Connect with us

Kerala

സുധീര്‍ നമ്പ്യാരുടെ നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: ഇപി ജയരാജന്റെ ബന്ധു സുധീര്‍ നമ്പ്യാരെ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുനിയമന വിവാദത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവാദ നിയമനങ്ങള്‍ തന്റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല. താന്‍ അറിയേണ്ട കാര്യവുമില്ല. നിയമനങ്ങള്‍ വകുപ്പ് മന്ത്രി അറിഞ്ഞാല്‍ മതിയെന്നും പിണറായി വിശദീകരിച്ചു.

യുഡിഎഫ് സര്‍ക്കാറിന്റെ നടപടികളേയും മുഖ്യമന്ത്രി പരിഹസിച്ചു. കുറ്റക്കാരെന്ന് ആരോപിച്ചാല്‍ തെളിവ് കൊണ്ടുവരാനായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. തെളിവ് കൊടുത്താല്‍ കോടതി തീരുമാനിക്കട്ടെ എന്നും കോടതി വിമര്‍ശിച്ചാല്‍ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും ജനങ്ങള്‍ തള്ളിയാല്‍ മനഃസാക്ഷിയെയാണ് വിശ്വാസമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നത്. അത്തരത്തിലുള്ള ഒരു ഒഴിവു കഴിവും തങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.