത്. മധ്യ പ്രദേശ് ഹൈക്കോടതി അവര്‍ക്ക് അനുകൂലമായി വിധിച്ചു. മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് ഷാബാനുവിന്റെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്നു വാദിച്ചു. എന്നാല്‍ പുനര്‍വിവാഹിതയാകുന്നത് വരെ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് പ്രകാരമാണ് (സി ആര്‍ സി പി സെക്ഷന്‍ 125) സുപ്രീം കോടതി വിധിയെഴുതിയത്. ഏകീകൃത സിവില്‍ കോഡ് ദേശീയോദ്ഗ്രഥനത്തെ പരിപോഷിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞുവെക്കുകയും ചെയ്തു.
തികച്ചും ഭരണഘടനാവിരുദ്ധമായ നടപടിയായിരുന്നു അത്. ഈ വിധിക്കെതിരെ രാജ്യത്താകമാനം വന്‍ പ്രതിഷേധമുയര്‍ന്നു. ശരീഅത്ത് നിയമങ്ങള്‍ സംരക്ഷിക്കാനുള്ള ചിന്തകളും സംവാദങ്ങളും എഴുത്തുകളും നിറഞ്ഞ് കവിഞ്ഞു. യോജിച്ച ചെറുത്തു നില്‍പ്പാണ് മുസ്‌ലിം സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്നത്. മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിനിയമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് വിധിയെന്നാണ് വിലയിരുത്തപ്പെട്ടത്. ഇതിന്റ ഭാഗമായി, ഭരണഘടനയുടെ യഥാര്‍ഥ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നതിനായി അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ മുസ്‌ലിം വിമിന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡിവോഴ്‌സ്) ആക്ട് (1986) പാസ്സാക്കി. ഈ നിയമം സി ആര്‍ സി പി 125ാം വകുപ്പിന്റെ പരിധിയില്‍ നിന്ന് മുസ്‌ലിം പുരുഷനെ ഒഴിവാക്കി. ഇദ്ദ കാലയളവ് വരെ ജീവനാംശം നല്‍കണമെന്നും അതുകഴിഞ്ഞ് പുനര്‍വിവാഹിതയാകുന്നില്ലെങ്കില്‍ സ്ത്രീയുടെ ബന്ധുക്കള്‍ക്കാണ് ബാധ്യതയെന്നും അവര്‍ അശക്തരെങ്കില്‍ വഖ്ഫ് സംവിധാനം ഇക്കാര്യം ഏറ്റെടുക്കണമെന്നും ഈ നിയമം നിഷ്‌കര്‍ഷിക്കുന്നു. സി ആര്‍ പി സി സെക്ഷന്‍ 125ല്‍ നിന്ന് മുസ്‌ലിം പുരുഷനെ മാറ്റി നിര്‍ത്തുക വഴി താത്കാലികമായി പ്രത്യേക വ്യക്തി നിയമത്തെ സംരക്ഷിക്കുകയെന്ന ഭരണകൂട ദൗത്യമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിച്ചത്. ആര്‍ട്ടിക്കിള്‍ 44 സംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊള്ളേണ്ടത് കോടതിയല്ല, ഭരണകൂടമാണെന്ന ഭരണഘടനയുടെ തീര്‍പ്പ് തന്നെയാണ് സര്‍ക്കാറിനെ അതിന് നിര്‍ബന്ധിതമാക്കിയത്.
1995ല്‍ സരള മുദ്ഗല്‍ കേസ് വിധി പ്രസ്താവനക്കിടെ ജസ്റ്റിസ് കുല്‍ദീപ് സിംഗ് ഗുരുതരമായ പരാമര്‍ശം നടത്തി. സ്വാതന്ത്ര്യം ലഭിച്ച് ഇത്ര കാലം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഏകീകൃത സിവില്‍ കോഡ് സംവിധാനം നിലവില്‍ വരാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അന്നും മാധ്യമങ്ങള്‍ അത് ആഘോഷിച്ചു. ജുഡീഷ്യല്‍ പരിധിയില്‍ വരാത്ത വിഷയമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ജസ്റ്റിസ് കുല്‍ദീപ് യു സി സി ഒരിക്കല്‍ കൂടി വലിച്ചിട്ടത്. ഭര്‍ത്താവ് വീണ്ടും വിവാഹിതനാകുന്നതിനായി മതം മാറിയെന്ന് ആരോപിക്കുന്നതായിരുന്നു കേസ്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ജസ്റ്റിസ് വിക്രം ജിത് സെന്‍ അധ്യക്ഷനായ ബഞ്ചാണ് ഏകീകൃത സിവില്‍ കോഡിനായി ദണ്ഡ് വീശിയത്. ക്രിസ്ത്യന്‍ വ്യക്തി നിയമവുമായി ബന്ധപ്പെട്ട് ആല്‍ബര്‍ട്ട് ആന്റണി എന്നയാള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലായിരുന്നു അത്. ക്രിസ്ത്യന്‍ ദമ്പതിമാര്‍ ഉഭയകക്ഷി സമ്മതപ്രകാരം വിവാഹ മോചിതരാകണമെങ്കില്‍ രണ്ട് വര്‍ഷം പിരിഞ്ഞ് കഴിയണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തായിരുന്നു ഹരജി. വ്യക്തി നിയമങ്ങള്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും ജുഡീഷ്യല്‍ സൗകര്യത്തിന് കോഡ് ഏകീകരണം അനിവാര്യമാണെന്നും ബഞ്ച് നിരീക്ഷിച്ചു കളഞ്ഞു. ന്യായാധിപന്‍മാര്‍ പൊതു ബോധത്തിന്റെ തടവറയില്‍ അകപ്പെടുകയും ഒരുവേള രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് വഴിപ്പെടുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന ദുരന്തമായിരുന്നു ഇവയെല്ലാം.
