Connect with us

Kerala

യുഡിഎഫ് കാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന് കീഴില്‍ നടന്ന ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിന് ഒപ്പം യുഡിഎഫ് കാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനം. ഇതിനായി നാലംഗ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങള്‍ വിജിലന്‍സ് ഇന്ന് ഔദ്യോഗികമായി കോടതിയെ അറിയിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്ന നിയമനങ്ങളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുക. എസ് പിക്ക് പുറമെ രണ്ട് ഡി വൈഎസ് പിമാരും സിഐയും അടങ്ങിയ അന്വേഷണ സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജന് എതിരായ പൊതുതാത്പര്യഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ സമയത്തായിരിക്കും വിജിലന്‍സ് തങ്ങളുടെ തീരുമാനം കോടതിയെ അറിയിക്കുക. ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സിനോട് ഇന്ന് തുടര്‍ നടപടികള്‍ അറിയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായും നിയമോപദേശകരുമായും ചര്‍ച്ചകള്‍ നടത്തിയ വിജിലന്‍സ് ത്വരിത പരിശോധന നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു.