Connect with us

Kerala

ഐഎസ്എല്‍: മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം

Published

|

Last Updated

കൊച്ചി: കളി മാറി ; ഗോള്‍ പിറന്നു- കേരള ബ്ലാസ്റ്റേഴ്‌സിന് ഐ എസ് എല്‍ മൂന്നാം സീസണിലെ ആദ്യ ജയം ! മേഘാവൃതമായ ആകാശത്തെയും ഗോളിനായി ദാഹിച്ചു നിന്ന ഗ്യാലറിയേയും സാക്ഷിയാക്കി ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ മൈക്കല്‍ ചോപ്രയാണ് മുംബൈ സിറ്റിക്കെതിരെ വിജയഗോള്‍ നേടിയത് (1-0). കളിയിലുടനീളം അധ്വാനിച്ചു കളിച്ച ചോപ്ര ഹീറോ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. നാല് മത്സരങ്ങളില്‍ നാല് പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് കയറി. സീസണിലെ ആദ്യ തോല്‍വിയേറ്റ മുംബൈ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്ത്.
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം അമ്പത്തെട്ടാം മിനുട്ടിലാണ് ചോപ്രയുടെ സ്‌കോറിംഗ്. ബോക്‌സിന് പുറത്ത് വെച്ച് ബെല്‍ഫോര്‍ട് ക്ലിയര്‍ ചെയ്ത പന്ത് മൂന്ന് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ബോക്‌സിനുള്ളില്‍ ചോപ്രയുടെ കാലുകളില്‍. ഗോളി വൊല്‍പാടോയെ കബളിപ്പിച്ച് ചോപ്ര വലത് ഭാഗത്തേക്ക് പ്ലെയ്‌സ് ചെയ്തു, ഗോള്‍ ! ഐ എസ്എല്‍ ചരിത്രത്തില്‍ ചോപ്രയുടെ ആദ്യ ഗോള്‍. ഹൊസുവും റാഫിയും ബെല്‍ഫോര്‍ടും ഹ്യൂസും മഹ്മദും ജിങ്കാനുമെല്ലാം തകര്‍ത്തു കളിച്ച മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദിക്ക് വലിയ പരീക്ഷണം നേരിടേണ്ടിവന്നില്ല.
രണ്ടാം പകുതിയില്‍ ലൂസിയന് പകരം സോണി നോര്‍ദെ ഇറങ്ങിയപ്പോഴാണ് മുംബൈ മുന്നേറ്റത്തിന് മൂര്‍ച്ചയേറിയത്. ബെല്‍ഫോര്‍ടിന് പകരം ഡക്കന്‍സിനെ ഇറക്കി ബ്ലാസ്റ്റേഴ്‌സും അറ്റാക്കിംഗ് നിലനിര്‍ത്തി. ഹോസുവിനും സെഹ്‌നാജിനും മഞ്ഞക്കാര്‍ഡ് കണ്ടു. മത്സരത്തില്‍ 54 ശതമാനം ബോള്‍ പൊസഷന്‍ മഞ്ഞപ്പട സ്വന്തമാക്കി.