പൗരാവകാശ സംഘടനകളും സ്ത്രീപക്ഷ ചിന്താ ധാരയിലുള്ളവരും ഏകീകൃത സിവില്‍ കോഡിനെ ശക്തമായി പിന്തുണക്കുന്നത് പുരുഷ മേധാവിത്വത്തിനെതിരായ ചെറുത്തു നില്‍പ്പെന്ന നിലയിലാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വ്യക്തി നിയമങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിം വ്യക്തി നിയമം കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുവെന്നാണ് അവരുടെ വാദം. സ്ത്രീയെ വെറും ഭോഗവസ്തുവായി കാണുന്ന പുരുഷ മേധാവിത്വ പ്രവണതകളെ അത് നിയമപരമായി സംരക്ഷിക്കുന്നു, സ്ത്രീക്ക് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുക്കാന്‍ വഴി വെക്കുന്നു, വിവാഹ മോചനങ്ങള്‍ക്ക് കടിഞ്ഞാണില്ലാതാകുന്നു, ബഹുഭാര്യാത്വം വ്യാപകമാക്കുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ അവര്‍ ഉന്നയിക്കുന്നു. സവര്‍ണ ഹിന്ദുത്വ അജന്‍ഡക്ക് അരു നില്‍ക്കുകയാണ് തങ്ങളെന്ന് അറിയാതെയാണ് ഇവരില്‍ പലരും യൂനിഫോം സിവില്‍ കോഡിനായി വാദിക്കുന്നത്. അവരില്‍ ചിലര്‍ അങ്ങേയറ്റത്തെ ആത്മാര്‍ഥതയോടെയാണ് ഈ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത്.
ആത്യന്തിക സമത്വം ഉട്ടോപ്യന്‍ ആശയമാണ്. അസാധ്യമായ സ്വപ്‌നം മാത്രമാണ് അത്. ഫുള്‍ കമ്യൂണിസത്തെ പറ്റി ഒരു കമ്യൂണിസ്റ്റും ഇപ്പോള്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിലും ഇത് ബാധകമാണ്. സ്‌കെയില്‍ വെച്ചളന്ന് മുന്തി നില്‍ക്കുന്നത് മുറിച്ചു മാറ്റി സാധ്യമാക്കേണ്ട ഒന്നാണോ സ്ത്രീ- പുരുഷ സമത്വം? ഇസ്‌ലാമിക ശരീഅത്ത് ശാസ്ത്രീയ വിവേചനങ്ങളില്‍ വിശ്വസിക്കുന്നുണ്ട്. പുരുഷന് ചുമലേല്‍ക്കേണ്ട ഉയര്‍ന്ന ഉത്തരവാദിത്വങ്ങള്‍ അവനെ കൂടുതല്‍ ലഭിക്കാന്‍ അര്‍ഹനാക്കുകയാണ് ചെയ്യുന്നത്. സ്ത്രീക്കും പുരുഷനും വ്യത്യസ്ത ഉത്തരവാദിത്വങ്ങളും പ്രതിസന്ധികളും പ്രാധാന്യവുമാണ് ഉള്ളതെന്ന് ശരീഅത്ത് തിരിച്ചറിയുന്നു. അതനുസരിച്ചുള്ള പരിഗണനകളാണ് അവര്‍ക്ക് വകവെച്ച് നല്‍കിയിട്ടുള്ളത്. അത് ഒരിക്കലും താഴെയും മേലെയുമായി പ്രതിഷ്ഠിക്കുകയല്ല. മാത്രവുമല്ല, ശരീഅത്ത് പ്രമാണങ്ങള്‍ ഒരു വ്യക്തിയാല്‍ സൃഷ്ടിക്കപ്പെട്ടതല്ല. നിരവധി പണ്ഡിത ശ്രേഷ്ഠര്‍, നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളുടെ മൂശയിലിട്ട് പ്രായോഗികത തെളിയിച്ചിട്ടുള്ള ദൈവീക കല്‍പ്പനകളാണവ. ജൈവീകമായ യാഥാര്‍ഥ്യങ്ങളാണ് അവയുടെ അടിസ്ഥാനം.
ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള മുത്വലാഖ് കേസ് മുസ്‌ലിം സ്ത്രീയെയും വിവാഹ മോചനത്തെയും വീണ്ടും പ്രശ്‌നവത്കരിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ മുത്വലാഖിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. പക്ഷേ, തങ്ങളുടെ നിലപാട് ഏകീകൃത സിവില്‍ കോഡിന്റെ വെളിച്ചത്തിലല്ല, മറിച്ച്, വ്യക്തി അവകാശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസറും ഫെമിനിസ്റ്റ് പണ്ഡിതയുമായ നിവേദിതാ മേനോന്‍ നടത്തിയ നിരീക്ഷണങ്ങള്‍ (ദി ഹിന്ദു -2016 ജൂലൈ 15) ഏറെ പ്രസക്തമാണ്. മുസ്‌ലിം സ്ത്രീകളുടെ അവകാശവും ഏകീകൃത സിവില്‍ കോഡുമായി യാതൊരു ബന്ധവുമില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. ലിംഗ നീതിയല്ല ഏകസിവില്‍ കോഡ് വാദത്തിന്റെ അടിസ്ഥാനം. ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരികയാണെങ്കില്‍ ഇവിടെ പുലരാന്‍ പോകുന്നത് ഗോള്‍വാള്‍ക്കര്‍ നിഷ്‌കര്‍ഷിച്ച “ദേശീയ വംശ”ത്തിന്റെ തത്വങ്ങളായിരിക്കുമെന്ന് നിവേദിതാ മേനോന്‍ അക്കമിട്ട് വ്യക്തമാക്കുന്നു. അത് അങ്ങേറ്റം സ്ത്രീ വിരുദ്ധമാണ്. ഹിന്ദുത്വ ദേശീയ അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗം മാത്രമാണ് ഏകീകൃത സിവില്‍ കോഡ് വാദമെന്നും അവര്‍ പറയുന്നു. മുസ്‌ലിംകളെ “അച്ചടക്ക”മുള്ളവരാക്കുകയാണ് ലക്ഷ്യം.
മുസ്‌ലിം വ്യക്തി നിയമം പല തലങ്ങളില്‍ ആധുനികവും ശാസ്ത്രീയവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്: മുസ്‌ലിം വ്യക്തി നിയമം വ്യക്തിയുടെ സ്വത്തവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. അത് ഹിന്ദു നിയമത്തിലില്ല. അവിടെ അവിഭക്ത കുടുംബം എന്ന ആശയമാണുള്ളത്. ഇനി വിവാഹത്തിന്റെ കാര്യമാണെങ്കില്‍ ഹിന്ദു വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഉറപ്പുള്ള കോണ്‍ട്രാക്ട് മുസ്‌ലിം വിവാഹങ്ങളിലാണ് നടക്കുന്നത്. അവിടെ ഭര്‍ത്താവ് ഭാര്യക്ക് മഹര്‍ നല്‍കുന്നു. അത് അവള്‍ക്ക് അവകാശപ്പെട്ടതാണ്. വിവാഹ മോചനത്തോടെയും തുടരുന്ന അവകാശം. ഇതവള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ ഹിന്ദു വിവാഹങ്ങളില്‍ ഇത്തരമൊരു മെറ്റീരിയല്‍ കോണ്‍ട്രാക്ട് ഇല്ല. മുസ്‌ലിംകളുടെ മാത്രം സവിശേഷതയാണ് ബഹുഭാര്യാത്വമെന്നത് ഗൂഢമായ പ്രചാരണം മാത്രമാണ്. ഹിന്ദു കോഡില്‍ ബഹുഭാര്യാത്വം ഇല്ലെന്ന് വെച്ച് ഹിന്ദു പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കാതിരിക്കുന്നില്ല. വ്യത്യാസമെന്താണ്? ഹിന്ദു കോഡ് പ്രകാരം ഒരു വിവാഹത്തിന് മാത്രമേ നിയമപരമായ അംഗീകാരമുള്ളൂ. മറ്റ് വിവാഹങ്ങളിലെ ഭാര്യമാരുമായി നിയമപരമായി ഒരു ബാധ്യതയും ഹിന്ദു പുരുഷനില്ല. എന്നാല്‍ മുസ്‌ലിം വ്യക്തി നിയമത്തില്‍ ഒന്നാം വിവാഹത്തിന് ശേഷമുള്ള വിവാഹങ്ങളും നിയമപരമാണ്. അതിലെ ഭാര്യമാര്‍ക്ക് അവകാശങ്ങളുണ്ട്. അവരോട് ഭര്‍ത്താവിന് നിയമപരമായ ബാധ്യതകളുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മുസ്‌ലിം വ്യക്തി നിയമം ബഹുഭാര്യാത്വമെന്ന യാഥാര്‍ഥ്യത്തെ കുറേക്കൂടി ശരിയായി ഉള്‍ക്കൊള്ളുന്നുവെന്ന് നിവേദിതാ മേനോന്‍ വിശദീകരിക്കുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest