Connect with us

Ongoing News

ചരിത്രമെഴുതി ഛേത്രിയും സംഘവും;എ എഫ് സി കപ്പില്‍ ബെംഗളുരു എഫ് സി ഫൈനലില്‍

Published

|

Last Updated

ബെംഗളുരു: ഇന്ത്യന്‍ ഫുട്‌ബോളിന് ഏഷ്യയില്‍ ശക്തമായൊരു മേല്‍വിലാസം, അതായിരുന്നു ഇന്നലെ എ എഫ് സി കപ്പില്‍ സംഭവിച്ചത്. ആദ്യമായി ഒരു ഇന്ത്യന്‍ ക്ലബ്ബ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍സ് (എ എഫ് സി) കപ്പിന്റെ ഫൈനലില്‍. നാട്ടുകാരെ സാക്ഷിയാക്കി ബെംഗളുരു എഫ് സിയാണ് ചരിത്രം കുറിച്ച് ഫൈനലില്‍ ഇടം നേടിയത്. മലേഷ്യന്‍ ക്ലബ്ബായ ജൊഹൊര്‍ ദാറുല്‍ ടാസിമിനെ രണ്ടാം പാദം സെമിഫൈനലില്‍ 3-1ന് തകര്‍ത്തെറിഞ്ഞു ഇന്ത്യന്‍ ക്ലബ്ബ്. ഇരുപാദത്തിലുമായി 4-2ന് ജയം. ആദ്യപാദം മലേഷ്യയില്‍ 1-1ന് ഡ്രോ പിടിച്ച ബെംഗളുരു ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ഹോംഗ്രൗണ്ടില്‍ 3-1ന് അവിസ്മരണീയ ജയമാണ് നേടിയത്.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ (41, 66) നേടി വിജയശില്പിയായി.
എഴുപത്തഞ്ചാം മിനുട്ടില്‍ ജുവാനന്‍ ഹെഡറിലൂടെ മൂന്നാം ഗോള്‍ നേടി. പതിനൊന്നാം മിനുട്ടില്‍ സഫീഖ് റഹീമിലൂടെ ആദ്യം ഗോളടിച്ചത് ജെ ഡി ടി എഫ് സിയാണ്. നിലവിലെ ചാമ്പ്യന്‍മാര്‍ 2-1ന് ഇരുപാദ സ്‌കോറിംഗില്‍ മുന്നിലെത്തിയതോടെ ഇന്ത്യക്കാര്‍ ഞെട്ടി. എന്നാല്‍, ഛേത്രിയിലൂടെ ബെംഗളുരു ചരിത്രപരമായ തിരിച്ചുവരവ് നടത്തി.
നവംബര്‍ അഞ്ചിന് നടക്കുന്ന ഫൈനലില്‍ ഇറാഖ് ക്ലബ്ബിനെ നേരിടും.
ബാഴ്‌സലോണയെ പോലെ കളിക്കും എന്നായിരുന്നു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മത്സരത്തിന് മുമ്പ് പറഞ്ഞത്. ഏറെക്കുറെ ബോള്‍ പൊസിഷനിംഗില്‍ ബാഴ്‌സയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബെംഗളുരുവിന്റെ കളി.
കോച്ച് ആല്‍ബര്‍ട്ട് റോക്കയുടെ ടീം ആത്മവിശ്വാസമുള്ള കളിയാണ് കാഴ്ചവെച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ ജെ ഡി ടി എഫ് സിക്കെതിരെ ഭയമില്ലാതെ കളിക്കുവാനാണ് തുടക്കം മുതല്‍ ആതിഥേയര്‍ ശ്രമിച്ചത്. എവേ മാച്ചില്‍ 5-3-2 ഫോര്‍മേഷന്‍ സ്വീകരിച്ച കോച്ച് ആല്‍ബര്‍ട്ടോ റോക ഇന്നലെ ഹോംഗ്രൗണ്ടില്‍ 4-4-3 ശൈലിയില്‍ ആക്രമിച്ചു കയറി. ഗോള്‍ വല കാത്തത് അമരീന്ദര്‍ സിംഗായിരുന്നു. സെന്‍ട്രല്‍ ഡിഫന്‍സില്‍ ജോണ്‍ ജോണ്‍സനും യുവാനനും. വിംഗ് ബാക്കുകളില്‍ റിനോ ആന്റോയും നിഷു കമാറും. എതിര്‍ നീക്കങ്ങള്‍ തടയാന്‍ ഡീപ് മിഡ്ഫീല്‍ഡില്‍ കാമറോണ്‍ വാട്‌സന്‍. പ്ലേമേക്കര്‍ റോളില്‍ അല്‍വാരോ റുബിയോ. ബോക്‌സ് ടു ബോക്‌സ് മിഡ്ഫീല്‍ഡറായി യുഗെന്‍സന്‍ ലിംഗ്‌ദോ. സുനില്‍ ഛേത്രി, സി കെ വിനീത്, ആല്‍വിന്‍ ജോര്‍ജ് അറ്റാക്കിംഗ് ത്രയങ്ങള്‍.
ജെ ഡി ടി നിരയില്‍ മൂന്ന് മാറ്റങ്ങളാണ് മരിയോ ഗോമസ് വരുത്തിയത്. സെയ്‌നല്‍, സഫീ സാലി, കുനന്‍ലാല്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു.
തുടക്കത്തില്‍ തന്നെ ഫ്രീകിക്കുകള്‍ നേടിയെടുത്ത് ബെംഗളുരു എഫ് സി നയം വ്യക്തമാക്കി. പതിനൊന്നാം മിനുട്ടില്‍ സന്ദര്‍ശക ടീം ഞെട്ടിച്ചു കൊണ്ട് ഗോള്‍ നേടി. സഫീ സാലി തൊടുത്ത വലങ്കാലന്‍ ഷോട്ട് ഗോളി അമരീന്ദറിന് താങ്ങാവുന്നതിലും കനത്തിലായിരുന്നു. ബ്ലോക്ക് ചെയ്ത പന്ത് അമരീന്ദറിന്റെ തലക്ക് മുകളിലൂടെ വലയിലേക്ക്. ക്ലിയര്‍ ചെയ്യാന്‍ ജോണ്‍സന്‍ ശ്രമിക്കുന്നതിനിടെ റഹീം കുതിച്ചെത്തി ഹെഡറിലൂടെ ഗോളാക്കി. നാല്‍പ്പത്തൊന്നാം മിനുട്ടില്‍ ലിംഗ്‌ദോയുടെ കോര്‍ണര്‍ കിക്കില്‍ ഛേത്രിയുടെ ഹെഡര്‍ ഗോളില്‍ സമനില.
അറുപത്തെട്ടാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് വെച്ച് ഛേത്രി നേടിയ ഗോള്‍ എതിര്‍ ഗോളി ഇസാമിനെ പൂര്‍ണായും കാഴ്ചക്കാരനാക്കി. മനോഹരമായ ലോംഗ് റേഞ്ചര്‍. ബെംഗളുരുവിന് അനിഷേധ്യ ലീഡ് സമ്മാനിച്ചു ഛേത്രി. വിനീതുമായി മികച്ച ഒത്തിണക്കം കാണിച്ച ഛേത്രിക്ക് ഹാട്രിക്ക് നേടാന്‍ അവസരമുണ്ടായിരുന്നു.
എഴുപത്തഞ്ചാം മിനുട്ടില്‍ ലിംഗ്‌ദോയുടെ ഫ്രീകിക്ക് ബോള്‍ ഹെഡ് ചെയ്ത് ജുവാനന്‍ വല കുലുക്കിയതോടെ മലേഷ്യന്‍ ടീമിന്റെ സാധ്യതകള്‍ അവസാനിച്ചു.