Connect with us

Kerala

സ്വകാര്യ വൃദ്ധസദനങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യവൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാതലങ്ങളില്‍ ലഭിക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ആര്‍ ഡി ഒമാര്‍ കാലതാമസംവരുത്തുന്നത് വസ്തുതയാണെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിക്ക് സര്‍ക്കാര്‍ ശിപാര്‍ശ നല്‍കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. എം കെ മുനീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും.
വയോജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജാഗ്രതാസമിതികള്‍ രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് വീണ്ടും കൊണ്ടുവരുന്നകാര്യം ചര്‍ച്ചയുടെ ഭാഗമായി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. വയോജനങ്ങളുടെ പ്രശ്‌നം പഠിക്കുന്നതിനും മാര്‍ഗരേഖ തയ്യാറാക്കുന്നതിനും സാമൂഹികനീതി വകുപ്പ് പ്രത്യേക സംഘത്തെയും നിയോഗിച്ചു. ഇവരുടെ നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കും. സാമൂഹികനീതി വകുപ്പിന് കീഴില്‍ 16 വൃദ്ധസദനങ്ങളും 78 ചില്‍ഡ്രന്‍സ് ഹോമുകളുമാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ആകെ 577 വൃദ്ധസദനങ്ങളാണ് രജിസ്്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 17,337 പേരാണ് താമസിക്കുന്നത്. വ്യക്തമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം വൃദ്ധസദനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്.
പല സ്ഥാപനങ്ങളും ഇത് ലംഘിക്കുന്നതായാണ് മനസ്സിലാക്കുന്നത്. സര്‍ക്കാറിന് കീഴിലുള്ള വൃദ്ധസദനങ്ങള്‍ ആധുനികവല്‍ക്കരിക്കും. പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കി സ്വകാര്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തും. പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍.
കുടുംബക്കാരില്‍നിന്നുതന്നെയാണ് പലര്‍ക്കും പീഡനം ഏല്‍ക്കേണ്ടിവരുന്നത് എന്നത് ഖേദകരമാണ്. വയോജനങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാനത്ത് വയോജനനയം നടപ്പാക്കിയിട്ടുണ്ടെങ്കിലും പൂര്‍ണതോതില്‍ ഇത് പ്രാവര്‍ത്തികമായിട്ടില്ല. സംസ്ഥാന സാമൂഹികസുരക്ഷാമിഷന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പുമായി സഹകരിച്ച് വയോജനങ്ങളുടെ സംരക്ഷണത്തിനായി പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വയോജനങ്ങളുടെ രോഗപ്രതിരോധം, ചികില്‍സയ്ക്കായി വയോമിത്രം പദ്ധതി, എല്ലാ ആശുപത്രികളിലും ജീറിയാട്രിക് വാര്‍ഡ്, പ്രത്യേക ചികില്‍സാ മാര്‍ഗരേഖ എന്നിവയാണ് നടപ്പാക്കുന്നത്.
കീഴ്തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി രൂപീകരിച്ച ജില്ലാകലക്ടര്‍ ചെയര്‍മാനായ സമിതിയെ ശക്തിപ്പെടുത്തും.
കുറ്റകരമായ അനാസ്ഥകാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Latest