ആദ്യപകുതിയില്‍
മുംബൈ ചിത്രത്തിലില്ല
വിശ്വസിച്ചാലും ഇല്ലെങ്കിലും, ആദ്യ പകുതിയില്‍ മുംബൈ മനമറിഞ്ഞ് പന്തുമായി ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തെത്തിയത് മുപ്പത്തേഴാം മിനുട്ടില്‍! .അതുവരെ സന്ദര്‍ശകരുടെ വെള്ളപ്പട ഗോളിലേക്കുള്ള വഴിവെട്ടാനറിയാതെ വ്യഥാ ഓടി നടക്കുകയായിരുന്നു.
മുംബൈയുടെ സൂപ്പര്‍ താരം ഡെഫെഡെറികോയുടെ ടച്ചോടെയാണ് കളി ആരംഭിച്ചത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ പന്ത് പിടിച്ചെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് പിന്നീട് സമഗ്രാധിപത്യം സ്ഥാപിക്കുന്നതായിരുന്നു കാഴ്ച. കോച്ച് സ്റ്റീവ് കോപ്പല്‍ ഉറപ്പ് നല്‍കിയത് പോലെ ഗോളിന് വേണ്ടി മഞ്ഞക്കുപ്പായക്കാര്‍ ഇരച്ചു കയറി. മൂന്നാം സീസണില്‍ ഒരു ജയം എന്നത് മാത്രമല്ല, ഒരു ഗോള്‍ കുറിക്കുക എന്നതും ബ്ലാസ്റ്റേഴ്‌സിന് അഭിമാനവിഷയമായിരുന്നു.
നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ 1-0ന് തോറ്റ ബ്ലാസ്റ്റേഴ്‌സ് പിന്നീട് നടന്ന രണ്ട് ഹോം മാച്ചിലും ഗോളടിച്ചില്ല. അത്‌ലറ്റിക്കോയോട് തോറ്റപ്പോള്‍ ഡല്‍ഹി ഡൈനമോസിനോട് ഗോളില്ലാകളിയായി. അതാകണം, മുംബൈക്കെതിരെ രണ്ടും കല്‍പ്പിച്ചായിരുന്നു ടീം. ആദ്യ ഗോള്‍ നീക്കത്തോടെ ആതിഥേയര്‍ കളിയുടെ ഗതി എങ്ങനെയാകുമെന്ന വ്യക്തമായ ചിത്രം നല്‍കി.
മുഹമ്മദ് റാഫിയുടെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ നേരിയ വ്യത്യാസത്തിന് പറക്കുമ്പോള്‍ സമയം ഒരു മിനുട്ട് തികയുന്നു. അടുത്ത മിനുട്ടില്‍ റാഫിയുടെ രണ്ടാം മുന്നേറ്റം. ബോക്‌സിന്റെ വലത് ഭാഗത്ത് നിന്ന് റാഫിക്ക് മികച്ച അവസരം. പക്ഷേ, തുടക്കത്തിലെ ആവേശത്തില്‍ റാഫിയത് പുറത്തേക്കടിച്ചു കളഞ്ഞു. ഗ്യാലറിക്ക് ആവേശമേകിയ നിമിഷങ്ങള്‍ ഒന്നൊന്നായി വന്നുകൊണ്ടേയിരുന്നു.
സന്ദേശ് ജിങ്കാന്‍ ഇരുപത്തിനാലാം മിനുട്ടില്‍ വലത് വിംഗില്‍ നിന്ന് നല്‍കിയ തകര്‍പ്പന്‍ക്രോസ് ബോള്‍ മുംബൈ ഗോള്‍മുഖത്ത് അപകടം വിതറി. ഫസ്റ്റ് ടൈംഷോട്ടിന് മുതിരാതെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അറച്ച് നിന്നത് ഗോള്‍ നഷ്ടമാക്കി.
മധ്യനിരയില്‍ നിന്ന് അസ്‌റാക് മഹ്മദ് കുതിച്ച് കയറിയപ്പോഴും മൈക്കല്‍ ചോപ്ര മധ്യനിരയിലേക്കിറങ്ങി വന്ന് പന്ത് റാഞ്ചിയെടുത്തപ്പോഴും ബ്ലാസ്റ്റേഴ്‌സ് പുതിയ നീക്കങ്ങള്‍ക്ക് കോപ്പ് കൂട്ടി. പക്ഷേ, ഗോളിന് മുപ്പത് വാര അകലെ വെച്ച് എല്ലാ നീക്കങ്ങള്‍ക്കും ഭാവനാശൂന്യത പിടിപെടും പോലെ.
ഈ കളി കൊള്ളാം…
കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജര്‍മനിയുടെ തോമസ് മുള്ളറെ പ്രതിരോധിച്ചതിന്റെ ക്ഷീണം മാറും മുമ്പെയാണ് ആരോണ്‍ ഹ്യൂസ് ഇന്നലെ കലൂര്‍ സ്റ്റേഡിയത്തില്‍ മുംബൈ മുന്നേറ്റ നിരയെ പിടിച്ചു കെട്ടാനിറങ്ങിയത്. ഹ്യൂസ് എത്തിയത് ടീമില്‍ ആത്മവിശ്വാസം നിറച്ചു. ഹെംഗ്ബര്‍ട് കുറേക്കൂടി ഫ്രീയായി കളിച്ചു. ജിങ്കാന് പന്തടക്കം ഏറി. ഇടത് വിംഗ് ബാക്കില്‍ ഹൊസു കുരിയാസിന് അറ്റാക്കിംഗിലേക്ക് പോയാലും പെട്ടെന്ന് ബാക് ലൈനിലേക്ക് ഓടിവരേണ്ട ടെന്‍ഷനില്ല- ഹ്യൂസില്ലേ !
ചാഡ് താരം അസ്‌റാക്ക് മധ്യനിരയില്‍ പ്ലേ മേക്കിംഗ് കാഴ്ചവെച്ചത് ശുഭസൂചനയാണ്. എതിര്‍ നിരയിലെ സെഹ്‌നാജും ക്രിസ്റ്റ്യന്‍ വഡോസും അസ്‌റാക്കിനെ കയറിക്കളിക്കാന്‍ വിട്ടില്ല. പലപ്പോഴും കടുത്ത ടാക്ലിംഗ്. റഫറി കാര്‍ഡുയര്‍ത്താത്തതില്‍ പലവട്ടം സ്റ്റേഡിയം പൊട്ടിത്തെറിച്ചു.
മധ്യനിരയും പ്രതിരോധനിരയും പരസ്പരം പൊസിഷന്‍ മനസ്സിലാക്കി പന്ത് കൈമാറിക്കളിച്ചത് മുംബൈയുടെ ഫോര്‍മേഷനെ തന്നെ അപ്രസക്തമാക്കി.

