Connect with us

International

ഹരിതഗൃഹ വാതകം: ലോകരാജ്യങ്ങള്‍ നിര്‍ണായക ധാരണയില്‍ എത്തിയെന്ന് യുഎസ്

Published

|

Last Updated

കിഗാലി (റുവാണ്ട): കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യ കാരണമായ ഹൈഡ്രോ ഫഌറോ കാര്‍ബണ്‍ പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതില്‍ ലോക രാജ്യങ്ങള്‍ നിര്‍ണായക ധാരണയില്‍ എത്തിയെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. റുവാണ്ടയിലെ കിഗാലിയില്‍ വെള്ളിയാഴ്ച രാത്രിയിലുടനീളം നടന്ന ചര്‍ച്ചക്കൊടുവില്‍ ഇന്നലെ രാവിലെയാണ് കരാര്‍ പ്രഖ്യാപിച്ചത്. 2019ഓടെ ഹൈഡ്രോ ഫഌറോ കാര്‍ബണിന്റെ (എച്ച് എഫ് സി)അളവ് ഗണ്യമായി കുറക്കാന്‍ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ ധാരണയിലെത്തുകയായിരുന്നു. എന്നാല്‍ ചൈനയടക്കമുള്ള 100 രാജ്യങ്ങള്‍ 2024ഓടെ മാത്രമേ എച്ച് എഫ് സി പുറന്തള്ളുന്നതിന്റെ അളവ് നിയന്ത്രിക്കുകയുള്ളൂ. ഇന്ത്യ, പാക്കിസ്ഥാന്‍, ചില ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ കുറച്ച് കൂടി സാവധാനത്തിലാണ് നടപടിയെടുക്കുക. തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ എച്ച് എഫ് സി പുറന്തള്ളുന്ന വ്യവസായ സംരംഭങ്ങള്‍ അനിവാര്യമാണെന്ന് കുറച്ച് രാജ്യങ്ങള്‍ മാത്രമുള്ള ഈ ചേരി വാദിക്കുന്നു. എന്നാല്‍ ചൈനയിലെയും ഇന്ത്യയിലെയും വീടുകളിലും കാറുകളിലും ഓഫീസുകളിലും കൂടുതലായി ശീതീകരണികള്‍ ഉപയോഗിക്കുന്നത് എച്ച് എഫ് സിയുടെ പുറന്തള്ളല്‍ ഏറെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വികസിത ചേരി കുറ്റപ്പെടുത്തുന്നത്.കിഗാലി ധാരണയെ യു എസ് പ്രസിഡന്റ് ബരാക് ഒബാമ ശ്ലാഘിച്ചു. മഹത്തായതും ദീര്‍ഘകാല പരിഹാരവുമാണ് ധാരണയെന്ന് അദ്ദേഹം പറഞ്ഞു.

Latest