Connect with us

Gulf

വിനോദ സഞ്ചാര രംഗത്ത് ഷാര്‍ജ മുഖം മിനുക്കുന്നു

Published

|

Last Updated

ഷാര്‍ജ :എമിറേറ്റിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ് സി സി ഐ)യും ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി (എസ് സി ടി ഡി എ)യും ധാരണാപത്രത്തില്‍ ഒപ്പിട്ടു.
ചേംബര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എസ് സി സി ഐ ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസും എസ് സി ടി ഡി എ ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫയുമാണ് ഒപ്പുവെച്ചത്.
ഷാര്‍ജയിലെ വിനോദസഞ്ചാര മേഖലകള്‍ പരിപോഷിപ്പിക്കുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും പറഞ്ഞു. എമിറേറ്റിലെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച യു എ ഇയുടെ സമ്പദ് വ്യവസ്ഥയില്‍ ഗുണപരമായ മാറ്റം വരുത്തും. വിനോദസഞ്ചാര മേഖലക്കൊപ്പം ഷാര്‍ജയുടെ മറ്റു മേഖലകളിലും നിക്ഷേപ-വികസനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഇരുകൂട്ടരും യോജിച്ചു പ്രവര്‍ത്തിക്കും. വിനോദസഞ്ചാര രംഗത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി എമിറേറ്റിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് യോജിച്ചുള്ള പ്രവര്‍ത്തനം സഹായകമാകുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് പറഞ്ഞു.
ഷാര്‍ജയുടെ സമ്പദ് മേഖലക്കും ഇത് കരുത്തേകും. ഷാര്‍ജ ടൂറിസം വിഷന്‍ 2021 പൂര്‍ണ ലക്ഷ്യത്തിലെത്തിക്കാന്‍ കൂടുതല്‍ മേഖലകളില്‍ പ്രധാന പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിജ്ഞബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാര മേഖല ശക്തിപ്പെട്ടാല്‍ ഷാര്‍ജയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സാംസ്‌കാരികമായ വളര്‍ച്ച കൈവരികയും ചെയ്യും. ഒപ്പം ആധുനിക ജീവിതശൈലിയും വളരും. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ഷാര്‍ജയിലേക്കാകര്‍ഷിക്കും. ഏതൊരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടേയും പ്രധാന ഊര്‍ജമാണ് വിനോദസഞ്ചാര മേഖല. ആഗോള സമ്പദ് വ്യവസ്ഥയുടെ 25 ശതമാനവും കൈവരിക്കുന്നത് വിനോദസഞ്ചാര മേഖലയിലൂടെയാണ്, ഇതോടൊപ്പം പരിസ്ഥിതി സൗഹൃദ നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ മലിനീകരണവും ചൂട് പുറംതള്ളലും കുറക്കാനാകും, അല്‍ ഉവൈസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വിനോദസഞ്ചാര രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്നതോടൊപ്പം ജീവിക്കാനും തൊഴിലെടുക്കാനും നിക്ഷേപത്തിനും പ്രധാന നഗരമാണ് ഷാര്‍ജയെന്ന് ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ എകണോമിക് എക്‌സലന്‍സ് അവാര്‍ഡിന്റെ ഭാഗമായി ടൂറിസം എക്‌സലന്‍സ് അവാര്‍ഡും ഏര്‍പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എസ് സി സി ഐ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സിയാദ് മഹ്മൂദ് ഖൈറല്ല അല്‍ ഹാജി, അഹ്മദ് മുഹമ്മദ് ഉബൈദ് അല്‍ നബൂദ, ഷാര്‍ജ എകണോമിക് എക്‌സലന്‍സ് അവാര്‍ഡ് ട്രസ്റ്റി ബോര്‍ഡ് അംഗം സാറ അല്‍ മദനി, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ബിസിനസ് സെക്ടര്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അമീന്‍, ലോജിസ്റ്റിക്‌സ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ജനറല്‍ മറിയം സൈഫ് അല്‍ ശംസി, ഷാര്‍ജ എകണോമിക് എക്‌സലന്‍സ് അവാര്‍ഡ് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ നദ അല്‍ ഹജ്‌രി തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

Latest