Connect with us

Kerala

ഏക സിവില്‍കോഡ്: നിയമ കമ്മീഷനുമായി സഹകരിക്കില്ല: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: ഏകീകൃത സിവില്‍കോഡിന് രൂപം നല്‍കുന്നതിന് കേന്ദ്ര നിയമ കമ്മീഷന്‍ ആരംഭിച്ച സര്‍വേ നടപടികളുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന പൗരസമൂഹത്തെ അങ്ങേയറ്റം ആശങ്കാകുലരാക്കുന്ന നടപടികളാണ് ഇതു സംബന്ധമായി സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.
മുത്വലാഖ്, ബഹു ഭാര്യത്വ വിഷയങ്ങളില്‍ മുന്‍ കേന്ദ്ര സര്‍ക്കാറുകള്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായി സുപ്രീം കോടതിയില്‍ മോദി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് പൊതു സിവില്‍കോഡിനു വേണ്ടിയുള്ള സര്‍ക്കാറിന്റെ അനാവശ്യ ധൃതിനിറഞ്ഞ നീക്കമായി ചേര്‍ത്തുവായിക്കേണ്ടതാണ്.
വ്യക്തിനിയമങ്ങള്‍ ഓരോ മത സമുദായത്തിന്റെയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയമാണെന്നിരിക്കെ ഏകീകൃത സിവില്‍കോഡ് കൊണ്ടുവരാനുള്ള ഏതുനീക്കവും ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ കൈയേറ്റമായാണ് വിലയിരുത്തപ്പെടുക. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടാണെന്ന് സുപ്രീം കോടതി പലതവണ ഓര്‍മപ്പെടുത്തിയതാണ്. ആ നിലക്ക് പൊതു സിവില്‍കോഡിനായുള്ള ഏതുനീക്കവും ഭരണഘടനാ വിരുദ്ധമായേ കണക്കാക്കാനാകൂ. മതസമുദായങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യവും സൗഹാര്‍ദവും തകര്‍ക്കുന്ന നീക്കങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുതന്നെയുണ്ടാകുന്നത് ഖേദകരവും അപലപനീയവുമാണ്. ഈ നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ശരീഅത്ത് നിയമങ്ങള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതല്ലെന്നും കാന്തപുരം ഓര്‍മപ്പെടുത്തി.
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല സംബന്ധിച്ചു.

---- facebook comment plugin here -----

Latest