Connect with us

Gulf

ദുബൈയില്‍ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞു

Published

|

Last Updated

ദുബൈ: നടപ്പുവര്‍ഷം രണ്ടാം പകുതിയിലെ ആദ്യപാദത്തില്‍ ദുബൈയില്‍ റോഡപകടങ്ങളും തന്മൂലമുണ്ടാകുന്ന മരണങ്ങളും കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.3 ശതമാനമാണ് കുറവ്.
ദുബൈ പോലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മതര്‍ അല്‍ മസീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിലയിരുത്തല്‍ യോഗത്തിലാണ് 2016 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസ കാലയളവില്‍ ഉണ്ടായ അപകടങ്ങളും മരണങ്ങളും സംബന്ധിച്ച് ദുബൈ ട്രാഫിക് പോലീസ് തയ്യാറാക്കിയ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്തുവിട്ടത്. ദുബൈ ട്രാഫിക് പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ ബന്നയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
രണ്ടാം പകുതിയിലെ ആദ്യ മൂന്ന് മാസത്തില്‍ ഗതാഗത അപകടങ്ങളില്‍ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 45 പേരാണ് മരിച്ചത്. ഗതാഗത അപകടങ്ങളില്‍ 167 പേര്‍ക്കാണ് ചെറിയ രീതിയിലുള്ള പരുക്കേറ്റത്. 180 പേര്‍ക്ക് ഇടത്തരം രീതിയില്‍ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റത് 39 പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 294 ചെറിയ പരുക്കുകളും 180 തീക്ഷ്ണത കുറഞ്ഞ പരുക്കുകളും 36 പേര്‍ക്ക് ഗുരുതര പരുക്കുമാണ് സംഭവിച്ചത്.
മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും രണ്ട് മരണങ്ങളുണ്ടായി.
എമിറേറ്റ്‌സ് റോഡിലുണ്ടായ അപകടത്തില്‍ ഈ വര്‍ഷം 10 മരണം സംഭവിച്ചു. കഴിഞ്ഞ വര്‍ഷം 11 ആയിരുന്നു. ശൈഖ് സായിദ് റോഡിലുണ്ടായ അപകടങ്ങളില്‍ ഈ വര്‍ഷം അഞ്ചും കഴിഞ്ഞ വര്‍ഷം നാലും ആളുകളാണ് മരിച്ചത്. ദുബൈ-അല്‍ ഐന്‍ റോഡില്‍ ഈ വര്‍ഷം രണ്ടുപേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഒരാളാണ് മരിച്ചത്. അല്‍ ഖൈല്‍ റോഡില്‍ അഞ്ച് പേര്‍ക്കാണ് ഈ വര്‍ഷം ജീവന്‍ നഷ്ടപ്പെട്ടത്.
നിയമം ലംഘിച്ച് വാഹനമോടിച്ച 34,756 പേര്‍ക്കാണ് കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ പിഴ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 31,904 ആയിരുന്നു.

Latest