Connect with us

Articles

ഗോവയിലെ കോഡും ഹിന്ദു കോഡുകളും

Published

|

Last Updated

ഏകീകൃത സിവില്‍ കോഡിനായുള്ള കരുനീക്കങ്ങള്‍ നടത്തുന്നവര്‍ക്ക് തന്നെ അത് തികച്ചും അപ്രായോഗികവും അതിന് മുന്‍ മാതൃകകളില്ലെന്നും നന്നായി അറിയാം. ഗോവയില്‍ നിലനില്‍ക്കുന്ന പോര്‍ച്ചുഗീസ് സിവില്‍ പ്രൊസീജിയര്‍ കോഡ് (1939) ആണ് ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡിന്റെ ഒരേയൊരു മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍, അത് ഒരു നിലക്കും ഏകീകൃതമല്ല. വ്യക്തി നിയമങ്ങള്‍ക്ക് മേല്‍ കുറ്റാരോപണങ്ങള്‍ നടത്തുന്നവര്‍ സാധാരണ പറയാറുള്ള എല്ലാ “ന്യൂനതകളും” ഈ കോഡിനും ഉണ്ട്.
ഗോവയില്‍ കത്തോലിക്കര്‍ക്കും മറ്റ് വിശ്വാസധാരയില്‍ പെട്ടവര്‍ക്കും വിവാഹ നിയമങ്ങള്‍ വ്യത്യസ്തം തന്നെയാണ്. ചര്‍ച്ചിലാണ് വിവാഹം നടക്കുന്നതെങ്കില്‍ കാനോണ്‍ നിയമങ്ങളാണ് ബാധകമാകുക. ഗോവയിലെ ഹിന്ദു സമൂഹത്തിന്റെ ആചാരങ്ങളും നാട്ടുനടപ്പുകളും ഏകീകൃതമെന്ന് കൊണ്ടാടപ്പെടുന്ന ഈ നിയമം അംഗീകരിക്കുന്നു. ഹിന്ദുക്കള്‍ക്ക് ഗോവ കോഡ് ദ്വിഭാര്യാത്വം അനുവദിക്കുന്നുമുണ്ട്. മറ്റ് സമുദായങ്ങള്‍ക്ക് ഈ ഇളവില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹിന്ദു പുരുഷന് ഒന്നിലധികം ഭാര്യമാരാകാം എന്നാണ് കോഡില്‍ പറയുന്നത്. പ്രത്യേക സാഹചര്യമാണ് ഏറ്റവും കൗതുകകരം. 25 വയസ്സിനകം ഭാര്യ ഒരു കുഞ്ഞിന് ജന്‍മം നല്‍കാതിരിക്കുക എന്നതാണ് ഒരു സാഹചര്യം. 30 വയസ്സിനകം ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കാതിരിക്കുക എന്നത് രണ്ടാമത്തെ കാര്യം. മരണാനന്തര ചടങ്ങുകള്‍ക്ക് ആണ്‍ കുഞ്ഞ് വേണമെന്ന ഹിന്ദു ആചാരത്തെ പോലും കണക്കിലെടുക്കുന്നതാണ് “ഏകീകൃതമായ” ഗോവ കോഡെന്ന് ചുരുക്കം.
ചര്‍ച്ചില്‍ വിവാഹിതനായ ഒരാള്‍ക്ക് സിവില്‍ നിയമത്തിലെ വിവാഹ മോചന ചട്ടങ്ങള്‍ പാലിക്കേണ്ടതില്ല. ദത്ത് വിഷയത്തിലും ഗോവ കോഡ് വിവിധ സമുദായങ്ങള്‍ക്ക് വിവിധ തലത്തിലുള്ള ഇളവുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഗോവ കോഡ് അല്‍പ്പമെങ്കിലും ഏകീകൃതമായിരിക്കുന്നത് സ്വത്ത് വിഭജന വിഷയത്തില്‍ മാത്രമാണ്. ഗോവയിലെന്നല്ല, ഇന്ത്യയില്‍ ഒരിടത്തും സമ്പൂര്‍ണ ഏകീകരണം സാധ്യമല്ലെന്നാണ് ഇത് കാണിക്കുന്നത്. ലിംഗ നീതി, നിയമത്തിന് മുന്നിലെ തുല്യത, കേവല മതനിരപേക്ഷത തുടങ്ങിയ ഒരു ആശയവും ഏകീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്ന കോഡില്‍ കാണാനില്ലെന്ന് ഗോവ കോഡിനെക്കുറിച്ച് ആഴത്തില്‍ പഠിച്ചാല്‍ ബോധ്യമാകും.
ഹിന്ദു കോഡ് ബില്ലുകളാണ് കോഡ് ഏകീകരണത്തിന്റെ മറ്റൊരു മാതൃകയായി പറയപ്പെടുന്നത്. ഹിന്ദു മാരേജ് ആക്ട്, ഹിന്ദു സക്‌സഷന്‍ ആക്ട്, ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ആക്ട്, ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട് എന്നിവയുടെ സമുച്ചയമെന്ന നിലയിലാണ് ഹിന്ദു കോഡ് ബില്‍ എന്ന് വിവക്ഷിക്കപ്പെടുന്നത്. 1955-56ല്‍ ഇത്തരമൊരു കോഡിഫിക്കേഷന്‍ നടത്തുന്നതിനെ ശക്തമായി എതിര്‍ത്തത് ആരൊക്കെയായിരുന്നുവെന്നത് ഏറെ പ്രസക്തമാണ്. ആഭ്യന്തര മന്ത്രി സാക്ഷാല്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പാര്‍ലിമെന്റില്‍ കോഡിഫിക്കേഷന്‍ നീക്കത്തെ നഖശിഖാന്തം എതിര്‍ത്തു. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രി തന്നെ സംസാരിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. വ്യവസായ മന്ത്രി ശ്യാമപ്രസാദ് മുഖര്‍ജിയും പ്രമുഖ കോണ്‍ഗ്രസ് നേതാവ് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുമെല്ലാം ഈ നിലപാടെടുത്തു. ഹിന്ദു മഹാസഭ സ്ത്രീകളെ രംഗത്തിറക്കി വന്‍ പ്രതിഷേധമുയര്‍ത്തി. അകത്ത് നിന്നും പുറത്ത് നിന്നും ഉയര്‍ന്നു വന്ന എതിര്‍പ്പുകള്‍ തണുപ്പിക്കാന്‍ ഹിന്ദു കോഡ് ബില്ലുകളുടെ വ്യവസ്ഥകളില്‍ കാര്യമായ വിട്ടുവീഴ്ചകള്‍ക്ക് നെഹ്‌റു തയ്യാറായി. ഗോത്ര വിഭാഗത്തെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.
