Connect with us

Editorial

ജൈവ പച്ചക്കറിയും ഇറക്കുമതി ലോബിയും

Published

|

Last Updated

പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിന് കര്‍മപദ്ധതി തയാറാക്കിക്കൊണ്ടിരിക്കയാണ് സര്‍ക്കാര്‍. കുടുംബ ശ്രീ, അയല്‍ക്കുട്ടങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ സര്‍ക്കാറിന്റെ കൃഷി ഫാമുകളിലും, വ്യവസായ ശാലകളുടെയും എസ്റ്റേറ്റുകളിലെയും തരിശുഭൂമിയിലും കൃഷിയിറക്കാനും 50,000 ലക്ഷം ഹെക്ടറിലേക്ക് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുമാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായി നടപ്പുവര്‍ഷത്തില്‍ തന്നെ 14 ലക്ഷം ഹെട്കര്‍ കൃഷിയിറക്കുമെന്നും പച്ചക്കറികളുടെയും പഴങ്ങളുടെയും വില അഞ്ച് ദിവസത്തിനകം കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഹോര്‍ട്ടികോര്‍പ് റിവോള്‍വിങ് ഫണ്ട് രൂപവത്കരിക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. മികച്ച കര്‍ഷകരും മുന്‍കൃഷി ഉദ്യോഗസ്ഥരും കാര്‍ഷിക മേഖലയിലെ മറ്റു വിദ്ഗധരും ഉള്‍ക്കൊള്ളുന്ന പച്ചക്കറി ക്ലിനിക്കുകളും വിഭാവനം ചെയ്യുന്നുണ്ട്. ഇതിനായി ബജറ്റില്‍ 25 കോടി രൂപ വകയിരുത്തിയതാണ്.
പച്ചക്കറിക്ക് കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ അയല്‍സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. ദിനംപ്രതി 300 ടണ്ണോളം പച്ചക്കറി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നുണ്ട്. ഉത്സവ സീസണില്‍ ഇറക്കുമതിയുടെ അളവ് ഇരട്ടിക്കും. ഈ ഉത്പന്നങ്ങളേറെയും വിഷലിപ്തമാണ്. അതിമാരക കീടനാശികളാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഉപയോഗിച്ചു വരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ മാരക കീടനാശിനികളുടെയും അനിയന്ത്രിതമായ രാസവളത്തിന്റെയും പ്രയോഗം കണ്ടെത്തെിയിരുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഹേതുകമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്ത് മാരക രോഗങ്ങള്‍ വ്യാപകമായതിന് പിന്നില്‍ ഇതിന് വലിയ പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷരഹിത പച്ചക്കറി വ്യാപിപ്പിക്കാനും സംസ്ഥാനത്തെ പച്ചക്കറി സ്വയം പര്യാപ്തതയിലെത്തിക്കാനും ഊര്‍ജിത ശ്രമമാരംഭിച്ചത്.
കേരളം പച്ചക്കറി സ്വയംപര്യാപ്ത പദ്ധതികള്‍ ഊര്‍ജ്ജിതമാക്കിയതോടെ അതിനെ അട്ടിമറിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്യസംസ്ഥാന പച്ചക്കറി ലോബിയും ഇടനിലക്കാരും. തുച്ചവിലക്ക് കേരളത്തിലേക്ക് പച്ചക്കറിയെത്തിച്ചാണ് അവര്‍ വിപണി നിലനിര്‍ത്താനും കേരളത്തിന്റെ പച്ചക്കറി വ്യാപന നീക്കങ്ങളെ അട്ടിമറിക്കാനും ശ്രമിക്കുന്നത്. സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് വില കുത്തനെ ഇടിഞ്ഞത് അന്യസംസ്ഥാന പച്ചക്കറി