Connect with us

Gulf

മാറ്റത്തിനുവേണ്ടി കോടിയേരി ഇറങ്ങിപ്പുറപ്പെട്ടു, ദുബൈയില്‍ നിന്ന്

Published

|

Last Updated

ദുബൈ: ഒരാഴ്ച മുമ്പ്, ശനിയാഴ്ച, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ഏറ്റവും ഉയര്‍ന്നു നിന്ന ചോദ്യം, ബന്ധു നിയമന വിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇ പി ജയരാജനെ പുറത്താക്കുമോ എന്നതായിരുന്നു. മന്ത്രിസഭയില്‍ നിന്ന് ഇ പി ജയരാജനെ ഒഴിവാക്കുമെന്ന് കോടിയേരി തുറന്നു പറഞ്ഞില്ലെങ്കിലും എല്ലാ സൂചനകളുമുണ്ടായിരുന്നു. വിവാദ നിയമനങ്ങള്‍ ഗൗരവമേറിയ വിഷയമാണെന്നും ഒക്‌ടോബര്‍ 14ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ ഗുരുസ്മൃതി ചടങ്ങില്‍ പങ്കെടുക്കാനാണ് കോടിയേരി എത്തിയിരുന്നുത്. ഇ പി ജയരാജന്റെ ബന്ധു നിയമനവിവാദം സാമൂഹിക മാധ്യമങ്ങളില്‍ കത്തി നില്‍ക്കുകയായിരുന്നു. ജയരാജനെതിരെ സി പി എം അനുഭാവികളാണ് പട നയിച്ചത്. നിരവധി ട്രോളുകള്‍ ഇതെക്കുറിച്ച് പ്രചരിച്ചു. യു എ ഇയിലെ സി പി എം അനുഭാവികള്‍ കോടിയേരിയെ രോഷം നേരിട്ട് അറിയിച്ചു. അന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി ബന്ധപ്പെട്ടിരുന്നു. ഇരുവരും ചേര്‍ന്ന് ചില തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. അതിലൊന്നാണ് വിവാദ നിയമനങ്ങള്‍ വിജിലന്‍സിനെകൊണ്ട് അന്വേഷിപ്പിക്കണമെന്നത്. മറ്റൊന്ന്, മന്ത്രിസഭയുടെ പ്രതിച്ഛായ വീണ്ടെടുക്കണമെന്നതും. ബന്ധു നിയമനം വിവാദത്തിലെത്തിയിരുന്നില്ലെങ്കില്‍ പോലും നടപടി വരുമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. ഇ പി ജയരാജന്റെ സമീപകാല പ്രകടനങ്ങള്‍ പാര്‍ട്ടിക്കും മന്ത്രിസഭക്കും ബാധ്യതയാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. രാജി വെക്കാന്‍ സ്വയം സന്നദ്ധനായി എന്നു പറയുമ്പോഴും ആരും അദ്ദേഹത്തെ പിന്താങ്ങാന്‍ മുന്നോട്ടു വന്നില്ലെന്ന യാഥാര്‍ഥ്യമുണ്ട്. സ്വന്തം തട്ടകമായ കണ്ണൂരില്‍ നിന്നുപോലും ആരും ജയരാജന്റെ കൂടെ നിന്നില്ല. ജയരാജനെതിരെ മുമ്പ് ഉയര്‍ന്നു വന്ന പരാതികളില്‍ ചിലത് ഗള്‍ഫ് മേഖലയുമായി ബന്ധപ്പെട്ടാണ്. തിരഞ്ഞെടുപ്പിന് മുമ്പ്, സ്വകാര്യ സന്ദര്‍ശനാര്‍ഥം അദ്ദേഹം യു എ ഇയില്‍ എത്തിയിരുന്നു. ബര്‍ദുബൈയിലെ ഒരു ഹോട്ടലിലായിരുന്നു താമസം. വിദേശയാത്രകള്‍ പലതും നടത്തുന്നതിനെതിരെ പലരും നെറ്റിചുളിച്ചു. അടുത്ത ബന്ധുവിന്റെ ബിസിനസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് എത്തിയതെന്ന് അടക്കം പറച്ചിലുണ്ടായി. അടുത്ത കാലത്തായി നിരവധി പിഴവുകളാണ് അദ്ദേഹത്തിന് പറ്റിയത്. മുന്‍പിന്‍ നോക്കാതെ അഭിപ്രായം പറയുന്നതാണ് അതിലൊന്ന്. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി നിര്യാതനായപ്പോള്‍ ടെലിവിഷന്‍ ചാനലില്‍ വിഡ്ഡിത്തം പറഞ്ഞത് പരിഹാസ്യ പാത്രമാക്കി. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ ഒരാള്‍ക്ക് യോജിക്കുന്ന സമീപനമല്ല, ജയരാജന്റേതെന്ന് ഏവര്‍ക്കും അഭിപ്രായമുണ്ടായി. ഇനി പാര്‍ട്ടിതലത്തിലും നടപടി വരുമെന്നാണ് കേള്‍ക്കുന്നത്. അതിനു വേണ്ടി സമ്മര്‍ദം ചെലുത്താന്‍ ഗള്‍ഫിലെ പാര്‍ട്ടി അനുഭാവികള്‍ രംഗത്തുണ്ട്. അതേ സമയം മന്ത്രിപദം രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുക വഴി ഉന്നത മൂല്യം ഉയര്‍ത്തിപ്പിടിച്ചുവെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.