ഗ്യാലറിയുടെ താരം
ഹൊസു..
ഹൊസു… ഹൊസു… ഹൊസു.. ഗ്യാലറിയില്‍ നിന്ന് ഇരമ്പല്‍ കേള്‍ക്കാമായിരുന്നു. ഇതില്‍ നിന്ന് മനസ്സിലാക്കാം ബ്ലാസ്റ്റേഴ്‌സ് അനുകൂലികളുടെ പ്രിയതാരം ആരെന്ന്. ഈ ഇഷ്ടം വെറുതെ ലഭിച്ചതല്ല, കഠിനാധ്വാനം ചെയ്ത് നേടിയതാണ്. ഇടത് വിംഗ് ബാക്കില്‍ കളിക്കുന്ന ഹൊസു പന്തുമായി എത്രവേഗമാണ് എതിര്‍ഹാഫിലേക്ക് കുതിച്ചെത്തുന്നത്. വലത് വിംഗിലൂടെ ഒരു നീക്കമുണ്ടെങ്കില്‍ ഹൊസു അതിനനുസരിച്ച് പൊസിഷന്‍ ചെയ്യും. വലത് വിംഗില്‍ നിന്ന് ഇടങ്കാല്‍ കൊണ്ട് ഫ്രീകിക്കെടുക്കാനും ഹൊസു വേണം.
സത്യം പറഞ്ഞാല്‍ ഈ സ്പാനിഷ് മിഡ്ഫീല്‍ഡറുടെ ഫിറ്റ്‌നെസ് തന്നെയാണ് കാണികളുടെ ഇഷ്ടത്തിന് പിറകില്‍. കോര്‍ണര്‍ കിക്കെടുക്കാന്‍ വരുമ്പോള്‍ ഹൊസു കാണികളോട് ആരവം ഉയര്‍ത്താന്‍ ആവശ്യപ്പെടും. ക്രിക്കറ്റില്‍ വിരാട് കോഹ്‌ലി ഗ്യാലറിയെ കൈയിലെടുക്കും പോലെ ചില നമ്പറുകള്‍ ഹൊസുവിന്റെ കൈയിലുമുണ്ട്.

