Connect with us

Kerala

വ്യാജമുട്ട; അടിസ്ഥാന രഹിതമെന്ന് വിദഗ്ധര്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമുട്ട ലഭ്യമായെന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിദഗ്ധര്‍. വ്യാജമെന്ന് പറഞ്ഞ് ലഭിച്ച മുട്ട പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഈ വാദം തള്ളിക്കളഞ്ഞത്. സങ്കീര്‍ണമായ ജൈവഘടനയുള്ള മുട്ട വ്യാജമായി നിര്‍മിക്കാനാകില്ല. സംശയമുന്നയിച്ച് ചില ഉപഭോക്താക്കള്‍ കൊണ്ടുവന്ന മുട്ടയില്‍ രാസ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്നും ഇനി വ്യാജന്‍ നിര്‍മിക്കപ്പെട്ടാല്‍ തന്നെ നിര്‍മാണച്ചെലവ് ഉയര്‍ന്നതാകുമെന്നും ഇവര്‍ പറയുന്നു.
വ്യാജമുട്ട വില്‍ക്കുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കാക്കനാട് റീജ്യനല്‍ അനലിറ്റിക്കല്‍ ലബോറട്ടറി അധികൃതര്‍ പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള സാമ്പിള്‍ പരിശോധിച്ചുവരികയാണ്. തൃശൂര്‍ വെറ്ററിനറി സര്‍വകലാശാലക്ക് കീഴിലെ മീറ്റ് ആന്‍ഡ് സയന്‍സ് ടെക്‌നോളജി ലബോറട്ടറിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പിളുകളുടെ പ്രാഥമിക പരിശോധന നടത്തിയപ്പോഴും ഇവ യഥാര്‍ഥ മുട്ട തന്നെയാണെന്ന് വ്യക്തമായി.
“ചൈനീസ് മുട്ട”യെന്ന പേരില്‍ നടത്തുന്ന വ്യാജമുട്ട പ്രചാരണത്തെ കണക്കറ്റു പരിഹസിച്ച് പ്രശസ്ത ശാസ്ത്രജ്ഞനും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടി രംഗത്തുവന്നിരുന്നു. സാധാരണ മുട്ടയെപ്പോലുള്ള ചൈനീസ്മുട്ട പ്രചാരണങ്ങളില്‍ പറയുന്നതുപോലെ നന്നായി പ്രിന്റ് ചെയ്ത് തയ്യാറാക്കണമെങ്കില്‍ ഒരു മുട്ടക്ക് നൂറിലേറെ രൂപയെങ്കിലും വരും. ഇത് അഞ്ച് രൂപക്ക് കേരളത്തില്‍ വിറ്റഴിക്കുമെന്ന് പറഞ്ഞാല്‍ തന്നെ വിശ്വസിക്കാനാകില്ല. നിലവിലെ സാഹചര്യത്തില്‍ ഇത് ഊഹാപോഹം മാത്രമാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ “ലൂക്ക”യില്‍ വിജയകുമാര്‍ ബ്ലാത്തൂര്‍ പറഞ്ഞു. ചൂടില്‍ മുട്ടകള്‍ പെട്ടെന്ന് കേടായിപ്പോകാതിരിക്കാന്‍ കോഴി ഫാമുകാര്‍ കടുപ്പം കൂടിയ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നുണ്ടാകാം. തോടിലുള്ള സൂക്ഷ്മസുഷിരങ്ങളിലൂടെ മുട്ടയുടെ ഉള്ളില്‍ അവ എത്താം. കോഴിത്തീറ്റയിലും ഇത്തരം വസ്തുക്കള്‍ ചേര്‍ത്തുകൂടെന്നില്ല. അതുകൊണ്ടാകാം മുട്ട പുഴുങ്ങുമ്പോഴും പൊട്ടിക്കുമ്പോഴും അസ്വാഭാവികത തോന്നുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.
മുട്ടയുടെ ഘടകങ്ങള്‍ പരിശോധിച്ചതില്‍ അസാധാരണമായൊന്നും കണ്ടെത്താനായില്ലെന്ന് പൗള്‍ട്രി സയന്‍സ് വിദഗ്ധര്‍ വ്യക്തമാക്കി. പല ജില്ലകളിലും ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പരിശോധന നടത്തിയതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ ശിവകുമാര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് വ്യാജമുട്ട വരുന്നതെന്ന പ്രചാരണത്തെത്തുടര്‍ന്ന് അവിടെയും അന്വേഷണം നടത്തി. ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest