Connect with us

Kozhikode

തിരുവമ്പാടിയില്‍ അന്താരാഷ്ട്ര വിമാനത്താവളം വേണമെന്ന ആവശ്യം ശക്തമാകുന്നു

Published

|

Last Updated

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന സാധ്യതക്ക് മങ്ങലേറ്റ സാഹചര്യത്തില്‍ തിരുവമ്പാടിയില്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കണമെന്ന് മലബാര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലബാറില്‍ തിരുവമ്പാടി കേന്ദ്രമായി വിമാനത്താവളം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടുവെച്ച നിബന്ധനകള്‍ക്കനുസരിച്ച് ഭൂമി ഏറ്റെടുത്തു നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം വഴിമുട്ടിയ അവസ്ഥയിലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന നിലയില്‍ തിരുവമ്പാടിയില്‍ വിമാനത്താവളം എന്ന ആശയം ചര്‍ച്ച ചെയ്യപ്പെടുന്നത്.
തിരുവമ്പാടിയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള സ്ഥലം ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കാതെ ലഭിക്കും. തിരുവമ്പാടി പഞ്ചായത്തില്‍ മാത്രം 950 ഏക്കര്‍ ഭൂമി ലഭ്യമാണ്. റബ്ബര്‍ എസ്റ്റേറ്റായ പ്രസ്തുത സ്ഥലം വിട്ടുതരാന്‍ ഉടമകള്‍ തയ്യാറാണ്. തിരുവമ്പാടി വിമാനത്താവളത്തിന്റെ സാധ്യതയെ കുറിച്ച് കരിപ്പൂര്‍ വിമാനത്താവളം മുന്‍ ഡയരക്ടര്‍ സി വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സാധ്യതാ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രസ്തുത സ്ഥലത്ത് പരിസ്ഥിതി സൗഹൃദ വിമാനത്താവളം നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണെന്നാണ് രേഖപ്പെടുത്തിയത്. സര്‍ക്കാറിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പുതിയ വിമാനത്താവളം നിര്‍മിച്ച് റണ്‍ ചെയ്യാന്‍ ആവശ്യമായ മുതല്‍മുടക്ക് നടത്താനും മുന്നോട്ട് കൊണ്ടുപോകാനും തയ്യാറായി നിരവധി വിമാനത്താവള കമ്പനികള്‍ രംഗത്തുണ്ട് എന്നത് തിരുവമ്പാടി വിമാനത്താവളത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.
കരിപ്പൂര്‍ വിമാനത്താവളം ടേബിള്‍ ടോപ്പ് താവളമാണെന്നും അപകടസാധ്യത ഏറെയുള്ള ഇവിടെ കോഡ് ഇ ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ ഇറക്കുന്നതിന് ആവശ്യമായ വിധം വികസിക്കണമെങ്കില്‍ 485 ഏക്കര്‍ സ്ഥലമെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. സ്ഥലം ലഭിക്കുകയെന്നത് അപ്രായോഗികമാണെന്ന സാഹചര്യത്തില്‍ തിരുവമ്പാടിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് തയ്യാറാകേണ്ടി വരും. നെടുമ്പാശേരി മാതൃകയിലുള്ള വിമാനത്താവളമാണ് ലക്ഷ്യമിടുന്നതെന്നും എയര്‍പോര്‍ട്ട് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ തുരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്തിന്‍, കെ എന്‍ ചന്ദ്രന്‍, സി ഇ ചാക്കുണ്ണി, ഖാലിദ് പുതുശേരി, ജോണി പാറ്റാനി, സുബൈര്‍ കൊളക്കാടന്‍, ജോയി അഗസ്തിന്‍ പങ്കെടുത്തു.

Latest