Connect with us

Eranakulam

പാഴാക്കാനുള്ളതാണെങ്കില്‍ എന്തിന് ഉറപ്പ് നല്‍കുന്നു: കെ യു ഡബ്ല്യു ജെ

Published

|

Last Updated

കൊച്ചി: ചീഫ് ജസ്റ്റിസിനെ അവഹേളിക്കുംവിധം മാധ്യമപ്രവര്‍ത്തകരെ വീണ്ടും കോടതിയില്‍ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്ന ഒരു വിഭാഗം അഭിഭാഷകരുടെ അക്രമാസക്ത നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ഇന്നലെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നടന്ന അതിക്രമത്തെ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും എങ്ങനെയാണ് കാണുന്നതെന്നറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് താത്പര്യമുണ്ട്.
പാഴാക്കാനുള്ളതാണ് ഉറപ്പുകളെങ്കില്‍ ചീഫ് ജസ്റ്റിസ് എന്തിനാണിങ്ങനെ ആവര്‍ത്തിച്ചു നല്‍കിക്കൊണ്ടിരിക്കുന്നു. ചീഫ് ജസ്റ്റിസിനെയും നീതിന്യായ വ്യവസ്ഥകളെയും വെല്ലുവിളിക്കുന്ന അഭിഭാഷകരില്‍ ഒരു വിഭാഗത്തെ ഇനിയും സംരക്ഷിക്കാന്‍ നീതിപീഠം തയാറാവരുത്. മുഖ്യ ന്യായാധിപന്റെയും മുഖ്യമന്ത്രിയുടെയും വാക്കുകളെ മുഖവിലക്കെടുത്താണ് കോടതി റിപ്പോര്‍ട്ടിംഗിനായി മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്.
തിരുവനന്തപുരത്ത് നടന്ന അവഹേളനം എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. ഇതിനെതിരെ നേരിട്ട് ശക്തമായി പ്രതികരിക്കാന്‍ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും തയാറാവണം. കേരളീയ സമൂഹവും കോടതി വിലക്കിനെതിരെ ശക്തമായി രംഗത്ത് വരണമെന്നും സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.