Connect with us

International

ബ്രെക്‌സിറ്റ് തീരുമാനത്തില്‍ മാറ്റമില്ല: തെരേസ മെയ്‌

Published

|

Last Updated

ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ വക്താവ്. ഇ യു വിടാനുള്ള തീരുമാനത്തില്‍ ബ്രിട്ടന്‍ മനസ്സ് മാറ്റണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്രെക്‌സിറ്റ് മധ്യസ്ഥ ചര്‍ച്ചകളില്‍ ബ്രസല്‍സിനെ പ്രതിനിധാനം ചെയ്യുന്നത് ടസ്‌ക് ആണ്. ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുകളാണുള്ളതെന്നും ബ്രിട്ടീഷ് ജനത ഇ യു വിടാനുള്ള തീരുമാനമെടുത്തുകഴിഞ്ഞുവെന്നും വക്താവ് പറഞ്ഞു. ബ്രിട്ടന്‍ ഇ യുവില്‍നിന്ന് പുറത്തുകടക്കുന്നതോടെ തെളിഞ്ഞുവരുന്ന അവസരങ്ങള്‍ക്കൊപ്പം നീങ്ങാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പ്രധാനമന്ത്രിക്ക് ആത്മവിശ്വാസം പകരാനും സംരക്ഷിക്കാനും മറ്റ് യൂറോപ്യന്‍ പങ്കാളികള്‍ തയ്യാറാകണമെന്നും ചര്‍ച്ചകളെ നിര്‍മാണാത്മകമായാണ് തങ്ങള്‍ സമീപിക്കുന്നതെന്നും വക്താവ് പറഞ്ഞു. ബ്രിട്ടന്‍ ഇ യുവില്‍ നിന്ന് പുറത്തുകടക്കുന്നതോടെ ഇരു വിഭാഗത്തിനും നിരവധി ഗുണകരമായ സാധ്യതകളുണ്ടാകുമെന്നതിനാല്‍ ഇരു വിഭാഗവും ഒരുമിച്ച് ഫലപ്രദമായി പ്രവര്‍ത്തിച്ച് ഒരു പുതിയ സജ്ജീകരണങ്ങളും ബന്ധങ്ങളും സ്ഥാപിക്കണമെന്നും വക്താവ് പറഞ്ഞു. ഡിസംബറില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തിനിടെ മറ്റ് 27 ഇ യു നേതാക്കളുമായി ചര്‍ച്ച നടത്താന്‍ മെയ് പദ്ധതിയിടുന്നുണ്ടെന്നും വക്താവ് പറഞ്ഞു.