ചോപ്രയുടെ
പ്ലേ മേക്കിംഗ്…
അലസനായി ഓടി നടക്കുന്ന ചോപ്രയെയാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഇന്നലെ ചോപ്ര ആ സമീപനമൊന്ന് മാറ്റി. പ്ലേ മേക്കറുടെ റോളിലേക്ക് ഉഗ്രന്‍ ഒരു ചേഞ്ച്. പന്ത് നഷ്ടമാകുമ്പോള്‍ പിറകെ ഓടി തട്ടിയെടുത്തും, സഹതാരങ്ങള്‍ പന്ത് കിട്ടാതെ വിഷമിക്കുമ്പോള്‍ മുംബൈ താരങ്ങളില്‍ നിന്ന് പന്ത് റാഞ്ചിയെടുത്തും ചോപ്ര അധ്വാനിയായി. ബോക്‌സിനുള്ളില്‍ പൊസിഷന്‍ ചെയ്യുന്നതിലും മികവ് കാണിച്ചു. അത്തരമൊരു പൊസിഷനിംഗിലാണ് ഗോള്‍ സംഭവിച്ചതും.

ബ്ലാസ്റ്റേഴ്‌സ്
4-3-2-1
കേരള ബ്ലാസ്റ്റേഴ്‌സ് 4-3-2-1 ഫോര്‍മേഷനില്‍ വിന്യസിച്ചു.
വടക്കന്‍ അയര്‍ലന്‍ഡിനായി ലോകകപ്പ് യോഗ്യതാ റൗണ്ട് കളിക്കാന്‍ പോയിരുന്ന മാര്‍ക്വു താരം ആരോണ്‍ ഹ്യൂസ് ബ്ലാസ്റ്റേഴ്‌സിന്റെ സെന്റര്‍ ബാക്ക് പൊസിഷനില്‍ തിരിച്ചെത്തി. ഹെംഗ്ബര്‍ട്ടായിരുന്നു പ്രതിരോധത്തില്‍ കൂട്ടിന്. ഇടത് വിംഗില്‍ മാറ്റമില്ല, സ്പാനിഷ് താരം ഹൊസു കുരിയാസ്. വലത് വിംഗില്‍ സന്ദേശ് ജിങ്കാന്‍.
രണ്ട് പേരടങ്ങിയ മധ്യനിര പാക്കേജില്‍ ചാഡിന്റെ അസ്‌റാക് മഹ്മതും മെഹ്താബ് ഹുസൈനും. ഫോര്‍വേഡ് ലൈനപ്പില്‍ ഇടത് വിംഗില്‍ ഹെയ്തിയുടെ കെര്‍വെന്‍സ് ബെല്‍ഫോര്‍ട് വലത് വിംഗില്‍ മുഹമ്മദ് റഫീഖ്. രണ്ടാം സ്‌ട്രൈക്കറുടെ റോളില്‍ മൈക്കല്‍ ചോപ്ര. ഏക സ്‌ട്രൈക്കറായി മലയാളി താരം മുഹമ്മദ് റാഫി.

മുംബൈ സിറ്റി
4-2-3-1
മുംബൈ സിറ്റി എഫ് സി 4-2-3-1 ഫോര്‍മേഷനാണ് സ്വീകരിച്ചത്. മുംബൈയുടെ പ്രതിരോധത്തില്‍ സെന്റര്‍ ബാക്കുകളായി അന്‍വര്‍ അലിയും റുമാനിയന്‍ താരം ലൂസിയന്‍ ഗോയനും നിന്നു. ഇടത് വിംഗ് ബാക്കില്‍ അര്‍ജന്റീനയുടെ ഫാകുന്‍ഡോ കര്‍ഡോസോയും വലത് വിംഗ് ബാക്കില്‍ എയ്ബര്‍ലോംഗ് കോംഗ്ജിയും. മധ്യനിരയില്‍ സെഹ്നാജ് സിംഗ്, ക്രിസ്റ്റ്യന്‍ വദോസ്, ലാല്‍റിന്‍മുന ഡേവിഡ് എന്നിവര്‍. ഏക സ്‌ട്രൈക്കര്‍ ബൊയ്താംഗ് ഹോകിപിന് പിറകില്‍ രണ്ട് സഹായികള്‍ – അതാകട്ടെ ബ്രസീലിയന്‍- അര്‍ജന്റീനിയന്‍ സഖ്യം. സോറസ് കോസ്റ്റയും മത്യാസ് ഡെഫെഡെറികോയുമായിരുന്നു ആ സപ്പോര്‍ട്ടിംഗ് സ്‌ട്രൈക്കര്‍മാര്‍.

 

Latest