ലോബിയുടെ ഗൂഢനീക്കങ്ങളെ തുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍. പച്ചക്കറി കൃഷി വ്യാപകമാക്കിയിട്ടും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളപച്ചക്കറി വരവില്‍ കാര്യമായ കുറവ് സംഭവിച്ചട്ടില്ലെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ പച്ചക്കറി വിപണിയില്‍ തമിഴനാടിന്റെയും കര്‍ണാടകയുടെയും പങ്ക് 2015 വരെ 75 ശതമാനമായിരുന്നത് ഇപ്പോള്‍ 78 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് മൊത്ത വിതരണക്കാര്‍ ഇതിനിടെ വ്യക്തമാക്കിയത്. പലപ്പോഴും ഓര്‍ഡര്‍ നല്‍കുന്നതിന്റെ ഇരട്ടി പച്ചക്കറി ലോഡുകള്‍ അന്യസംസ്ഥാന മൊത്തവിതരണക്കാര്‍ കേരളത്തിലേക്ക് കയറ്റി അയക്കുന്നതായി കേരളത്തിലെ കച്ചവടക്കാരും പറയുന്നു. പച്ചക്കറിയുടെ വരവ് വര്‍ധിക്കുന്നതോടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറിയുടെ വില ഇടിയുകയും കര്‍ഷകര്‍ ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയിലെത്തുകയും ചെയ്യും. ഇത് കര്‍ഷകര്‍ ഈ രംഗത്ത് നിന്ന് പിന്‍വാങ്ങാന്‍ ഇടയാക്കും. ഇതാണ് അന്യസംസ്ഥാന പച്ചക്കറിയുടെ കൗശലം. ഇത്തരം ഘട്ടങ്ങളില്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരേണ്ടതുണ്ട്.
ജൈവപച്ചക്കറി കൃഷി വ്യാപകമാകുകയും ഉത്പാദനം മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ അവ കേട് വരാതെ സൂക്ഷിക്കാനുള്ള ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്. പച്ചക്കറി സംഭരണത്തിന് കേരളത്തില്‍ മതിയായ സംവിധാനമില്ല. ഹോര്‍ട്ടി കോര്‍പ്പിന്റെ കീഴിലുള്ള സംഭരണശാലകള്‍ പരിമിതമാണ്. കര്‍ഷകര്‍ കിട്ടുന്ന വിലക്ക് പച്ചക്കറി വിറ്റഴിക്കാന്‍ നിര്‍ബന്ധിതമാകുന്നത് ഇതുകൊണ്ടാണ്. ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ കൂടുതല്‍ സംഭരണശാലകള്‍ സ്ഥാപിക്കുകയും വിലക്കുറവ് അനുഭവപ്പെടുമ്പോള്‍ ന്യായവില നല്‍കി ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നോട്ട് വരികയും വേണം. ജൈവപച്ചക്കറി വ്യാപനത്തിന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും കര്‍ഷകരിലേക്ക് എത്തുന്നില്ലെന്ന പരാതിയുമുണ്ട്. ഇതിന്റെ നല്ലൊരു ഭാഗവും ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുയാണത്രെ. ഇതുകൊണ്ടാണ് പച്ചക്കറി കൃഷി വ്യാപനത്തിനായി കോടികള്‍ നീക്കിവെച്ചിട്ടും മേഖലയില്‍ ആനുപാതികമായി വളര്‍ച്ചയോ ഉല്‍പാദന വര്‍ധനവോ അനുഭവപ്പെടാത്തത്. പദ്ധതികള്‍ക്ക് നീക്കിവെക്കുന്ന തുക ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും അഴിമതിയും ക്രമക്കേടും തടയാന്‍ ശക്തമായ നടപടികളാവിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. സര്‍ക്കാറും ഉദ്യോഗസ്ഥരും കര്‍ഷകരും ഒത്തുപിടിച്ചു മുന്നേറിയെങ്കില്‍ മാത്രമേ ഇത്തരം പദ്ധതികള്‍ ഫലം കാണുകയുള്ളൂ.