ഹിന്ദു എന്നത് ഇന്നും കൃത്യമായ വ്യാഖ്യാനമില്ലാത്ത ഒന്നായി അവശേഷിക്കുന്നത് കൊണ്ട് ഏകവത്കരണം അസാധ്യമായി തന്നെ നിലനില്‍ക്കുകയാണ്. അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ ഇന്നും നികുതി ഇളവ് അനുഭവിക്കുന്നുണ്ട്. ഹിന്ദു അണ്‍ ഡിവൈഡഡ് ഫാമിലിയെ ഒരു വ്യക്തിയായാണ് പരിഗണിച്ചിരിക്കുന്നത്. ആദായ നികുതി നിയമത്തില്‍ അവിഭക്ത ഹിന്ദു കുടുംബത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അത് പ്രത്യേകമായി നിലനില്‍ക്കുകയാണ്.
വ്യക്തി നിയമങ്ങള്‍ അവിടെ നില്‍ക്കട്ടെ. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് തന്നെ ഇന്ത്യയില്‍ ഏകീകൃതമല്ല. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിനെയും 371 എ പ്രകാരം നാഗാലാന്‍ഡിനെയും 1973ലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടല്ലോ. നാഗാ ആചാരപരമായ നിയമങ്ങളാണ് നാഗാലാന്‍ഡില്‍ ബാധകമായിട്ടുള്ളത്. ഇവ രാഷ്ട്രത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിനായി തയ്യാറാക്കിയിട്ടുള്ള സംവിധാനത്തിന്റെ ഭാഗമാണ്. ഇത്തരം വ്യവസ്ഥകള്‍ക്കെതിരെ വാളോങ്ങുന്നവരെല്ലാം ശിഥിലീകരണത്തിനാണ് വഴി മരുന്നിടുന്നത്.
ഏകീകൃത സിവില്‍ കോഡ് ശ്രമങ്ങളിലെ രാഷ്ട്രീയം തിരിച്ചറിയാന്‍ സാധിക്കണം. ഉടനടി നടപ്പാക്കാന്‍ വേണ്ടിയല്ല ഇതിപ്പോള്‍ വലിച്ചിട്ടിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം. അതു കഴിയുമ്പോള്‍ കോലാഹലം തത്കാലം അടങ്ങും. പക്ഷേ, ഇതുണ്ടാക്കുന്ന പരുക്ക് അവശേഷിക്കും. ന്യൂനപക്ഷ വിഭാഗങ്ങളും ദളിത് സമൂഹവും ഭൂരിപക്ഷ ബ്രാഹ്ണിക്കല്‍ മേധാവിത്വത്തിന് കീഴൊതുങ്ങി ജീവിക്കണമെന്ന ആക്രോശമാണ് ഓരോ തവണയും ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. മത, സംസ്‌കാരിക ന്യൂനപക്ഷങ്ങളെ കൂടുതല്‍ കൂടുതല്‍ പ്രകോപിതരാക്കുക, തുടര്‍ന്ന് നടക്കുന്ന പ്രതികരണങ്ങളെപ്പോലും ആയുധമാക്കുക ഇതാണ് തന്ത്രം. അത്‌കൊണ്ട് പ്രതികരണങ്ങള്‍ ബുദ്ധിപൂര്‍വമായിരിക്കണം. കൃത്യമായ പഠനങ്ങള്‍ നടക്കണം. ശരീഅത്ത് നിയമങ്ങളില്‍ ആത്മവിശ്വാസം കൊള്ളണം. അത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. കാലാനുസൃതമായ പരിഷ്‌കരണം വേണമെന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. ഹിന്ദുത്വ ശക്തികളുടെ കൈയില്‍ വടി കൊടുക്കലാണ് അത്. ചെറുത്തു നില്‍പ്പിന്റെ ശക്തി അത് ചോര്‍ത്തിക്കളയും. ആത്യന്തികമായി ഹിന്ദുത്വ ശക്തികള്‍ക്കെതിരെ രാഷ്ട്രീയ ജാഗ്രത പുലര്‍ത്തണം. അവര്‍ക്ക് പാര്‍ലിമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മേല്‍ക്കൈ ഉണ്ടായാല്‍ അവര്‍ ഉഗ്ര രൂപം കൈവരിക്കും.
ഓണത്തിന്റെ മിത്തിനെ സൂചിപ്പിക്കുന്ന വരികള്‍ ഇങ്ങനെയാണ്:
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
ഒന്നു “പോലെ”യാണ്. ഒന്നെന്നല്ല. യൂനിഫോമിറ്റി അസാധ്യമാണ്. യൂനിറ്റിയേ സാധ്യമാകൂ. നാനാത്വത്തില്‍ ഏകത്വം.
(അവസാനിച്ചു)

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest