Connect with us

Editorial

വിദ്വേഷത്തിന്റെ തീപ്പൊരികള്‍

Published

|

Last Updated

കേരളത്തിലെ മതസഹിഷ്ണുത രാജ്യത്തിനു മാതൃകയാണെന്നാണ് കൊടുങ്ങല്ലൂര്‍ മുസിരിസ് പൈതൃക പദ്ധതിയുടെ ഒന്നാംഘട്ടം രാജ്യത്തിന് സമര്‍പ്പിക്കവെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസ്താവിച്ചത്. എല്ലാ പാരമ്പര്യത്തെയും മതവിശ്വാസത്തെയും സ്വാഗതം ചെയ്യുന്ന നാടാണ് കേരളം. ഇവിടെ സൗഹാര്‍ദത്തോടെ വസിക്കാനുള്ള സാധ്യത രാജ്യത്തേക്കു കടന്നുവന്ന വിവിധ മതങ്ങളും സംസ്‌കാരങ്ങളും പകര്‍ന്നുനല്‍കിയിട്ടുണ്ടെന്നും അവയെല്ലാം കേരളജനത നിലനിര്‍ത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം സന്ദര്‍ശിച്ച പല പ്രമുഖരും കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെയും വാനോളം പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍, ഈ പാരമ്പര്യത്തിനും പെരുമക്കും നിരക്കാത്ത പ്രസ്താവനകളും പ്രസംഗങ്ങളുമാണ് അടുത്ത കാലത്തായി പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
സംഘ്പരിവാര്‍ സൈദ്ധാന്തികനും ഹിന്ദുത്വ പ്രചാരകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ അടുത്ത ദിവസം മുസ്‌ലിംകളെയും മലപ്പുറത്തെയും ആക്ഷേപിക്കുന്ന ഒരു പ്രസംഗം യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയുണ്ടായി. സംസ്ഥനത്ത് ഏറ്റവും കൂടുതല്‍ എം എല്‍ എമാര്‍ ഉള്ള ജില്ല മലപ്പുറമായത് അവിടെ മുസ്‌ലിം സ്ത്രീകള്‍ പന്നികളെ പോലെ പ്രസവിക്കുന്നത് കൊണ്ടാണെന്നും ഇസ്‌ലാം മതത്തിന്റെ പേരില്‍ രൂപവത്കരിച്ച ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം ആരോപിക്കുന്നു. മുസ്‌ലിംകള്‍ രണ്ടും മൂന്നും സ്ത്രീകളെ വിവാഹം ചെയ്തു മക്കളെ പെരുപ്പിക്കുകയാണത്രേ. തികച്ചും അടിസ്ഥാന രഹിതമാണ് ഈ ആരോപണമെന്നതിനു പുറമെ മതവിദ്വേഷം വമിപ്പിക്കുന്നതുമാണ്. രാജ്യത്ത് ബഹുഭാര്യത്വം മുസ്‌ലിംകളേക്കാള്‍ ഭൂരിപക്ഷ സമുദായത്തിലാണെന്നു ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും മറ്റും നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണ്. മുസ്‌ലിംകളില്‍ ചുരുക്കം ചിലര്‍ നിയമവിധേയമായി ഒന്നിലധികം വിവാഹം ചെയ്യുമ്പോള്‍ മറ്റു പലരും നിയമവിരുദ്ധമായി രണ്ടും മൂന്നും സ്ത്രീകളെ കൂടെ പൊറുപ്പിക്കുകയാണ്.
സംഘ്പരിവാര്‍ തീപ്പൊരിയായ ശശികല ടീച്ചര്‍ വിദ്വേഷ പ്രസംഗം തുടര്‍ന്നു കൊണ്ടിരിക്കയാണ്. ന്യൂനപക്ഷ മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുന്നതിനും സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കുന്നതുമാണ് അവരുടെ പ്രസംഗം. കടലില്‍ മറ്റു സമുദായക്കാര്‍ ഹിന്ദുക്കളെ മീന്‍പിടിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അടുത്ത ദിവസം ആറ്റിങ്ങലില്‍ അവര്‍ നടത്തിയ പ്രസ്താവന വന്‍ വിവാദമായതാണ്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ് ഈ പച്ചക്കളം തട്ടിവിട്ടതിലൂടെ ലക്ഷ്യം. നേരന്ദ്ര മോദി സര്‍ക്കാര്‍ അധികാത്തിലേറിയതോടെ രാജ്യത്തുടനീളം ഹിന്ദുത്വരുടെ വര്‍ഗീയ പ്രസ്താവനകള്‍ വ്യാപകമായിട്ടുണ്ട്. വി എച്ച് പി നേതാവ് സാധ്വി പ്രാച്ചി, ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്, ബി ജെ പി നേതാക്കളായ ഗിരിരാജ് സിംഗ്, മഹേഷ്ശര്‍മ, സാക്ഷി മഹാരാജ് തുങ്ങി പലരും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി അടിക്കടി വിദ്വേഷ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതായിരിക്കണം കേളത്തിലെ സംഘ്പരിവാര്‍ നേതാക്കള്‍ക്ക് പ്രചോദനം. ഭാരതീയ സംസ്‌കൃതിയുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇവര്‍, പരസ്പരം ഉള്‍ക്കൊള്ളാനും ആദരിക്കാനും അഭിപ്രായവ്യത്യാസങ്ങളെ ബഹുമാനിക്കാനുമാണ് ഭാരതീയമൂല്യങ്ങള്‍ പഠിപ്പിക്കുന്നതെന്ന വസ്തുത മനഃപൂര്‍വം വിസ്മരിക്കുകയാണ്.
ഇതിനിടെയാണ് കോഴിക്കോട്ടെ മുജാഹിദ് നേതാവും സലഫി പ്രചാരകനുമായ ശംസുദ്ദിന്‍ പാലത്തിന്റെ പ്രസംഗം ചര്‍ച്ചയായിത്. മുസ്‌ലിംകളല്ലാത്തവരോട് ചിരിക്കരുത്, സ്ഥാപനങ്ങളില്‍ ഇതരമതസ്ഥരെ ജോലിക്ക് നിര്‍ത്തരുത്, അമുസ്‌ലിം കലണ്ടര്‍ ഉപയോഗിക്കരുത് എന്നിങ്ങനെ പോകുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ഇത്തരം വാദങ്ങള്‍ക്ക് ഖുര്‍ആനിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സി ഡി പരിശോധിച്ച പോലീസ് ഇയാള്‍ക്കെതിരെ യു എ പി എ ചുമത്തി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ സമുദായങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളെക്കുറിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കാനേ ഇത്തരം പ്രസംഗങ്ങള്‍ സഹായിക്കുകയുള്ളൂ. വിവിധ പേരുകളിലറിയപ്പെടുന്ന മുജാഹിദ് ധാരയുടെയും മൗദൂദി സാഹിത്യങ്ങളുടെയും വിവേകശൂന്യമായ നിലപാടുകളും പ്രസ്താവനകളുമാണല്ലോ രാജ്യത്ത് മുസ്‌ലിംകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ വലിയൊരളവില്‍ ഇടയാക്കിയത്.
വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് നിയമത്തില്‍ വ്യവസ്ഥകളുണ്ട്. അത് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്ന് മാത്രം. നിയമമില്ലാത്തതല്ല, അത് വേണ്ടവിധത്തില്‍ നടപ്പാക്കാത്തതാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും വിദ്വേഷ പ്രസംഗകര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അധികാരമുണ്ടെന്നും 2014 മാര്‍ച്ചില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതാണ്. മതസഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷമാകാതിക്കാന്‍ ഇത്തരം പ്രഭാഷകരെയും വര്‍ഗീയ പ്രചാരകരെയും കടിഞ്ഞാണിടേണ്ടതുണ്ട്. സര്‍ക്കാറും ഔദ്യോഗിക സംവിധാനവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Latest