Connect with us

Gulf

ജപ്പാനിലേക്ക് ഖത്വര്‍ അയച്ചത് 2500 കാര്‍ഗോ പ്രകൃതി വാതകം

Published

|

Last Updated

ദോഹ: ജപ്പാനിലേക്ക് മാത്രം 2500 ദ്രവീകൃത പ്രകൃതി വാതക കാര്‍ഗോ കപ്പലുകള്‍ അയച്ചിട്ടുണ്ടെന്ന് ഖത്വര്‍ പെട്രോളിയം പ്രസിഡന്റും സി ഇ ഒയും ഖത്വര്‍ ഗ്യാസ് ചെയര്‍മാനുമായ സഅദ് ശെരിദ അല്‍ കഅബി പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജപ്പാനിലെ വലിയ ഊര്‍ജ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനെത്തിയതായിരുന്നു അല്‍ കഅബിയുടെ നേതൃത്വത്തിലുള്ള ഖത്വര്‍ പെട്രോളിയം, ഖത്വര്‍ ഗ്യാസ് പ്രതിനിധി സംഘം.
1997ലാണ് ജപ്പാനിലേക്ക് തങ്ങളുടെ ചരിത്രയാത്ര ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഛുബു ഇലക്ട്രിക്, മറ്റ് ഏഴ് കമ്പനികള്‍ എന്നിവയായിരുന്നു പ്രകൃതി വാതകത്തിന്റെ ഉപഭോക്താക്കള്‍. പങ്കാളികളുമായുള്ള ഖത്വര്‍ പെട്രോളിയത്തിന്റെയും ഖത്വര്‍ ഗ്യാസിന്റെയും ബന്ധവും പ്രതിബദ്ധതയും സൗഹൃദവും കരുത്തുറ്റതായി നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന്‍ ഉപഭോക്താക്കളുമായും പങ്കാളിത്ത കമ്പനികളുമായും ഭാവി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ നടന്നതെന്ന് ഖത്വര്‍ പെട്രോളിയം അറിയിച്ചു. ഛുബു ഇലക്ട്രിക്, ജിറ, മിത്‌സുയി, ചിയോദ കോര്‍പറേഷന്‍, ഇദിമിത്‌സു, കോസ്‌മോ ഓയില്‍, എല്‍ എന്‍ ജി ജപ്പാന്‍, മിത്‌സുയി, മരുബീനി കോര്‍പറേഷന്‍, ഇറ്റോചു തുടങ്ങിയ കമ്പനികളുടെ ചെയര്‍മാന്‍മാര്‍, പ്രസിഡന്റുമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. ജപ്പാന്‍ പങ്കാളികള്‍ക്ക് ഖത്വര്‍ ഗ്യാസ് വിരുന്നൊരുക്കിയിരുന്നു.

Latest