Connect with us

National

മലേഗാവ് സ്‌ഫോടനം: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ, നിരവധി പേരുടെ മരണത്തിനിടയാക്കിയ 2008ലെ പ്രമാദമായ മലേഗാവ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതി പ്രഗ്യാസിംഗ് ഠാക്കൂറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ശേഖരിച്ച് ഹാജരാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)ക്കും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ ടി എസ്)ക്കും മുംബൈ ഹൈക്കോടതി നിര്‍ദേശം നല്‍കി.
സനാതന്‍ സന്‍സ്ഥയുടെ സ്ഥാപകയായ പ്രഗ്യാ സിംഗിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് ജസ്റ്റിസുമാരായ നരേഷ് പാട്ടീല്‍, പി ഡി നായിക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
മുംബൈയിലെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത് ചോദ്യംചെയ്ത് പ്രഗ്യാസിംഗ് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഇടപെടല്‍. കേസില്‍ ഈ വര്‍ഷമാദ്യം പ്രഗ്യാസിംഗിന് എന്‍ ഐ എ ശുദ്ധിപത്രം നല്‍കിയിരുന്നു.
ഇതു പഴയ കേസാണെന്നും പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നിട്ടും പ്രതിക്ക് കോടതി ജാമ്യം നിഷേധക്കുകയാണെന്നും പ്രഗ്യാസിംഗിന് വേണ്ടി ഹാജരായ ജയ്പ്രകാശ് മിശ്ര വാദിച്ചു.
ജാമ്യംനിഷേധിച്ച കോടതി നടപടിയുടെ രേഖകളും എന്‍ ഐ. എയും എസ് ഐ ടിയും സമര്‍പ്പിച്ച കുറ്റപത്രങ്ങളുള്‍പ്പെടെയുള്ള രേഖകളും പരിശോധിക്കട്ടെയെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് എന്‍ ഐ എയോടും എസ് ഐ ടിയോടും ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.